×

കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പുണ്ടെന്ന രൂക്ഷ വിമര്‍ശനം – 2016ലെ കാര്യം ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല = മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പുണ്ടെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് വി.എം.

സുധീരന് മറപടിയുമായി കെ. മുരളീധരൻ എം.പി. പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് മുരളീധരൻ പറഞ്ഞു.

2016ലെ കാര്യം ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടത് 2024 ആണ്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടത്. സുധീരൻ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

പിറന്നാളാഘോഷത്തിനിടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ മുതിര്‍ന്ന നേതാവായ വി.എം. സുധീരൻ രൂക്ഷമായി വിമര്‍ശിച്ചത്. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ അഞ്ചായെന്ന് സുധീരൻ പറഞ്ഞത്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇടവും വലവും ഇരിക്കെയായിരുന്നു സുധീരന്റെ കടുത്ത ആക്രമണം. പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ, വി.എം. സുധീരൻ പാര്‍ട്ടി സംഘടന രംഗത്ത് സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു സുധീരന്റെ പ്രസംഗം.

കെ.പി.സി.സി പ്രസിഡന്റ് പദവി രാജിവെക്കാനുണ്ടായ അന്നത്തെ സാഹചര്യത്തെ ഇതാദ്യമായിട്ടാണ് സുധീരൻ വിശദീകരിക്കുന്നത്. 2016ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിയോജിപ്പാണ് താൻ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കാനുള്ള കാരണം. അന്ന് അത് പുറത്ത് പറഞ്ഞില്ലെന്നേ ഉള്ളൂ. താൻ അന്ന് രാജിവെക്കാനുണ്ടായ കാരണത്തിലൊരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല.

അന്ന് രണ്ട് ഗ്രൂപ്പെങ്കില്‍ ഇപ്പോഴത് അഞ്ച് ആയി. ഇതിന് മാറ്റം വരണം. താൻ സ്ഥാനങ്ങള്‍ക്കോ പദവികള്‍ക്കോ വേണ്ടി ആരോടും ചോദിച്ചിട്ടില്ല. തനിക്ക് ലഭിച്ചതെല്ലാം പാര്‍ട്ടി നല്‍കിയതാണ്. പദവികളുണ്ടായാലും ഇല്ലെങ്കിലും താൻ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന പരോക്ഷ ‘കുത്തും’ നല്‍കിയാണ് സുധീരൻ പ്രസംഗം അവസാനിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top