×

ചേലാകര്‍മ്മം വേണെന്ന്‌ അഭിഷേക്‌ സിങ്ങ്വി കോടതിയില്‍- സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ചേലാകര്‍മം ഒരുപോലെ കാണാനാവില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ചേലാകര്‍മത്തെ ഒരുപോലെ കാണാനാവില്ലെന്ന് സുപ്രിംകോടതി. ആണുങ്ങളുടെ ചേലാകര്‍മം (സുന്നത്ത് കര്‍മം) നിര്‍വഹിക്കുന്നത് ആശുപത്രികളില്‍ വച്ചാണ്. അതിന് ചില ശാസ്ത്രീയഗുണങ്ങളും ഉണ്ട്. എന്നാല്‍ സ്ത്രീകളുടെ ചേലാകര്‍മം പ്രാകൃതരീതിയില്‍ പലപ്പോഴും വീട്ടില്‍ വച്ചുതന്നെയാണ് നടത്തുന്നത്.

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ അമ്മയല്ലാത്ത മറ്റൊരാള്‍ സ്പര്‍ശിക്കുകയാണെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ സുനിതാ തിവാരി നല്‍കിയ ഹരജി പരിഗണിക്കവെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.

കേസില്‍ സ്ത്രീ ചേലാകര്‍മത്തെ അനുകൂലിക്കുന്ന ശീഈ സംഘടനക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി, സ്ത്രീകളുടെ ചേലാകര്‍മത്തെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തിനുള്ള വിലക്കിനെയും ഒരുപോലെ കാണമെന്ന് ആവശ്യപ്പെട്ടു. രണ്ടും വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ആണുങ്ങളുടെ സുന്നത്ത് കര്‍മം ആകാമെങ്കില്‍ സ്ത്രീകളുടെ ചേലാകര്‍മവും ആവാമെന്നും വാദിച്ചു. ഇതോടെയാണ് ആണുങ്ങളുടെതും പെണ്ണുങ്ങളുടെതും ഒരുപോലെയാണെന്ന വാദം ജസ്റ്റിസ് ചന്ദ്രചൂഡ് തള്ളിയത്.

Related image

മുസ്‌ലിം സമുദായത്തിലെ ഏറ്റവും പുരോഗമന, വിദ്യാസമ്ബന്നരായ വിഭാഗമാണ് ദാവൂദി ബോറകള്‍ എന്നും അവര്‍ക്കിടയിലാണ് ഈ ആചാരമുള്ളതെന്നും പറഞ്ഞ സിങ്‌വി, ആചാരമെന്ന നിലയ്ക്ക് അത് തുടരാന്‍ അവരെ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഇടപെട്ട ജസ്റ്റിസ് ചന്ദ്രചൂഡ്, ചേലാകര്‍മത്തിന് വിധേയമാക്കുമ്ബോള്‍ പെണ്‍കുട്ടികളുടെ മാനസികാഘാതത്തെ കുറിച്ചു ചോദിച്ചു. വീട്ടില്‍ വച്ച്‌ ഇത് എങ്ങിനെ നിങ്ങള്‍ നടപ്പാക്കും. ഇത് ചെയ്യുമ്ബോള്‍ കുട്ടികള്‍ കരഞ്ഞുനിലവിളിക്കില്ലേ? ഈ സമയം കുട്ടികളെ അനസ്തീഷ്യയോ മറ്റു മയക്കുഗുളികയോ നല്‍കാതെ ബലംപ്രയോഗിച്ചു ഇരുത്തുകയാണ് ചെയ്യുന്നതെന്നും ഇതു പ്രാകൃതമാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

ഈ സമയം, സ്ത്രീകളുടെ ചേലാകര്‍മം ആശുപത്രികളില്‍ വച്ചു മാത്രമേ നടത്തൂവെന്ന് ഉറപ്പുതരാമെന്ന് അഭിഷേക് സിങ്‌വി അറിയിച്ചു. കോടതിക്കുള്ള പ്രത്യേക അധികാരം സംബന്ധിച്ച 142-ാം വകുപ്പ് പ്രകാരം ഇത്തരത്തില്‍ കോടതി ഉത്തരവിടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നു ചോദിച്ച ചീഫ്ജസ്റ്റിസ്, അതെങ്ങിനെ സാധ്യമാവുമെന്നും ആരാഞ്ഞു. ഡോക്ടര്‍മാരോട് ഇങ്ങിനെ നിര്‍ദേശം നല്‍കാന്‍ അതിനുപിന്നിലെ ശാസ്ത്രീയഗുണങ്ങള്‍ എന്താണെന്നും കോടതി ചോദിച്ചു. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നത് വൈധ്യശാസ്ത്ര ധാര്‍മികതക്ക് (മെഡിക്കല്‍ എത്തിക്‌സ്) എതിരാണെന്നും കോടതി പറഞ്ഞു.

നിര്‍ത്തലാക്കിയ ഹൈന്ദവ ആചാരങ്ങളായ സതി, ദേവദാസി എന്നിവ പോലെ സ്ത്രീകളുടെ ചേലാകര്‍മവും നിരോധിക്കണമെന്നും ഈ നടപടി സ്ത്രീകളുടെ മൗലികാവകാശത്തില്‍പ്പെട്ട സ്വകാര്യതയിലേക്ക് ഉള്ള കടന്നുകയറ്റമാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളില്‍ നിരോധിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീചേലാകര്‍മം ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാംദിവാന്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന നേരത്തെ സ്ത്രീചേലാകര്‍മം ഇല്ലാതാക്കണമെന്ന് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്‌.ഒ) ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് സ്ത്രീചേലാകര്‍മം എങ്ങിനെയെല്ലാം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നു വിശദീകരിക്കുന്നുണ്ടെന്നും ശ്യാംദിവാന്‍ ചൂണ്ടിക്കാട്ടി. ഈ മാസം ഒമ്ബതിന് കേസില്‍ വീണ്ടും വാദംകേള്‍ക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top