×

” 25 കോടി ഓണം ബമ്പര്‍ ” ജേതാവിനെ ബാലഗോപാല്‍ തിരഞ്ഞെടുക്കും

തിരുവനന്തപുരം: തിരുവോണം ബമ്ബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടിരൂപ കിട്ടുന്ന ഭാഗ്യവാനെ ഇന്നറിയാം. ഇന്നലെ വൈകിട്ട് നാലുവരെ വിറ്റത് 72 ലക്ഷത്തോളം ടിക്കറ്റുകളാണ്.

80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഗോർഖിഭവനില്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് കെ എൻ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എല്‍ എയും നിർവഹിക്കും. കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രംഗസ്വാമി എന്നിവർക്കാണ് തിരുവോണം ബമ്ബർ കിട്ടിയത്.

ഗോർഖി ഭവനില്‍ ഉച്ചയ്ക്ക് 01.30 ന് വി.കെ.പ്രശാന്ത് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്ബറിന്റെ പ്രകാശനവും ധനമന്ത്രി നിർവഹിക്കും.

ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം ആശംസിക്കും. ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ)മായാ എൻ.പിള്ള കൃതജ്ഞതയർപ്പിക്കും. ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്)എം.രാജ് കപൂർ പങ്കെടുക്കും.

വില്പനയില്‍ മുന്നില്‍ പാലക്കാട്

25 കോടി രൂപ ഒന്നാംസമ്മാനവും ഒരു കോടി രൂപവീതം 20പേർക്ക് രണ്ടാം സമ്മാനവും 50ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളായും നല്‍കുന്നുണ്ട്. വില്പനയില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നില്‍.
13.02ലക്ഷം ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റുപോയത്. തിരുവനന്തപുരത്ത് 9.46 ലക്ഷവും തൃശ്ശൂരില്‍ 8.61ലക്ഷവുമാണ് വില്‍പന.

പൂജാബമ്ബർ നറുക്കെടുപ്പ് ഡിസംബർ നാലിന്

ഡിസംബർ നാലിന് നറുക്കെടുക്കുന്ന പൂജാ ബമ്ബറിന്റെ ടിക്കറ്റ് വില 300 രൂപയാണ്. ഒരു കോടി രൂപ വീതം അഞ്ച് പരമ്ബരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് പൂജാ ബമ്ബറിന്റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്ബരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്ബരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്ബരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top