ഫോണ്‍കെണി വിവാദം കൊഴുക്കുന്നു; പക്ഷേ, മംഗളം ടി വി കിട്ടാതായിട്ട് ദിവസങ്ങളായി
തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ മംഗളം ടെലിവിഷന്‍ ചാനലിന്റെ വിവാദ ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ മംഗളം ടെലിവിഷന്‍ ദിവസങ്ങളായി പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സിന് സംപ്രേഷണ ഫീസ് കുടിശികയുള്ളതുകൊണ്ട് അവര്‍ ബ്ലോക്ക് ചെയ്തതാണു കാരണം. ആഴ്ചകളായി റിപ്പോര്‍ട്ടര്‍ ടിവിയും ഇതുപോലെ തടഞ്ഞുവച്ചിരിക്കുകയാണ്.
പ്രാദേശിക കേബിള്‍ നെറ്റ് വര്‍ക്കില്‍ മാത്രമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മംഗളം ടെലിവിഷന്‍ ലഭിക്കുന്നത്. അതും അടുത്ത ദിവസം മുതല്‍ നിലയ്ക്കും എന്നാണ് സൂചന. മംഗളം സംപ്രേഷണം തുടങ്ങി എട്ട് മാസത്തിനിടെ ആദ്യമായാണ് കുടിശികയുടെ പേരില്‍ ചാനല്‍ ബ്ലോക്ക് ചെയ്യുന്നത്. എന്നാല്‍ ശമ്ബളം മുടങ്ങിയതിനേത്തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ നിസ്സഹകരിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് സംപ്രേഷണത്തെ ബാധിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
സംപ്രേഷണം തുടങ്ങിയ ദിവസംതന്നെ ഒരു മന്ത്രിയെ വീഴ്ത്തി ശ്രദ്ധ നേടിയ മംഗളം സംപ്രേഷണം ചെയ്ത വിവാദ ഫോണ്‍ സംഭാഷണത്തേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമുതല്‍ മംഗളം അതിനേക്കുറിച്ച് എന്തു പറയുന്നുവെന്ന ആകാംക്ഷയോടെ ചാനല്‍ വച്ച പ്രേക്ഷകരില്‍ ഭൂരിഭാഗത്തിനും നിരാശപ്പെടേണ്ടി വന്നു. ഇതിനേത്തുടര്‍ന്ന് ഏഷ്യാനെറ്റ് കേബിളുമായും മംഗളവുമായും പ്രേക്ഷകരില്‍ പലരും ബന്ധപ്പെട്ടപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്.
ചാനല്‍ പ്രേക്ഷകശ്രദ്ധ നേടുന്നതില്‍ വിജയിച്ചെങ്കിലും ശശീന്ദ്രന്‍ വിവാദത്തില്‍ ചാനലിനുള്ളില്‍ രണ്ട് നിലപാടുകളുണ്ടെന്നാണ് പ്രചരിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മംഗളം സിഇഒ ആര്‍ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതോടെ ഈ ചേരിതിരിവ് രൂക്ഷമായത്രേ. അജിത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി ജീവനക്കാര്‍ ചേരിതിരിഞ്ഞെന്നാണ് പ്രചരണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്