×

യുവനേതാവ് അരുണ്‍കുമാറിനോട് ഏറെ നേരം വിയര്‍ത്തെങ്കിലും എട്ടാം തവണയും കൊടിക്കുന്നില്‍ ലോകസഭയിലേക്ക്.

തിരുവനന്തപുരം: ഏറെ വിയർപ്പൊഴുക്കിയാണ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് എട്ടാം ജയം നേടിയത്. യുവനേതാവ് അഡ്വ.

സി.എ. അരുണ്‍കുമാറിനോട് അടിയറവ് പറയുമെന്ന പ്രതീതി മിക്ക റൗണ്ടുകളിലും ഉണ്ടായിരുന്നു. പക്ഷേ, 9953 വോട്ടുകള്‍ക്ക് കൊടിക്കുന്നില്‍ ജയിച്ചു കയറി.

കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി പരന്നു കിടക്കുന്ന മാവേലിക്കരയില്‍ പ്രവചനാതീതമായിരുന്നു പോരാട്ടം. സുരേഷിനെതിരേ അവിടെ കടുത്ത എതിർവികാരം ഉണ്ടായിരുന്നു. ഇതിനെ മറികടന്നാണ് പരിണത പ്രജ്ഞനായ കൊടിക്കുന്നില്‍ എട്ടാം വട്ടവും ലോകസഭയില്‍ എത്തുന്നത്.


 

മാവേലിക്കരയില്‍ പ്രചാരണം നയിച്ചത് മന്ത്രിമാരായിരുന്നു. കൊട്ടാരക്കരയില്‍ കെ.എൻ ബാലഗോപാല്‍, പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാർ, ചെങ്ങന്നൂരില്‍ സജി ചെറിയാൻ. മാവേലിക്കരയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ മൂന്നിടത്തെയും ജനപ്രതിനിധികള്‍ മന്ത്രിമാരാണ്. ഇതിനൊപ്പം കൃഷി മന്ത്രി പി. പ്രസാദും മണ്ഡലത്തിലെ വോട്ടറാണ്. അങ്ങനെ ആകെ മൊത്തം നാല് മന്ത്രിമാരാണ് ഇടത് പ്രചരണം നയിച്ചത്.

തെന്മല മുതല്‍ കുട്ടനാടുവരെ പത്തനംതിട്ട ജില്ലയുടെ അതിർത്തിയോടു ചേർന്ന് കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നീളംകൂടിയ മണ്ഡലമാണ് മാവേലിക്കര. കേരളത്തില്‍ ഏറ്റവും അധികം മന്ത്രിമാരുള്ള ലോക്‌സഭ മണ്ഡലവും മാവേലിക്കരയാണ്.

സിറ്റിംഗ് എം.പി, മുതിർന്ന കോണ്‍ഗ്രസ് നേതാവ് തുടങ്ങിയ നിലകളില്‍ മണ്ഡലത്തിന്റെ മുക്കും മൂലയും വരെ അറിയാവുന്ന കൊടിക്കുന്നിലിന് വോട്ടർമാരുമായുള്ള പരിചയവും അടുപ്പവും ഗുണകരമായെന്നാണ് വിലയിരുത്തല്‍. അതാണ് അവസാന റൗണ്ടിലെങ്കിലും വിജയിക്കാനായത്.


ഒന്നര പതിറ്റാണ്ടായി കൊടിക്കുന്നില്‍ തന്നെ മാവേലിക്കരയില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിലും എതിർപ്പുണ്ടാക്കിയിരുന്നു. എം.പിയെന്ന നിലയില്‍ മണ്ഡലത്തിലെ സാന്നിദ്ധ്യക്കുറവും വികസന രംഗത്തെ മുരടിപ്പുമെല്ലാം കൊടിക്കുന്നിലിനെതിരേ ഇടത് മുന്നണി ആയുധമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top