ഇടുക്കി യുഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു; ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി ലീഗ് വിരട്ടിയാല്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ്
തൊടുപുഴ | നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലെ കുതികാല്‍ വെട്ടിനെ തുടര്‍ന്നു ഇടുക്കി യുഡിഎഫിലുണ്ടായ പൊട്ടിത്തെറി തുടരുന്നു .
മുസ്ലിം ലീഗിനെതിരെ വാര്‍ത്ത സമ്മേളനത്തില്‍ ആഞ്ഞടിച്ച് ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു. ഉത്തരകേരളത്തിലെ ഉമ്മാക്കി കാട്ടി ലീഗ് വിരട്ടിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് സി പി മാത്യു തുറന്നടിച്ചു. തൊടുപുഴ നഗരസഭയില്‍ സിപിഎമ്മും മുസ്ലിം ലീഗും നടത്തുന്നത് കൂട്ടുകച്ചവടം ആണെന്നും അദ്ദേഹം ആരോപിച്ചു.നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ അഞ്ച് പേരുടെ വോട്ട് നേടിയാണ് സിപിഎം ഭരണം നേടിയത്.
തമ്മിലടി മൂലം തൊടുപുഴ നഗരസഭ ഭരണം നഷ്ടമായതിനു പിന്നാലെയാണ് ജില്ലയിലെ യുഡിഎഫില്‍ പൊട്ടിത്തെറി തുടങ്ങിയത്. എല്‍ഡിഎഫില്‍നിന്നു തൊടുപുഴ നഗരസഭ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമായിരുന്ന സുവര്‍ണാവസരം കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തെ തുടര്‍ന്ന് നഷ്ടപെടുത്തുകയായിരുന്നു. കാലങ്ങളായുള്ള കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിനാണ് നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പോടെ വിള്ളല്‍ വീണത്. ജില്ലയില്‍ ഇനിയുള്ള യുഡിഎഫ് യോഗങ്ങളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് ജില്ലാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിസിസി പ്രസിഡന്റ് ലീഗിനെതിരെ പരസ്യ നിലപാടുമായി രംഗത്ത് എത്തിയത്. ലീഗിന്റെ ഭീഷണി കോണ്‍ഗ്രസിനോട് വേണ്ട. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തനിയെ മത്സരിച്ച് വിജയിക്കാന്‍ പ്രാപ്തിയുണ്ട്. എല്ലാം ലീഗിന്റെ തലയിലൂടെ ആണ് പോകുന്നതെന്ന വിചാരം വങ്കത്തരമാണെന്നും സിപി മാത്യു പറഞ്ഞു.
തൊടുപുഴ നഗരസഭയുടെ ചരിത്രത്തില്‍ ഇതുവരെ കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരു മുന്നണിയില്‍ നിന്നാണ് മത്സരിച്ചിട്ടുള്ളത്. എല്‍ഡിഎഫിനെതിരേയുള്ള സമരമുഖങ്ങളില്‍ പോലും ഒറ്റക്കെട്ടായിനിന്ന രണ്ടു പാര്‍ട്ടികളും നഗരസഭാ ചെയര്‍മാന്‍ തി രഞ്ഞെടുപ്പോടെ രണ്ടു പക്ഷമായി മാറുകയായിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌ന പരിഹാരം ആയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ്-ലീഗ് ബന്ധം കൂടുതല്‍ വഷളാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്