×

അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ : സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാ

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിച്ചത്. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. മറ്റു കുറ്റങ്ങളില്‍ ഏഴു വര്‍ഷം തടവും പത്തു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ച ശേഷം ഒടുവിലായിട്ടായിരുന്നു വധശിക്ഷ പ്ര​‍ഖ്യാപിച്ചത്. കൊലപാതകവും ബലാത്സംഗവും അതിക്രമിച്ചു കടക്കലും കോടതി ശരിവെച്ചു.

കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ടു പുനഃരന്വേഷിക്കണമെന്ന അമീറിന്റെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്നലെ തന്നെ തള്ളിയിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നു. പെരുമ്ബാവൂര്‍ ഇരിങ്ങോള്‍ കനാല്‍പ്പുറമ്ബോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഏപ്രില്‍ 28 ന് വൈകിട്ട് 5.45 നും 6.15 നും മധ്യേയാണ് സ്വന്തം വീട്ടില്‍വെച്ച്‌ ജിഷ കൊല്ലപ്പെട്ടത്. മാസങ്ങള്‍ എടുത്തായിരുന്നു വിചാരണ പൂര്‍ത്തിയായത്.

അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസം പ്രോസിക്യൂഷന്‍ വാദം നടത്തി. തുടര്‍ന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്. അമീറിന് അസമീസ് ഭാഷ മാത്രമേ അറിയൂവെന്നതിനാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ പലതും മനസിലായില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ടു പുനരന്വേഷണം നടത്തണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ജിഷയുടെ പിതാവ് പാപ്പുവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ആളൂര്‍ ചുണ്ടിക്കാട്ടി. ഹര്‍ജി തള്ളിയ കോടതി ശിക്ഷാ ഇളവിനെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും നിര്‍ഭയക്കേസിനു സമാനമാണെന്നും പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു ഇന്നലെ പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റമൊന്നും ചെയ്തില്ലെന്നും ജിഷയെ അറിയില്ലെന്നുമായിരുന്നു ഇന്നലെയും കോടതിയില്‍ അമീറിന്റെ വാക്കുകള്‍. വധശിക്ഷവരെ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമായിരുന്നു കഴിഞ്ഞ ദിവസം കോടതി അമീര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഭവനഭേദനം, ബലാത്സംഗം, കൊലപാതകം എന്നിവ ഉള്‍പ്പെട്ട അഞ്ചു കുറ്റങ്ങളായിരുന്നു കോടതി കണ്ടെത്തിയത്.

2016 ഏപ്രില്‍ 28നു പെരുമ്ബാവൂരിലെ കുറുപ്പംപടി കനാല്‍ബണ്ട് റോഡിലെ ജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ ക്രൂരമായി മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. സാക്ഷിമൊഴികളുടെയും ഡി.എന്‍.എ. പരിശോധനയുടെയും അടിസ്ഥാനത്തിലാണു കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. സാക്ഷികളില്ലാത്ത കേസില്‍ പരിശോധനാഫലങ്ങളെയാണ് പ്രധാനമായും അന്വേഷണസംഘം ആശ്രയിച്ചത്. ജിഷയുടെ വസ്ത്രങ്ങളില്‍ നിന്നു കിട്ടിയ ഉമിനീര്‍, നഖങ്ങള്‍ക്കിടയില്‍ നിന്നും കിട്ടിയ പ്രതിയുടെ തൊലിയുടെ അംശം. വാതിലിലെ രക്തക്കറ, ജിഷയുടെ ശരീരത്തിലെ കടിയുടെ പാട്, മൃതദേഹത്തില്‍ നിന്നും കിട്ടിയ മുടി, പ്രതിയുടെ കൈവിരലിലെ മുറിവ് എന്നിവയെല്ലാം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ അനേകം സാക്ഷികളെയും വിസ്തരിക്കുകയുണ്ടായി.

അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. പത്തിലധികം ഡിഎന്‍എ സാമ്ബികളുടെ പരിശോധനാ ഫലങ്ങളാണ് അന്വേഷണസംഘം കുറ്റപത്രത്തിനൊപ്പം വെച്ചിരുന്നത്. രാവിലെ പത്തര മണിയോടെ അമിര്‍ ഉള്‍ ഇസ്ളാമിനെ കോടതിയില്‍ എത്തിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ജിഷയുടെ മാതാവ് രാജേശ്വരിയും പറഞ്ഞിരുന്നു.

ജിഷയോടുള്ള പ്രതിയുടെ അടങ്ങാത്ത തൃഷ്ണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. സംഭവദിവസം വൈകിട്ട് ആരുമില്ലാത്ത സമയത്ത് ഇരയുടെ വീട്ടിലെത്തിയ പ്രതിയെ ജിഷ ചെരുപ്പ് കൊണ്ട് അടിച്ചു. ഇതോടെ ആദ്യം പിന്തിരിഞ്ഞ പ്രതി അപമാനം തോന്നി കൂടുതല്‍ വാശിയോടെ വീട്ടിലേക്ക തള്ളിക്കയറുകയായിരുന്നു. അകത്തേക്ക് കയറിയ പ്രതി ജിഷയെ ആദ്യം പിന്നില്‍ നിന്നും കടന്നുപിടിച്ചു. വായമൂടാനുള്ള ശ്രമത്തിനിടയില്‍ ജിഷ പ്രതിയുടെ കൈവിരല്‍ കടിച്ചുമുറിച്ചു.

ഇര തന്റെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് വ്യക്തമായതോടെ അമീര്‍ കയ്യിലിരുന്ന കത്തികൊണ്ട് പല തവണ കുത്തി. താഴേയ്ക്ക് വീണ ജിഷ അവശതയോടെ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അമീര്‍ കയ്യിലിരുന്ന മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. അതിന് ശേഷം ആരും കാണാതെ വീടിന്റെ പിന്‍ഭാഗത്തൂടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.

കോടതി മുന്‍വിധിയോടെ പെരുമാറുെന്നന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്കു വിധിക്കണമെന്ന മുന്‍വിധിയോടെയാണ് അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി പെരുമാറുന്നത്. പേരിനും പ്രശസ്തിക്കും വേണ്ടി കോടതികള്‍ ഒരു കാര്യവും ചെയ്യരുതെന്നു സുപ്രീം കോടതിയുടെ പല വിധിന്യായങ്ങളിലും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിലെ വിധി പ്രസ്താവിക്കുന്നതിനു മുന്‍പുള്ള അവസാന വാദത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആളൂര്‍. ജിഷ കേസ് അന്വേഷിച്ച പോലീസ് സംഘത്തിനു പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.

സൗമ്യ കേസ് അന്വേഷിച്ച എ.ഡി.ജി.പി: ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ കേസും അന്വേഷിച്ചത്. സൗമ്യ കേസ് സുപ്രീംകോടതിയില്‍ വന്നപ്പോഴുണ്ടായ പരിസമാപ്തി എന്താണെന്ന് അറിയാവുന്നതാണ്. അതുതന്നെയാണു ജിഷ കേസിലും സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിക്കു പുറത്ത് അഡ്വ. ബി.എ. ആളൂരിനെതിരേ ഇന്നലെ ജിഷയുടെ മാതാവ് രാജേശ്വരി പൊട്ടിത്തെറിച്ചിരുന്നു. ”എന്റെ കൊച്ചിനു നീതി നല്‍കാതെ പ്രതിക്ക് നീതിമേടിച്ചു നല്‍കാന്‍ നില്‍ക്കുവാണോ”യെന്ന് ഉറക്കെ വിളിച്ചു ചോദിച്ചു. ഒപ്പമുള്ള പോലീസുകാര്‍ ഇവരെ പിടിച്ചുമാറ്റി. ഇന്നലെ ശിക്ഷ വിധിക്കാതിരുന്നത് ആളൂരിന്റെ വാദം നീണ്ടുപോയതുകൊണ്ടാണെന്നു രാജേശ്വരി പരാതിപ്പെട്ടു.

കൂടെയുള്ളവര്‍ ഏറെ പണിപ്പെട്ടാണ് ഇവരെ കോടതി വളപ്പിനു പുറത്തേക്കു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം കേസില്‍ അന്തിമ വാദം നടക്കുന്നതിനിടെ കോടതിമുറിക്കുള്ളില്‍ വച്ചും രാജേശ്വരി ക്ഷോഭിച്ചിരുന്നു. ആളൂരിനെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിമുറിയില്‍ ബഹളംവച്ച ഇവരെ പോലീസ് ഇടപെട്ടാണു നീക്കിയത്. ഇന്നലെ ശിക്ഷയിന്മേലുള്ള അന്തിമവാദത്തിനുശേഷം അഡ്വ. ആളൂര്‍ മാധ്യമങ്ങളോടു സംസാരിച്ചു നില്‍ക്കവേയാണു രാജേശ്വരിയെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top