” തദ്ദേശ തിരഞ്ഞെടുപ്പ് വരെ സുധാകരന്‍ തന്നെ തുടരട്ടെ തൃശൂരില്‍ പോകേണ്ട കാര്യമില്ലായിരുന്നു.” – കെ മുരളീധരന്‍
കോഴിക്കോട്: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലിയുള്ള തമ്മലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍.
പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ വച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കന്നതാണെന്നും ഇത്രയും സഹായിച്ച പാര്‍ട്ടിയെ തള്ളിപ്പറയുന്നത് മുരളീധരന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കഴിഞ്ഞു, തൃശൂരില്‍ അപ്രതീക്ഷിതമായ തോല്‍വി ഉണ്ടായി. ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരാന്‍ പോകുകകയാണ്. അതിന്റെ പേരില്‍ തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് ബാധിക്കും. ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദുഃഖങ്ങള്‍ മറികടന്നുകൊണ്ട് എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണം. കഴിഞ്ഞത് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമാക്കരുത്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം’- മുരളീധരന്‍ പറഞ്ഞു.
പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാവൂ. എപ്പോഴും പ്രതികരിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. അപ്രതീക്ഷിതമായ തോല്‍വിയുണ്ടായാല്‍ പ്രവര്‍ത്തകരില്‍ ചില വികാരങ്ങള്‍ ഉണ്ടാകും. അവിടെ കണ്ടത് തോറ്റതിന്റെ വികാര പ്രകടനനമാണ്. അതിനെ ആ രീതിയില്‍ മാത്രം കണ്ടാല്‍ മതി. അടിയും പോസ്റ്റര്‍ യുദ്ധവും പാര്‍ട്ടിക്ക് നല്ലതല്ല. താന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കള്‍ ഉണ്ട്. പൊതുരംഗത്തുനിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും ലോക്കല്‍ ബോഡി ഇലക്ഷനില്‍ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേക്ക് ഇല്ലെന്നും ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്നും രാജ്യസഭയിലേക്ക് ഒരുതരത്തിലും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരന്‍ തുടരണം. ഇപ്പോള്‍ അദ്ദേഹത്തെ മാറ്റാന്‍ പാടില്ല. കോണ്‍ഗ്രസിന് ഇത്രയും നല്ല റിസല്‍ട്ട് കിട്ടി എന്നുപറഞ്ഞാണോ അദ്ദേഹത്തെ മാറ്റുകയെന്നും മുരളീധരന്‍ ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പുവരെ അദ്ദേഹം തുടരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.
തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടില്‍ വിള്ളലുണ്ടായി. ഒരു കേന്ദ്രമന്ത്രി വന്നാല്‍ അത് ഗൂണകരമാകുമെന്ന് അവിടുത്തെ യുവതലമുറ വിചാരിച്ചുകാണും. തോല്‍വിയില്‍ ഒരാള്‍ക്കെതിരെയും ഒരുപരാതിയും ആരോടും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. ഇതിന്റെ പേരില്‍ ഒരു അന്വേഷണ കമ്മീഷനെ വയ്ക്കരുതെന്നും അങ്ങനെ വന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അവിടെ ആരൊക്കെ കള്ളക്കളി കളിച്ചു എന്നത് ജനങ്ങള്‍ക്ക് അറിയാം. ജനം ഭാവിയില്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
തൃശൂരില്‍ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്