ഉപയോഗിച്ചില്ല, വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന് ചെലവിട്ടത് 7.2 കോടി; കരാര്‍ പുതുക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 7.20 കോടി രൂപ. പൊതു ആവശ്യങ്ങള്‍ക്ക് പുറമെ ദുരിതാശ്വാസ പ്രവർത്തനത്തിനും എയർ ആംബുലൻസായും അവയവ കൈമാറ്റത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത് എന്നാണ് പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരങ്ങളില്‍ പറയുന്നത്.
വിവരാവകാശ നിയമപ്രകാരമാണ് വിവരങ്ങള്‍ തേടിയത്.
2023 സെപ്റ്റംബർ 20 മുതലാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തു തുടങ്ങിയത്. ജി.എസ്.ടി. ഉള്‍പ്പെടെ മാസം 80 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവഴിക്കേണ്ടത്. ഡല്‍ഹി ആസ്ഥാനമായ ചിപ്സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്ബനിയില്‍നിന്നാണ് ഹെലികോപ്ടർ വാടകക്കെടുത്തിരുന്നത്. മാസം 25 മണിക്കൂർ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം വാടക നല്‍കണം എന്നാണ് വ്യവസ്ഥയില്‍ പറയുന്നത്.
എന്നാല്‍, 20/09/2023 മുതല്‍ 19/06/2024 വരെയുള്ള ഒമ്ബത് മാസത്തെ കാലയളവിനിടയില്‍ എത്രതവണ ഹെലികോപ്ടർ ഉപയോഗിച്ചുവെന്ന് സർക്കാർ മറുപടി നല്‍കിയില്ല. പോലീസ് വകുപ്പാണ് ഹെലികോപ്ടറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ എത്ര തവണ ഹെലികോപ്ടർ ഉപയോഗിച്ചു എന്ന ചോദ്യത്തിന് എല്ലാ മാസവും നിശ്ചിത മണിക്കൂർ സമയപരിധി പാലിച്ചുകൊണ്ട് ഹെലികോപ്ടറിന്റെ സേവനം വിനിയോഗിക്കുന്നുണ്ടെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി.
അത്യാവശ്യ ഘട്ടങ്ങളില്‍ എയർ ആംബുലൻസായും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കും ഉപയോഗിക്കാനും കൂടിയാണ് ഹെലികോപ്റ്റർ വാങ്ങിയതെന്ന് മറുപടിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ കാലയളവിലാണ് വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഈ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് ഹെലികോപ്ടർ ഉപയോഗിച്ചിരുന്നതായി വിവരങ്ങളില്ല.
പൈലറ്റ് ഉള്‍പ്പടെ പതിനൊന്നു പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ഹെലികോപ്ടർ ഏതൊക്കെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നതാണ് മറുപടിയിലുള്ളത്. എന്നാല്‍, ഏതൊക്കെയാണ് ആ പൊതു ആവശ്യങ്ങളെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏഴ് കോടി ഇരുപത് ലക്ഷം രൂപ ഒമ്ബത് മാസത്തിനിടെ ഹെലികോപ്ടറിന് വേണ്ടി വാടക അടക്കം സർക്കാർ ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ ഹെലികോപ്ടർ എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടില്ല. ഒഴുക്കൻ മട്ടില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എല്ലാ മാസവും നിശ്ചിത മണിക്കൂർ സമയപരിധി പാലിച്ചുകൊണ്ട് ഹെലികോപ്ടറിന്റെ സേവനം വിനിയോഗിക്കുന്നുണ്ട് എന്നാണ് മറുപടി. അതേസമയം, നിലവിലെ കരാർ പുതുക്കി വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് തുടരാനാണ് ശ്രമം.
നേരത്തെ കോവിഡ് പ്രതിസന്ധിക്കിടെ 2020-ല്‍ ആദ്യമായി സർക്കാർ ഹെലികോപ്ടർ വാടകക്കെടുത്തപ്പോള്‍ പല ഭാഗത്തുനിന്നും ശക്തമായ എതിർപ്പുകള്‍ ഉയർന്നിരുന്നു. പവൻ ഹംസ് കമ്ബനിയില്‍ നിന്നായിരുന്നു അന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. ഇതില്‍നിന്ന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് രൂക്ഷവിമർശനം ഉയർന്നതോടെ കരാർ പിന്നീട് പുതുക്കിയില്ല. ഇതിന് ശേഷം രണ്ടര വർഷം കഴിഞ്ഞാണ് 2023-ല്‍ വീണ്ടും ഹെലികോപ്ടർ വാടകക്കെത്തിക്കാൻ തീരുമാനിച്ചത്. ഇതും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്