അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്’; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി, ഹര്‍ജി തള്ളി
ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതിനെതിരെ കെജ്‌രിവാള്‍ സമർപ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.
അറസ്റ്റും റിമാൻഡും നിയമപരമാണെന്നു നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കി.
കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല, നിയമ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിന്യായങ്ങളെഴുതുന്നത്. രാഷ്ട്രീയ പരിഗണനകള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്‌രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇ ഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു.
ഇ ഡി സമർപ്പിച്ച രേഖകളുടെയും ഗോവ തിരഞ്ഞെടുപ്പിന് കെജ്‌രിവാള്‍ പണം നല്‍കിയെന്ന എഎപി സ്ഥാനാർഥിയുടെയും കൂറുമാറിയ സാക്ഷിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നിയമപരമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ നിരീക്ഷിച്ചത്.
മദ്യനയം രൂപീകരിക്കുന്നതില്‍ കെജ്‌രിവാള്‍ ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍നിന്ന് ലഭിച്ച വരുമാനം ഉപയോഗിക്കുകയും ചെയ്തുതായി ഇ ഡി ശേഖരിച്ച വസ്തുക്കള്‍ വ്യക്തമാക്കുന്നു. നയരൂപീകരണത്തിലും കൈക്കൂലി ആവശ്യപ്പെടുന്നതിലും വ്യക്തിപരമായും എഎപി ദേശീയ കണ്‍വീനർ എന്ന നിലയിലും കെജ്‌രിവാള്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഡല്‍ഹി ഹൈക്കോടതികോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്‌രിവാളും തമ്മിലുള്ള തര്‍ക്കമല്ല കെജ്‌രിവാളും ഇഡിയും തമ്മിലുള്ള കേസ്നേരത്തെ കെജ്‌രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. മാർച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് കെജ്‌രിവാളിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റ് എന്ന് കെജ്‌രിവാള്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. മദ്യനയ അഴിമതിപ്പണത്തിന്റെ ഒരുപങ്ക് ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റർ എസ് വി രാജു കോടതിയില്‍ വാദിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്