×

ചെളിവെള്ളത്തില്‍ മണിക്കൂറുകളോളം, ഭക്ഷണംപോലും കഴിക്കാതെ; ഇരുണ്ട തുരങ്കത്തില്‍ ‘ജീവന്റെ കണിക തേടുന്നവര്‍’

തിരുവനന്തപുരം: ഇരുണ്ട തുരങ്കത്തിനിടയില്‍ എവിടെയെങ്കിലും ജീവന്റെ അനക്കവുമായി ജോയി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 22 പേരടങ്ങിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സേന. കാലുകുത്താൻപോലും മടിക്കുന്ന മാലിന്യംനിറഞ്ഞ ചെളിവെള്ളത്തില്‍ അവർ മണിക്കൂറുകളോളം പരതി. പലരും ഭക്ഷണം കഴിച്ചതുപോലും മറ്റാരൊക്കെയോ വാരി വായില്‍ വെച്ചുകൊടുത്തപ്പോഴാണ്. ആ 22 പേരിലായിരുന്നു അവിടെ കൂടിനിന്നവരുടെയെല്ലാം പ്രതീക്ഷ

 

ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണത്തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിവരം അറിഞ്ഞ ഉടനെത്തന്നെ രക്ഷാപ്രവർത്തനത്തിന് അഗ്നി രക്ഷാസേന എത്തിയിരുന്നു. സംഘത്തില്‍ ഒൻപത് സ്കൂബാ അംഗങ്ങളാണുണ്ടായിരുന്നത്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നുകൂടി സ്കൂബാ ടീമംഗങ്ങള്‍ എത്തി. പവർ ഹൗസ് മുതല്‍ കോഫി ഹൗസ് വരെയുള്ള ഭാഗത്തെ തിരച്ചില്‍ അതീവദുഷ്കരമായിരുന്നു.

 

എന്നിട്ടും ദുർഗന്ധം നിറഞ്ഞ ഓടയ്ക്കുള്ളിലേക്ക് ഒരു മടിയുംകൂടാതെ അവരിറങ്ങി. റെയില്‍വേ സ്റ്റേഷനുള്ളിലെ മാൻ ഹോളുകളില്‍ ഉള്‍പ്പെടെ പലയിടത്തും ഒരാള്‍ പൊക്കത്തിലായിരുന്നു മാലിന്യം. ഉള്ളിലേക്കു പോകാൻ കഴിയാത്ത സ്ഥിതി. എന്നിട്ടും സ്വന്തം ജീവൻപോലും വകവെക്കാതെയാണ് അവർ ജോയിക്കുവേണ്ടിയുള്ള ദൗത്യത്തിലേർപ്പെട്ടത്. കെ.യു. സുഭാഷാണ് ടീമിന് നേതൃത്വം നല്‍കിയത്.

സുജയൻ, എസ്.പി. സജി, അനു, സന്തോഷ് കുമാർ, ദിനുമോൻ, പ്രദോഷ്, ഷഹീർ, ദീപക്, വിജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂബാ ടീമിനെക്കൂടാതെ നൂറിലധികം അഗ്നിരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ടെക്നിക്കല്‍ ഡയറക്ടർ നൗഷാദാണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അഭിനന്ദിച്ച്‌ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ പറഞ്ഞു.

 

രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർക്ക് ആവശ്യമായ എല്ലാ സുരക്ഷയും നല്‍കണമെന്നും അഗ്നിരക്ഷാ സേന മേധാവി കെ. പത്മകുമാറിനയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top