കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി , ഭാരം ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി 10 പൈസ വീതം കൂട്ടും
തിരുവനന്തപുരം: ആഭ്യന്തര വൈദ്യുതോല്‍പാദനം വർധിപ്പിക്കാൻ കാര്യക്ഷമമായി ഇടപെടാതെ ഇരുട്ടില്‍തപ്പുന്ന കെ.എസ്.ഇ.ബി നിരക്ക് വർധനക്കായി ഉന്നയിക്കുന്നത് നഷ്ടക്കണക്കുകളുടെ പട്ടിക.
30 ശതമാനത്തില്‍ താഴെയുള്ള ആഭ്യന്തര ഉല്‍പാദനം മൂലമുള്ള അധിക വൈദ്യുതി വാങ്ങല്‍ ഭാരം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ വിശദമായ കണക്കാണ് റെഗുലേറ്ററി കമീഷന് മുന്നില്‍ കെ.എസ്.ഇ.ബി സമർപ്പിക്കാറുള്ളത്.
അടുത്ത മൂന്നു വർഷത്തേക്കുള്ള നിരക്ക് വർധന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം റെഗുലേറ്ററി കമീഷന് നല്‍കിയ അപേക്ഷയിലും നഷ്ടക്കണക്കുകള്‍ ആവർത്തിക്കുന്നു. യൂനിറ്റിന് 30 പൈസയുടെ വരെ വർധനയിലൂടെ 2024-25ല്‍ 811.20 കോടിയുടെയും 2025-26 ല്‍ 551.26 കോടിയുടെയും 2026-27ല്‍ 53.82 കോടിയുടെയും വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന ‘സമ്മർ താരിഫി’ലൂടെ ലക്ഷ്യമിടുന്നത് 2024-25ല്‍ 111.08 കോടിയുടെയും 2025-26 ല്‍ 116.34 കോടിയുടെയും 2026-27ല്‍ 122.08 കോടിയുടെയും വരുമാനമാണ്.
നിലവില്‍ ഇന്ധന സർചാർജായി യൂനിറ്റിന് 19 പൈസ വരെ ഈടാക്കുന്ന സാഹചര്യത്തില്‍ സമ്മർ താരിഫായി ജനുവരി മുതല്‍ മേയ് വരെ യൂനിറ്റിന് 10 പൈസകൂടി പിരിക്കാനുള്ള നിർദേശം റെഗുലേറ്ററി കമീഷൻ തെളിവെടുപ്പില്‍ ഉപഭോക്താക്കളുടെ സംഘടനകള്‍ ശക്തമായി എതിർക്കാനാണ് സാധ്യത.
ജലവൈദ്യുത മേഖലയിലടക്കം തുടങ്ങിവെച്ച പദ്ധതികള്‍ വർഷങ്ങള്‍ കഴിഞ്ഞിട്ടും പൂർത്തീകരിക്കാതെ അമിത വിലക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കാനുള്ള ശ്രമം തെളിവെടുപ്പില്‍ ചോദ്യം ചെയ്യപ്പെടും. ഈ മാസം അവസാനത്തോടെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താനാണ് സാധ്യത.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്