ബ്രോയിലര്‍ കോഴികള്‍ക്ക് വൻ വിലയിടിവ്; 90-100 ; കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍
പാനൂർ: കോഴി കർഷകർക്ക് ആശങ്കയുയർത്തി കോഴിവില താഴേക്ക്. ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായി കോഴി ഫാം മേഖല.
ഏതാനും മാസങ്ങളായി കോഴിവില ഉയർന്നുനില്‍ക്കുന്നത് മുന്നില്‍കണ്ട് മിക്ക ഫാമുകളിലും വൻതോതില്‍ കോഴിവളർത്തിയതാണ് ഇപ്പോള്‍ തിരിച്ചടിയായത്.
ഒരുകിലോ കോഴിയിറച്ചിക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. ജീവനോടെ 85 മുതല്‍ 90 രൂപയാണ് ഈടാക്കുന്നത്. 60 മുതല്‍ 65 രൂപക്കാണ് ഫാമുകളില്‍നിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്.
ഒരാഴ്ച മുമ്ബ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതല്‍ 260 രൂപ വരെയായിരുന്നു വിവിധ ഭാഗങ്ങളില്‍ ഈടാക്കിയിരുന്നത്. ഉല്‍പാദനം കൂടി ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് വിലയില്‍ പെട്ടെന്ന് ഇടിവ് സംഭവിച്ചത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിലെ കോഴി വില. ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതിനാല്‍ ഏജന്റുമാർ പറയുന്ന വിലക്ക് നല്‍കേണ്ട അവസ്ഥയിലാണ് കർഷകർ. നിരക്കില്‍ മാറ്റം ഉണ്ടാകുന്നതുവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളില്‍ നിർത്തുന്നത് തീറ്റ ഇനത്തിലും കർഷകർക്ക് നഷ്ടമുണ്ടാക്കും.
കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉല്‍പാദിപ്പിക്കാൻ 90 മുതല്‍ 100 രൂപ വരെ കർഷകന് ചെലവാകുന്നുണ്ട്. ഫാമുകളില്‍ കിലോക്ക് 130 മുതല്‍ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്. അതേസമയം, കേരളത്തില്‍ ഉല്‍പാദനം വർധിച്ചത് തിരിച്ചറിഞ്ഞുള്ള തമിഴ്‌നാട് ലോബിയുടെ ആസൂത്രിത നീക്കമാണ് കോഴിയുടെ വില കുത്തനെ കുറയാൻ കാരണമായതെന്നും കച്ചവടക്കാർ ആരോപിക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്