സെക്സി ദുര്‍ഗ, സെക്സി രാധ എന്നൊക്കെ പ്രയോഗിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ മേരി, ഫാത്തിമ, ആയിഷ എന്നീപേരുകളുടെ മുന്നില്‍ സെക്സി എന്ന് ചേര്‍ക്കാത്തത് എന്തെന്ന് ഒന്നു പറഞ്ഞു തരൂ: പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറും
ന്യൂഡല്‍ഹി: സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് ചൂട്ടുപിടിച്ച് ഇന്ത്യാ ടുഡെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഗൗരവ് സി സാവന്ത് പോസ്റ്റ് ചെയ്ത ട്വീറ്റിന് പരസ്യ പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി എംപിയുമായ രാജീവ്ചന്ദ്രശേഖര്‍ രംഗത്തെത്തിയത് ചര്‍ച്ചയാവുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരായ ട്വീറ്റിനാണ് ബിജെപി എംപി പിന്തുണ നല്‍കിയിട്ടുള്ളത്.
ഗോവന്‍ ഫിലിംഫെസ്റ്റിവലില്‍ ന്യൂഡ്, സെക്സിദുര്‍ഗ (എസ് ദുര്‍ഗ) ചിത്രങ്ങള്‍ക്ക് വിലക്കുവന്നതിന് പിന്നാലെ വിഷയം ദേശീയ തലത്തില്‍ ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് ഗൗരവിന്റെ ട്വീറ്റ് വന്നതും ചര്‍ച്ചയായതും.
ഇതോടെ വിഷയത്തില്‍ ഇടപെട്ട് മാധ്യമലോകത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ അഭിപ്രായ പ്രകടനവുമായി എത്തുന്നു. സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് ഇത്തരത്തില്‍ നിരോധത്തിന് പിന്നിലെന്ന വാദത്തിലാണ് ചര്‍ച്ച. ഇതോടൊപ്പം പുതിയ ചിത്രം പത്മാവതിക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, എന്തിനാണ് സിനിമാ നിര്‍മ്മാതാക്കള്‍ സെക്സി ദുര്‍ഗ സെക്സി രാധ എന്നൊക്കെ ഉപയോഗിക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ മേരി, ഫാത്തിമ, ആയിഷ എന്നീ പേരുകളുടെ മുന്നില്‍ സെക്സി എന്ന് ചേര്‍ക്കാത്തത് എന്ന് ഒന്നു പറഞ്ഞു തരൂ’- എന്നായിരുന്നു സാവന്തിന്റെ ട്വീറ്റ്. ഇതിന് പിന്തുണയുമായി താന്‍ ആവിഷ്കാര സ്വാതന്ത്യത്തിന്റെ വക്താവാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തുകയായിരുന്നു.
‘ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. എനിക്കും ഇതിനെ കുറിച്ച് അറിയണം. ആവിഷ്കാര സ്വാതന്ത്യത്തിന് ഞാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. പക്ഷേ എന്തുകൊണ്ടാണ് എപ്പോഴും ഒരു ഭാഗത്തേക്ക് മാത്രം ഇത്തരത്തില്‍ കാര്യങ്ങള്‍ പോകുന്നത് എന്നായിരുന്നു രാജീവിന്റെയും ട്വിറ്ററിലൂടെയുള്ള പ്രതികരണം. ഇതിനു പിന്നാലെ ട്വീറ്റിന് പിന്തുണയുമായി ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ ആര്‍തി ടീക്കോ സിംഗും രംഗത്തെത്തിയിട്ടുണ്ട്്.
അതേ സമയം സെക്സി ദുര്‍ഗ്ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങള്‍ക്കെതിരായ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അസിഹ്ഷുണയ്ക്കും പത്മാവതിയ്ക്കെതിരായ പോര്‍വിളികള്‍ക്കും ചുട്ടമറുപടി നല്‍കികൊണ്ട് നടന്‍ പ്രകാശ് രാജും പ്രതികരിക്കുന്നു.
ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടിവയ്ക്കണം, ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം.ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’.എന്ന് ചോദിച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ഇത്തരത്തില്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിലപാടിനെതിരെ രണ്ടുപക്ഷമായി സോഷ്യല്‍മീഡിയയില്‍ വന്‍ വാഗ്വാദങ്ങള്‍ ഉയരുകയാണിപ്പോള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്