ഞാന്‍ ഒരു ബാര്‍ ഡാന്‍സറുടെ മകളാണ്; (Video) എന്നും വൈകീട്ട് അമ്മ ഒരാളുമായി വരും; ചുവന്ന തെരുവില്‍ നിന്നും ജീവിത വിജയത്തിലെത്തി ശീതള്‍ ജെയിന്‍ (വീഡിയോ)
സമൂഹത്തിന്റെ ദുഷ്‌പേര് മുഴുവന്‍ സമ്പാദിച്ചാണ് ഇന്ത്യയില്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം. ജീവിക്കാന്‍ വസ്ത്രം ഉരിഞ്ഞുകൊടുക്കുന്നവര്‍ക്ക് സമൂഹം എന്ത് വില നല്‍കാന്‍. ലൈംഗിക തൊഴിലാളികളുടെ മക്കളേയും സമൂഹം ഇതേ കണ്ണിലൂടെയാണ് കാണുന്നത്. യാതൊരു തെറ്റും ചെയ്യാത്ത ഈ കുഞ്ഞുങ്ങള്‍ പിറന്നു വീണത് ഒരു ചുവന്ന തെരുവിലായതിനാല്‍, അവളെ പ്രസവിച്ചത് ഒരു ലൈംഗിക തൊഴിലാളിയായ അമ്മ ആയതിനാല്‍ ആ കുഞ്ഞിനും സമൂഹം നല്‍കുന്നത് അവഗണന മാത്രം. ഇതിനെയെല്ലാം തിരുത്തിക്കുറിച്ചാണ് ശീതളിന്റെ മുന്നേറ്റം. സ്വന്തം ഭാവി ഒരു വലിയ ആപത്തിലേക്ക് കടക്കും മുമ്പേ അവള്‍ തിരിച്ചറിഞ്ഞു അവളുടെ വഴി ഇതല്ലെന്ന്.
വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ക്ക് സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് പറയാനുള്ള വേദിയൊരുക്കുന്ന ജോഷ് ടോക്ക്‌സിലാണ് ശീതള്‍ തന്റെയും കഥ പറഞ്ഞത്. 2015ല്‍ പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് ശീതള്‍ തന്റെ കയ്‌പേറിയ അനുഭവങ്ങളും പിന്നീട് വിജയത്തിലേക്ക് നയിച്ച കാര്യങ്ങളും പങ്കുവെക്കുന്നത്. കാമാത്തിപുരം എന്ന ചുവന്ന് തെരുവിലെ ബാല്യകാലവും അമ്മയെക്കുറിച്ചുമെല്ലാം ശീതള്‍ വീഡിയോയില്‍ പറയുന്നു.
ശീതളിന്റെ വാക്കുകളിലേക്ക്
ഞാന്‍ കാമാത്തിപുരത്താണ് താമസിച്ചിരുന്നത്. ആ സ്ഥലം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത് വളരെ വൃത്തികെട്ട ഒരു സ്ഥലം എന്നായിരിക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് അത് എന്റെ ഇടമാണ്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. ഞാന്‍ ഒരു ബാര്‍ ഡാന്‍സറുടെ മകളാണ് അതുകൊണ്ട് ഞാനും ഒരു ബാര്‍ ഡാന്‍സറാകുമെന്ന്. പക്ഷേ എനിക്ക് ബാര്‍ ഡാന്‍സര്‍ ആകണ്ടായിരുന്നു. എന്റെ അമ്മയ്ക്കും ഞാനങ്ങനെ ആകുന്നത് ഇഷ്ടമല്ലായിരുന്നു.
അവിടെ വൈകുന്നേരം ആകുമ്പോഴേക്കും എല്ലാ സ്ത്രീകളും ഒരുങ്ങി ടാക്‌സി സ്റ്റാന്‍ഡില്‍ പോയി നില്‍ക്കും. എന്നാല്‍ എന്റെ അമ്മ ടാക്‌സിയില്‍ കയറി യാത്രയാകും. അമ്മ എങ്ങോട്ടാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ അന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് മുതിര്‍ന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കി എന്റെ അമ്മ ഒരു ബാര്‍ ഡാന്‍സറാണെന്ന്. പക്ഷേ അമ്മയെ ഓര്‍ത്ത് എനിക്കൊരിക്കലും കുറവ് തോന്നിയിട്ടില്ല. അന്നൊക്കെ എന്നും വൈകീട്ട് അമ്മ ഒരാളുമായി വരും. അങ്ങനെ വന്നവരില്‍ ഒരാളെ പിന്നീട് എന്റെ അമ്മ വിവാഹം കഴിക്കാതെ തന്നെ ഭര്‍ത്താവാക്കി. അയാള്‍, എന്റെ സഹോദരന്റെ അച്ഛന്‍ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു.ഒരിക്കലല്ല, പലതവണ. പക്ഷേ അയാള്‍ എന്നോട് ചെയ്യുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ക്രാന്തിയിലെത്തിയപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് അതിനെയാണ് ലൈംഗികപീഡനം എന്ന് പറയുക എന്ന്.
ലൈംഗിക തൊഴിലാളികളുടെ മക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണ് ക്രാന്തി. ഒരു സാമൂഹികമാറ്റമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഹോസ്റ്റലുകളിലും എന്‍ജിഒകളിലുമായി പലയിടത്തും എന്റെ കുട്ടിക്കാലത്ത് ഞാന്‍ മാറി മാറി താമസിച്ചിരുന്നു. അവിടെയെല്ലാം എന്നോട് പറഞ്ഞിട്ടുള്ളത് എന്റെ അമ്മ ആരാണെന്ന് ഞാന്‍ വെളിപ്പെടുത്തരുതെന്നാണ്. അത് എനിക്ക് തന്നെ ദോഷം ചെയ്യുമെന്നായിരുന്നു അവരുടെ ന്യായവാദം. പക്ഷേ എനിക്ക് തോന്നി ഞാന്‍ എന്തിനത് പറയാതിരിക്കണം.
എന്റെ അമ്മയും ചെയ്യുന്നത് ജോലിയാണ്. അമ്മ നൃത്തം ചെയ്യുകയാണ്. ഒരു നര്‍ത്തകി ഒരു ഐറ്റം സോങിന് വേദിയില്‍ ചുവടുവെക്കുമ്പോള്‍ അവളെ അഭിനന്ദിക്കുന്നു. അതേ ജോലി ചെയ്യുന്ന എന്റെ അമ്മക്ക് അന്തസ്സ് ലഭിക്കാത്തത് എന്തുകൊണ്ടാണ്. പല പല എന്‍ജിഒകളില്‍ കഴിഞ്ഞിരുന്നത് കൊണ്ട് എന്റെ പഠനം ശരിയായ രീതിയില്‍ നടന്നിരുന്നില്ല. പലപ്പോഴും പുറത്തുള്ള ലോകം എനിക്ക് അന്യമായിരുന്നു. പുതിയ കാര്യങ്ങള്‍ പരിചയപ്പെടാനോ മറ്റൊന്നിനും എനിക്ക് അനുവാദമുണ്ടായിരുന്നില്ല. എന്റെ കൗമാരത്തില്‍ എല്ലാവരുടെയും പോലെ എനിക്ക് ഒരു ആണ്‍സുഹൃത്ത് ഉണ്ടായിരുന്നു. അതുമനസ്സിലാക്കിയ അവര്‍ എന്റെ പഠനം നിര്‍ത്തി എന്നെ വീട്ടിലിരുത്തുകയാണ് ചെയ്തത്. എനിക്കത് വളരെ പ്രയാസമായിരുന്നു. എനിക്ക് വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടമായിരുന്നില്ല. പുതിയ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു.
പിന്നീട് ഞാന്‍ ക്രാന്തിയില്‍ വന്നു. ക്രാന്തി എനിക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്നു. പല പുതിയ കാര്യങ്ങളും ഞാന്‍ ഇവിടെ നിന്ന് പഠിച്ചു. യാത്ര ചെയ്യാന്‍ സാഹചര്യം ഒരുക്കി. പതിയെ ഞാന്‍ എന്റെ പാഷന്‍ എന്താണെന്ന് മനസ്സിലാക്കി. ഡ്രം കുട്ടിക്കാലം മുതല്‍ എനിക്ക് താല്പര്യമുള്ള ഒന്നായിരുന്നു. ഞാന്‍ ഡ്രം പഠിച്ചു. എനിക്ക് വാഷിങ്ടണ്‍ ഡി സിയില്‍ പോയി ഡ്രം പഠിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് വരെ ലഭിച്ചു. പത്തുമാസം ഞാന്‍ അവിടെ ചെലവഴിച്ചു. അതെനിക്ക് ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചു. ഞാന്‍ പുതിയ കാര്യങ്ങള്‍ പഠിച്ചു. സ്വപ്നം കാണാന്‍ പഠിച്ചു.
ഇന്നെനിക്ക് ഒരു സ്വപ്നമുണ്ട്. എന്റെ കാമാത്തിപുരയില്‍ ഒരു സ്‌കൂള്‍ തുടങ്ങണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്