×

ജില്ലാ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടേക്കും;

ന്യൂഡല്‍ഹി: ഇപ്പോള്‍ മുന്‍സിഫുമാരും മജിസ്ട്രേറ്റുമാരും സ്ഥാനക്കയറ്റം നേടി ജില്ലാ ജഡ്ജിമാരാകുന്ന സംവിധാനത്തില്‍ മാറ്റംവരുന്ന രീതിയില്‍ ജുഡീഷ്യല്‍ സംവിധാനം പരിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. യൂണിയന്‍ പബഌക് സര്‍വീസ് കമ്മീഷന്‍ ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷയിലൂടെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അതില്‍ നിന്ന് ജില്ലാ ജഡ്ജിമാരെ നിയമിക്കാനാണ് ആലോചന. ഇത്തരത്തില്‍ രൂപീകരിക്കുന്ന ആള്‍ ഇന്ത്യാ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നായിരിക്കും നിയമനം. ഇതോടെ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരീക്ഷയെഴുതി മജിസ്ട്രേറ്റുമാരും മുന്‍സിഫുമാരും ആകുന്നവര്‍ പിന്നീട് പ്രൊമോഷന്‍ നേടി ജില്ലാ ജഡ്ജിമാരാകുന്ന സംവിധാനം മാറും. ഐഎഎസ്, ഐഎഫ്‌എസ് തുടങ്ങിയ സിവില്‍ സര്‍വീസിന്റെ മാതൃകയില്‍ ദേശീയ തലത്തിലാകും ഇനി ജുഡീഷ്യല്‍ സര്‍വീസിലും സെലക്ഷന്‍ നടക്കുക. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരെ ദേശീയ തലത്തില്‍ തന്നെ സ്ഥലംമാറ്റാനും പോസ്റ്റിങ് നടത്താനും ഉതകുംവിധമാകും ആള്‍ ഇന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് (ഐഐജെഎസ്) രൂപീകരണം. ജില്ലാ ജഡ്ജിമാരുടേതുള്‍പ്പെടെ രാജ്യത്ത് 4,400 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. അതേസമയം, സംസ്ഥാന പിഎസ് സികള്‍ വഴി, ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ ജഡ്ജിമാരെയും മജിസ്ട്രേറ്റുമാരെയും കീഴ്ക്കോടതികളില്‍ നിയമിക്കുന്ന സംവിധാനം തുടരും. പുതിയ സംവിധാനം വരുന്നതോടെ കൂടുതല്‍ ചെറുപ്പക്കാര്‍ ജില്ലാ ജഡ്ജിമാരായി എത്താനും പിന്നീട് പ്രൊമോഷന്‍ നേടി വൈകാതെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം എത്താനുള്ള സാധ്യത തെളിയുകയാണ്. ആള്‍ ഇന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് നടപ്പാക്കുന്നതിനുള്ള സാധ്യതകളാരായാന്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി രണ്ടുവട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേന്ദ്ര ക്യാബിനറ്റിനുമുന്നില്‍ സമര്‍പ്പിക്കുന്നതിനായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1960 മുതല്‍ ആലോചനയിലുള്ളതാണ് ദേശീയതലത്തില്‍ ജഡ്ജിമാരുടെ നിയമനത്തിന് ഇത്തരമൊരു സംവിധാനം കൊണ്ടുവരികയെന്ന ആശയം. പക്ഷേ, പലകാരണങ്ങള്‍ കൊണ്ടും അത് നടപ്പിലായില്ല. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങളുടെ മെമോറാണ്ടത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നതിന് സീനിയര്‍ ജഡ്ജിമാരില്‍ നിന്ന് ചില എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ദേശീയ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരിക്കാന്‍ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. ഉന്നത കോടതികളില്‍ നിയമനം നടത്തുന്ന നടപടി ക്രമങ്ങളിലും ചട്ടങ്ങളിലും പരിഷ്കാരം വരുത്തുന്ന കാര്യത്തിലാണ് ചില ക്ളോസുകളില്‍ സുപ്രീംകോടതി കൊളീജിയം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. നിയമനത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ കാര്യത്തിലാണ് ഒരു എതിര്‍പ്പ്. കൊളീജിയം സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നിയമനത്തിനായി നല്‍കുന്ന പേരുകളില്‍ ദേശസുരക്ഷയെ ബാധിക്കുന്നവരുടെ നാമനിര്‍ദ്ദേശം തള്ളുന്നതിന് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന നിര്‍ദ്ദേശമാണ് മറ്റൊന്ന്. ഈ സാഹചര്യത്തില്‍ പുതിയ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരണത്തിനുള്ള നീക്കവും ചര്‍ച്ചയാകുകയാണ്. 1961, 63, 65 എന്നീ വര്‍ഷങ്ങളില്‍ നടന്ന ചീഫ് ജസ്റ്റീസസ് കോണ്‍ഫ്രന്‍സ് ദേശീയ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരണത്തെ അനുകൂലിച്ചിരുന്നു. പക്ഷേ, ചില സംസ്ഥാനങ്ങളില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും എതിര്‍പ്പുണ്ടായതോടെ ഈ നിര്‍ദ്ദേശം പിന്നീട് ഏറെക്കാലം പരിഗണിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച്‌ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനായി 2001ല്‍ ഒരു രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. ദേശീയ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 312ല്‍ 1977ല്‍ ചില ഭേദഹതികള്‍ വരുത്തുകയും ചെയ്തു. പിന്നീട് 2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഗവ. സെക്രട്ടറിമാരുടെ സമിതി ഇതുസംബന്ധിച്ച്‌ ഒരു നോട്ട് തയ്യാറാക്കിയെങ്കിലും അതും പിന്നീട് മുങ്ങിപ്പോയി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഈ നീക്കം വ്യാഖ്യാനിക്കപ്പെട്ടതോടെയായിരുന്നു ഇത്. പക്ഷേ, ഇപ്പോള്‍ ശക്തമായ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരണത്തിനായി രംഗത്തിറങ്ങുമെന്നാണ് സൂചനകള്‍. കൂടുതല്‍ ചെറുപ്പക്കാര്‍ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും എത്തണമെന്ന താല്‍പര്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് സൂചനകള്‍. നിലവിലുള്ള സംവിധാന പ്രകാരം കീഴ്ക്കോടതികളില്‍ മജിസ്ട്രേറ്റുമാരും മുന്‍സിഫുമാരുമായി നിയമിക്കപ്പെടുന്ന ജഡ്ജിമാര്‍ ചുരുങ്ങിയത് പത്തുവര്‍ഷത്തിനു ശേഷമേ ജില്ലാ ജഡ്ജിയാകൂ. ഇതിന് മാറ്റംവരുത്തി നേരിട്ട് ജില്ലാ ജഡ്ജിമാരാകാന്‍ ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുന്നതോടെ വൈകാതെ പ്രൊമോഷന്‍ നേടി അവര്‍ സുപ്രീംകോടതികളിലും ഹൈക്കോടതികളിലും എത്താനുള്ള സാധ്യതയാണ് പുതിയ ജുഡീഷ്യല്‍ സര്‍വീസ് സംവിധാനം വരുന്നതോടെ ഉണ്ടാകുക. ഉന്നത ജുഡീഷ്യല്‍ സ്ഥാപനങ്ങളിലേക്ക് ജുഡിഷ്യല്‍ സര്‍വീസിലുടെ എത്തുന്നവരില്‍ 50 ശതമാനം പേര്‍ക്ക് നേരിട്ട് നിയമനം നല്‍കണമെന്ന് മുമ്ബ് ഗവ. സെക്രട്ടറിമാരുടെ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top