×

കൂടെയുള്ളത് ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികള്‍ തെറ്റാ = മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ജീവനക്കാർക്ക് പുതിയ നിർദേശങ്ങളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികള്‍ തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആർടിയുടെ വരുമാന വർദ്ധനവിനും മുന്നേറ്റത്തിനും സഹായകരമാകുന്ന ചില നിർദേശങ്ങള്‍ എന്ന മുഖവുരയോടെയാണ് കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ വീഡിയോ സന്ദേശവുമായി ഗണേശ് എത്തിയത്.

കെഎസ്‌ആർടിസി ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം. യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്‌ആർടിസി ജീവനക്കാർക്കില്ലെന്നും യാത്രക്കാർ വണ്ടിയില്‍ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്‌ആർടിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികള്‍ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ റീല്‍ പരമ്ബരകളുടെ ഭാഗമാണ് ഈ നിർദേശവും. ബുക്ക് ചെയ്ത് ബസില്‍ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാള്‍ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു.

കെഎസ്‌ആർടിസിയെ സംബന്ധിച്ച്‌ യാത്രക്കാരാണ് യജമാനനെന്നും റീലില്‍ മന്ത്രി പറയുന്നുണ്ട്. സ്വിഫ്റ്റിലെയും കെഎസ്‌ആർടിസിയിലെയും കണ്ടക്ടർമാർ അവരോട് സ്‌നേഹത്തില്‍ പെരുമാറണം. ഇത്തരം പെരുമാറ്റം കെഎസ്‌ആർടിസി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വർധിപ്പിക്കും അത് ജീവനക്കാർക്ക് അന്തസ്സായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടും സ്‌നേഹത്തോടെ പെരുമാറണമെന്നും മന്ത്രി പറയുന്നു.

“കെഎസ്‌ആർടിയുടെ വരുമാന വർദ്ധനവിനും മുന്നേറ്റത്തിനും സഹായകരമാകുന്ന ചില നിർദേശങ്ങളാണ് ഞാൻ മുന്നില്‍ വയ്ക്കുന്നത്. കെഎസ്‌ആർടിസിയെ സംബന്ധിച്ച്‌ യജമാനൻ യാത്രക്കാരാണ്. ഈ സന്ദേശം സ്വിഫ്റ്റിലേയും കെഎസ്‌ആർടിസിയിലേയും കണ്ടക്ടർമാരോടാണ്. ബസില്‍ കയറുന്നവരോട് മര്യാദയുടെ ഭാഷയില്‍ പെരുമാറണം. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടുമെല്ലാം സ്‌നേഹത്തോടെ പെരുമാറണം.

സ്ത്രീയും പുരുഷനും ഒരുമിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ അവർ തമ്മിലുള്ള റിലേഷൻ എന്താണെന്ന് ചോദിക്കേണ്ട കാര്യം കണ്ടക്ടർക്കില്ല. അത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. മദ്യപിച്ചുകൊണ്ടും ഡ്യൂട്ടിക്ക് വരരുത്. രാത്രി എട്ട് മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിറുത്തികൊടുക്കണം.

അതിന്റെ പേരില്‍ ഏതെങ്കിലും മേലുദ്യോഗസ്ഥൻ നിങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍ അയാള്‍ക്കെതിരെ ഞാൻ നടപടിയെടുക്കും. റോഡില്‍ നിന്ന് കൈകാണിക്കുന്ന എല്ലാവരെയും വണ്ടിയില്‍ കയറ്റണം. സ്വിഫ്റ്റിലെ ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച്‌ വളരെ മോശമായ അഭിപ്രായമാണ് കേള്‍ക്കുന്നത്. ജനങ്ങളോട് മാന്യമായി പെരുമാറണം”.

എല്ലാ മാസവും ഒന്നാം തീയതി തന്നെ ജീവനക്കാർക്ക് ശമ്ബളം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു. കുറച്ചു മാസത്തിനുള്ളില്‍ ഇത് ഉറപ്പായും നടപ്പാകുമെന്നും ഗണേശ് കുമാർ അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട യോഗം ഉടനെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുമെന്നും ഗണേശ് കുമാർ വ്യക്തമാക്കി.

നേരത്തെ മദ്യപിച്ച്‌ ജോലിക്കെത്തിയ 100 കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു. 74 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്‌ആർടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സർവീസില്‍ നിന്നും നീക്കി. 49 ഡ്രൈവർമാരും പരിശോധനയില്‍ കുടുങ്ങിയിരുന്നു.

ഡ്യൂട്ടിക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച്‌ പരിശോധിച്ച്‌ ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.

കെഎസ്‌ആർടിസിയുടെ പ്രവർത്തനം മികച്ചതാക്കാനും വരുമാനം വർധിപ്പിക്കാനും നിർദേശവുമായി മന്ത്രി ഗണേശ് കുമാർ നേരത്തെയും രംഗത്ത് വന്നിരുന്നു. ഒരാളെ ഉള്ളുവെങ്കില്‍ പോലും യാത്രക്കാർ കൈ കാണിച്ചാല്‍ കൃത്യമായി ബസ് നിർത്തി അവരെ കയറ്റാൻ ശ്രദ്ധിക്കണം. വാഹനങ്ങള്‍ നമ്മുടെ സ്വന്തം വാഹനം പോലെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഓടിക്കണം. നിരത്തിലെ ചെറുവാഹനങ്ങലെയും കാല്‍നട യാത്രക്കാരെയും കരുതലോടെ കാണണം. മുതിർന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാൻ വിഷമത അനുഭവിക്കുന്നത് കണ്ടാല്‍ കണ്ടക്ടർമാർ അവരെ കൈപിടിച്ച്‌ കയറുവാൻ സഹായിക്കണം. രാത്രി 10 മണി മുതല്‍ രാവിലെ 6 വരെ സ്ത്രീകളെയും കുട്ടികളെയും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കാതെ ഇരുട്ടില്‍ ഇറക്കിവിടുന്ന പരാതിയുണ്ടാകരുത് -എന്നായിരുന്നു കത്തില്‍ പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top