‘വനിതാ ജഡ്ജി വാദം കേള്‍ക്കണം’ ; ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നടിയുമായി അടുത്ത വൃത്തങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ നീതിപൂര്‍വമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയായിരുക്കും അഭികാമ്യം. കേസില്‍ പ്രമുഖ നടികള്‍ ഉള്‍പ്പെടെ 385 ഓളം സാക്ഷികളാണുള്ളത്. ഇവര്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണെന്നും നടി ഹര്‍ജിയില്‍ വ്യക്തമാക്കും.
കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. നടിയുടെ ആവശ്യം മുഖ്യമന്ത്രി ഹൈക്കോടതിക്ക് കൈമാറി. എന്നാല്‍ ജില്ലയില്‍ വനിതാ ജഡ്ജിമാരുടെ കുറവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. രണ്ടു വനിതാ ജഡ്ജിമാരാണ് ജില്ലയിലുള്ളത്. ഒരാള്‍ സിബിഐ കോടതി ജഡ്ജിയും, മറ്റേയാള്‍ സമീപജില്ലയിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കുന്നയാളുമാണ്. അതിനാല്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വാദം കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യവുമായി നടി സുപ്രീം കോടതിയെ സമീപിക്കുന്നത്. മറ്റു ജില്ലയില്‍ നിന്ന് വനിതാ ജഡ്ജിയെ നിയമിക്കാം. അല്ലെങ്കില്‍ കേസ് വേറെ ജില്ലയിലേക്ക് മാറ്റാമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്