ഇടുക്കി ജില്ലയില്‍ യുഡിഎഫുമായുള്ള സഹകരണം അവസാനിപ്പിച്ചു – മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി
തൊടുപുഴ: മുസ്‌ലിം ലീഗിനെപ്പോലെ വിശ്വസ്തതയുള്ള രാഷ്ട്രീയ പങ്കാളിയെ വഞ്ചിച്ചും ഓഴിവാക്കിയും അവിഹിത ബാന്ധവത്തിലൂടെ ചെയര്‍മാന്‍ സ്ഥാനം സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തിന്റെ സ്വാഭാവികമായ തിരിച്ചടിയാണ് തൊടുപുഴ നഗരസഭയിലുണ്ടായതെന്ന് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി.
കോണ്‍ഗ്രസിന്റെ മുന്നണി മര്യാദ ലംഘനത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു.ഡി.എഫുമായുള്ള സഹകരണം തല്‍ക്കാലം അവസാനിപ്പിക്കുകയാണന്ന് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വരെയും ധാരണ നിലനിര്‍ത്താന്‍ ലീഗ് ശ്രമിച്ചതാണ്
. പക്ഷെ ലീഗില്ലെങ്കിലും വിജയിക്കും എന്ന ധാര്‍ഷ്ഢ്യമാണ് കോണ്‍ഗ്രസ് നേതൃത്വംപ്രകടിപ്പിച്ചത്.
സൗഹാര്‍ദ്ദ മല്‍സരം നടത്തി അവസാനിപ്പിക്കാം എന്ന് കരുതിയ ലീഗിന്റെ നിലപാട് അവസാന റൗണ്ടില്‍ മാറേണ്ടി വന്നത് കോണ്‍ഗ്രസിന്റെയും ജോസഫ് ഗ്രൂപ്പ് കൗണ്‍സിലറുടെയും കള്ളക്കളി ബോധ്യപ്പെടുത്തുന്നതാണ്.
ഇടതു മുന്നണിയിലെ ഒരാളുടെ വോട്ടുവാങ്ങിയും ഒമ്പതാം വാര്‍ഡിലെ ലീഗ് കൗണ്‍സിലറെ വരുതിയിലാക്കിയും ഇടതുമുന്നണിയിലെ രണ്ട് പേരെ മാറ്റി നിര്‍ത്തിയും ലീഗിനെ ഒഴിവാക്കി സാമര്‍ഥ്യം കാണിച്ച് ജയിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുസ് ലിം ലീഗ് കൗണ്‍സിലര്‍മാര്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ടുചെയ്യാന്‍ കാരണമായത്.
എക്കാലവും യു ഡി എഫിന് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ള ലീഗിന് ഈ വഞ്ചന അംഗീകരിക്കാനാവില്ല.
നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ വില കുറഞ്ഞ ആരോപണത്തിന് മറുപടി പറയുന്നില്ല. ലീഗ് ആരുടെയും ചിലവിലല്ല കഴിയുന്നതെന്നും യുഡിഎഫ് വിജയങ്ങള്‍ക്ക് പിന്നില്‍ മുസ് ലിം ലീഗിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ടന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍, ജന.സെക്രട്ടറി കെ എസ് സിയാദ്, ട്രഷറര്‍ ടി കെ നവാസ്, സെക്രട്ടറിമാരായ പി എന്‍ സീതി, കെ എം സലിം, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം എ കരിം എന്നിവര്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്