ദൈനംദിനജീവിതത്തെ അനായാസമാക്കുന്ന നൂതനസംവിധാനങ്ങള്‍ അണിനിരത്തി കൊച്ചി മേക്കര്‍ വില്ലേജ്.
കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി, ഹാഷ് ഫ്യൂച്ചര്‍ നടക്കുന്ന ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററിലെ ഡിജിറ്റല്‍ പ്രദര്‍ശന വേദിയില്‍ ദൈനംദിനജീവിതത്തെ അനായാസമാക്കുന്ന നൂതനസംവിധാനങ്ങള്‍ അണിനിരത്തി കൊച്ചി മേക്കര്‍ വില്ലേജ്.
വില്ലേജിലെ 11 സ്റ്റാര്‍ട്ടപ്പുകളാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിതം അനായാസമാക്കുന്ന ഉല്‍പ്പന്നങ്ങളുമായി ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ പ്രദര്‍ശനത്തില്‍ എത്തിയത്.
11 സ്റ്റാര്‍ട്ടപ്പുകളുടെയും ഉല്‍പ്പന്നങ്ങള്‍ തിരക്കേറിയ ജീവിതത്തില്‍ തുണയാകുന്നതെങ്ങനെയെന്നു വിവരിക്കുന്ന ആനിമേഷന്‍ വിഡിയോയും പ്രദർശിപ്പിച്ചു.
രാവിലെ ഒരു ദിനം തുടങ്ങുന്നതു മുതല്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ജോലികള്‍ ലഘൂകരിക്കാനും ജീവിതപ്രതിസന്ധികളെ നേരിടാനും സഹായിക്കുന്ന ആപ്പുകള്‍ അവതരിപ്പിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍. അതിരാവിലെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും വീട്ടുപകരണങ്ങളെ സ്വയം പ്രവര്‍ത്തനത്തിനായി സജ്ജമാക്കുകയും ചെയ്യുന്ന ആപ്പ് ആണ് ഓട്ടോം ടെക്നോളജീസ് അവതരിപ്പിക്കുന്നത്. ചായയ്ക്കുള്ള പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്ന ആപ്പുമായാണ് റസനോവ ടെക്നോളജീസ് രംഗത്തുള്ളത്. അതിവേഗം തുണികള്‍ തിരഞ്ഞെടുത്ത് അളവുകള്‍ക്കനുസരിച്ച് വസ്ത്രം തയാറാക്കി വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന ആപ്പ് പെര്‍ഫിറ്റ് എന്ന സ്റ്റാര്‍ട്ടപ്പിന്‍റേതാണ്.
ഓട്ടോമറ്റിക് സൈക്കിള്‍ സവാരിക്കു സഹായിക്കുന്ന ആപ്പ് ആണ് ഇന്‍സ്പൈറീന്‍ ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് ഒരുക്കിയിരിക്കുന്നത്.
യാത്രകള്‍ക്കിടെ തണുത്ത പാനീയം വേണമെങ്കില്‍ നവ ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പിന്‍റെ ഓട്ടമേറ്റഡ് നീര ഹാര്‍വസ്റ്റിങ് യന്ത്രം സഹായിക്കും. തെങ്ങില്‍നിന്ന് നേരിട്ട് നീരയെത്തിക്കുന്ന യന്ത്രസംവിധാനമാണിത്. കളഞ്ഞുപോകുന്നതോ പിടിച്ചുപറിക്കപ്പെട്ടതോ ആയ വസ്തുക്കള്‍ ഓട്ടമേറ്റഡ് ട്രാക്കിങ്ങിലൂടെ കണ്ടെത്തുന്ന ടെക്നോറിപ് സൊലൂഷന്‍സ്, വെള്ളത്തില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ മുങ്ങിയെടുക്കുന്ന ഡ്രോണുകള്‍ അവതരിപ്പിക്കുന്ന ഐറോവ്, ബാങ്കുകളിലും റസ്റ്ററന്‍റുകളിലും സേവനത്തിന് ഉപയോഗിക്കാവുന്ന റോബോട്ടുകള്‍ അവതരിപ്പിക്കുന്ന അസിമോവ് റോബോട്ടിക്സ് എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ ദൈനംദിന പ്രശ്നങ്ങളെ അതിവേഗം പരിഹരിക്കാന്‍ സഹായിക്കുന്നു.
അനാവശ്യ സ്പര്‍ശങ്ങളുണ്ടാകുമ്പോള്‍ ചെറിയ ഷോക്ക് നല്‍കി രക്ഷപ്പെടാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന ന്യോക്കാസ് ടെക്നോളജീസിന്‍റെ ഉല്‍പ്പന്നം സ്ത്രീകള്‍ക്ക് ആശ്വാസമാകും.
ജോലിത്തിരക്കു കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോള്‍ സ്വയം റൊട്ടിയുണ്ടാക്കി സഹായിക്കുന്ന റൊബിറ്റോ എന്ന യന്ത്രസംവിധാനമാണ് സെക്ടര്‍ ക്യൂബ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. വീട്ടിലെ യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും മുന്നറിയിപ്പ് നല്‍കുകയും അതിലൂടെ ഊര്‍ജദുരുപയോഗം കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമാണ് ഗ്രീന്‍ടേണ്‍ ടെക്നോളജീസ് അവതരിപ്പിക്കുന്നത്.
മനുഷ്യസഹായവും കറന്‍സി ഇടപാടുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വയംനിയന്ത്രിത സൂപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുകയാണ് വാട്ട്അസെയ്ല്‍ എന്ന സ്റ്റാര്‍ട്ടപ്പ്. ക്യൂആര്‍ കോഡ് വഴിയാകും പ്രവേശനം. വര്‍ഷം മുഴുവനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധാരണ സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ലഭ്യമാകും. ഉടന്‍ കേരളത്തില്‍ ഇത് അവതരിപ്പിക്കുമെന്നും സ്ഥാപകര്‍ പറഞ്ഞു.
2013ല്‍ വിപണിയിലറങ്ങിയ ശാസ്ത്ര എന്ന സ്റ്റാര്‍ട്ടപ്പ് മൊബൈല്‍ ടച് സ്ക്രീനുകളും കാര്‍ ഇന്‍ഫൊടെയ്ന്‍മെന്‍റ്ും ഏവിയേഷന്‍ പാനലുകളും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള റോബോട്ടിക് സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ബഹുരാഷ്ട്രകമ്പനിയായ ബോഷ് ഉള്‍പ്പെടെയുള്ളവര്‍ ശാസ്ത്രയുടെ ഉപയോക്താക്കളാണ്. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ മൂന്നംഗ സംഘമാണ് ശാസ്ത്ര സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍.
സിനിമ തിയറ്ററുകളും മാളുകളുമായി സഹകരിച്ച് വിശേഷാവസരങ്ങളില്‍ ആശംസകള്‍ കൊണ്ട് പ്രിയപ്പെട്ടവരെ വിസ്മയിപ്പിക്കാന്‍ അവസരമൊരുക്കുന്ന സംവിധാനമാണ് ഹാഷ്ഹുഷ് സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കിടെ തിയറ്ററിലെ ബിഗ് സ്ക്രീനില്‍ പ്രിയപ്പെട്ടവര്‍ക്കായുള്ള ആശംസ ഫോട്ടോയ്ക്കൊപ്പം തെളിയുകയും കേക്ക് ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സമ്മാനക്കിറ്റ് ലഭിക്കുകയും ചെയ്യും. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമില്‍ കളിക്കാന്‍ അവസരമൊരുക്കുന്ന ടില്‍റ്റ് ലാബ്സ് സ്റ്റാര്‍ട്ടപ്പിന്‍റെ സംവിധാനം കുട്ടികള്‍ക്കും സ്പോര്‍ട്സ് പ്രേമികള്‍ക്കും ഏറെ പ്രിയങ്കരമാകുന്നതാണ്.
ഹോസ്പിറ്റാലിറ്റി, ബാങ്കിങ് മേഖലകളില്‍ വ്യക്തികള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന ഹിറോ എന്ന റോബോട്ട് ആണ് റോബോഇന്‍വെന്‍ഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. ഹോട്ടല്‍ ലോബികളില്‍ ചായയും വെള്ളവുമെല്ലാം റോബോട്ടിന്‍റെ കയ്യില്‍നിന്നു കിട്ടും. ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ചികില്‍സ സ്വീകരിക്കാന്‍ സഹായിക്കുന്ന ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ടപ്പും പ്രദര്‍ശനത്തിനുണ്ട്.
കെട്ടിടനിര്‍മാണ സാമഗ്രികള്‍ നിര്‍മാണസ്ഥലത്ത് എത്തിക്കുകയും നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള കെട്ടിടത്തിന്‍റെ 3 ഡി കാഴ്ച ഒരുക്കുകയും ചെയ്യുന്ന ബില്‍ഡ് നെക്സ്റ്റ് സ്റ്റാര്‍ട്ടപ്പും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗ്ലോഹീല്‍, ഹോളോ ലെന്‍സ് തുടങ്ങി ഒട്ടേറെ പുതിയ ആപ്പുകള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി സൗരോര്‍ജ യാത്രാബോട്ടുകള്‍ അവതരിപ്പിച്ച കൊച്ചിയിലെ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് എന്ന സ്റ്റാര്‍ട്ടപ്പും പ്രദര്‍ശനത്തില്‍ സജീവമാണ്. സാങ്കേതിക മേഖലയില്‍ കേരളത്തിന്‍റെ ഭാവി സൂചിപ്പിക്കുന്ന 270 ഡിഗ്രി വീഡിയോ വാളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഹാഷ് ഫ്യൂച്ചറിലൂടെ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ പുരോഗതിക്കായി കേരളത്തെ ഒരുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്നത് സ്റ്റാര്‍ട്ടപ്പുകളായിരിക്കുമെന്നും അത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുകയും അവയെ രൂപപ്പെടുത്തുകയുമാണ് മേക്കര്‍ വില്ലേജിന്‍റെ ചുമതലയെന്നും മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളാവും കേരളത്തിന്‍റെ ഡിജിറ്റല്‍ കുതിച്ചുചാട്ടത്തിന് രാസത്വരകമാകുന്നതെന്നും ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന സാങ്കേതക നവീനതകള്‍ അവതരിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്