×

മാസമുറയെക്കുറിച്ച് ഒരു യുവാവിന്റെ പ്രസംഗം; വീഡിയോ വൈറലാകുന്നു

കൊച്ചി: ഇതുവരെ ഒരു സാനിറ്ററി പാഡുപോലും ഉപയോഗിക്കാത്ത ഒരു ചെറുപ്പക്കാരന്‍ മാസമുറയെക്കുറിച്ച് നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളെജിലെ സ്‌റ്റെയ്ന്‍ ദി സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞത്.

അമ്മ പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് ജോസഫ് കുട്ടികളുടെ മുന്‍പില്‍ പ്രസംഗമായി അവതരിപ്പിച്ചത്. സ്ത്രീകളെ കുറിച്ച് മസാല കഥകള്‍ കേട്ടല്ല മനസിലാക്കേണ്ടതെന്നു അമ്മ പറയാറുണ്ടെന്ന് ജോസഫ് പറഞ്ഞു. കൗമാര പ്രായം മുതല്‍ സ്ത്രീകളുടെ പൊക്കിള്‍ കൊടി സെക്‌സ് സിമ്പലായി കാണുന്നവര്‍ ഓരോ മക്കള്‍ക്കും അമ്മയുമായുള്ള പൊക്കിള്‍ കൊടി ബന്ധം മറന്നു പോകരുതെന്നും ഓര്‍മ്മിപ്പിച്ചു. അമ്മയാകാന്‍ പെണ്‍കുട്ടികളെ പ്രകൃതി തന്നെ ഒരുക്കുന്നതിന്റെ ഭാഗമാണ് ആര്‍ത്തവം. മറ്റുളളവരില്‍ നിന്നും ആര്‍ത്തവത്തെ സൗകര്യപൂര്‍വ്വം മറച്ചു പിടിക്കുന്നവരാണ് പല സ്ത്രീകളും. ആര്‍ത്തവത്തെ മറച്ചു പിടിക്കുകയല്ല വേണ്ടതെന്നും ഇത് തുറന്നു സംസാരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും ജോസഫ് പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യകതയെ കുറിച്ച് ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. കുഞ്ഞിലേ തൊട്ട് നമ്മുടെ ആണ്‍കുട്ടികള്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെയും സഹജീവിയെന്ന നിലയ്ക്ക് അവളെ സ്‌നേഹിക്കേണ്ടതിന്റെയും ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്താല്‍ ഒരുപരിധി വരെ ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനായേക്കാമെന്ന് ജോസഫ് പറയുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തടയാന്‍ ആദ്യം സമൂഹം മാറട്ടെ എന്നു കാത്തിരിക്കുകയല്ല വേണ്ടത്, അവനവനില്‍ തുടങ്ങേണ്ടതാണ് മാറ്റമെന്നും ജോസഫ് പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top