അവര്‍ക്ക് ആര്‍ത്തവം ഉണ്ടോ? രതിമൂര്‍ച്ചയുണ്ടോ? ഡോ:ഷിംന അസീസ് പറയുന്നു
ഡോ: ഷീംനയുടെ കുറിപ്പിന്റൈ പൂര്‍ണ്ണരൂപം.
സെക്കന്‍ഡ് ഒപീനിയന്‍ – 012
വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥ. നമുക്കു ചുറ്റും നിശ്ശബ്ദം ഇവരെല്ലാം അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഇന്റര്‍സെക്സുകള്‍ക്കും ഇടയില്‍ അവരോട് ചേര്‍ന്ന് നിന്ന് കൊണ്ടാണിന്നത്തെ #SecondOpinion നിങ്ങളോട് സംസാരിക്കുന്നത്.
പുരുഷന്‍, സ്ത്രീ എന്നീ രണ്ട് നിര്‍വചനങ്ങള്‍ക്കുള്ളില്‍ വരാത്ത ഒരുപാട് ആളുകള്‍ ഈ ലോകത്തുണ്ട്. ഇവര്‍ പുരുഷനു സ്ത്രീയും കലര്‍ന്നവരാവാം, പുരുഷന്റെയും സ്ത്രീയുടെയും ഒരു സൂചനകളും ഇല്ലാത്തവരാവാം, പുരുഷ-സ്ത്രീ സ്വഭാവങ്ങള്‍ക്കിടയിലൂടെ തുടര്‍ച്ചയായ ചാഞ്ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നവരാവാം. ഇങ്ങനെ ഒരുപാട് തരത്തിലുള്ളവരുണ്ടെങ്കിലും പൊതുവെ ട്രാന്‍സ്ജെന്‍ഡറുകളെയും ഇന്റര്‍സെക്സുകളെയും ആണ് ഇവരില്‍ നമുക്കേറേ പരിചയമുള്ളത്.
ജനിക്കുമ്ബോള്‍ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ട്രാന്‍സ്ജെന്‍ഡറുകള്‍. പുരുഷന്റെ ശരീരത്തില്‍ സ്ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സുമായും ജീവിക്കുന്ന വ്യക്തികളാണിവര്‍. ഒപ്പം ഇത് രണ്ടുമല്ലാതെ മൂന്നാംലിംഗം ആയി ജീവിക്കുന്നവരുമുണ്ട്. നമ്മള്‍ക്ക് പ്രകൃതി തന്ന ഔദാര്യം മാത്രമാണ് നമ്മുടെ ജെന്‍ഡര്‍. അത്തരത്തിലൊന്നാണ് ആത്മാവ് കൊണ്ട് മറ്റൊരു ജെന്‍ഡറായി ശരീരത്തെ മനസ്സോട് ചേര്‍ക്കാനാകാത്ത ട്രാന്‍സ്ജെന്‍ഡറും. അവര്‍ ഒരു യാഥാര്‍ഥ്യമാണ്.
ക്രോമസോം വ്യതിയാനം കൊണ്ട് പുരുഷന്‍ (XY) അല്ലെങ്കില്‍ സ്ത്രീ(XX) ആയി ജനിക്കാതെ പകരം XXY അല്ലെങ്കില്‍ XYY, അതുമല്ലെങ്കില്‍ അതു പോലുള്ള മറ്റു ക്രോമസോമുകളുമായി ജനിക്കുന്നവരാണ് ‘ഇന്റര്‍സെക്സ്’ എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുല്‍പ്പാദന അവയവ ഘടനയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. ഇത് പുറം കാഴ്ചയില്‍ നിന്ന് വിപരീതമായ ശരീരഘടനയാവാം, ഒന്നിലധികം ഘടനകള്‍ കൂടിച്ചേര്‍ന്നതുമാവാം.
പലരും കരുതും പോലെ ട്രാന്‍സ്ജെന്ററോ ഇന്റര്‍സെക്സോ ആവുക എന്നത് ഒരു ചോയ്സ് അല്ല. അതൊരിക്കലും ‘തല്ല് കൊള്ളേണ്ട സൂക്കേടുമല്ല’. ഞാന്‍ സ്ത്രീയായി ജനിച്ചത് എന്റെ തീരുമാനമല്ല, നിങ്ങള്‍ സ്ത്രീയോ പുരുഷനോ ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് നിങ്ങളുടെ തീരുമാനവുമല്ല. അതൊരു മാനസികമോ ശാരീരികമോ ആയ നിലയാണ്. തിരുത്തലില്ലാത്ത പ്രകൃതിയുടെ തീരുമാനമാണ്. അവരെ ഉള്‍ക്കൊള്ളാത്തിടത്തോളം അഭിമാനകരമായ സ്വന്തം സ്ത്രീത്വത്തെ കുറിച്ചോ പൗരുഷത്തിന്റെ ഔന്നത്യത്തെ കുറിച്ചോ ഒക്കെ വാചാലരാകാന്‍ അതിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലാത്ത നമുക്കവകാശമില്ല.
അവര്‍ക്ക് ആര്‍ത്തവമുണ്ടോ, രതിമൂര്‍ച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനോടൊപ്പം ഇരിക്കാനോ അവര്‍ക്ക് ജോലിസ്ഥലത്ത് നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നതിനെതിരെ ശബ്ദിക്കാനോ നമ്മളില്‍ ഭൂരിഭാഗവുമില്ല.
ഈ അവസ്ഥ മാറിയേ മതിയാവൂ. ഇവരെന്തെന്ന് മനസ്സിലാക്കാനും ഇവരെയെല്ലാം നമ്മിലൊരാളായി കാണാനും നമ്മള്‍ തയ്യാറായേ തീരൂ. ട്രാന്‍സ്ജെന്‍ഡറുകളെയും ഇന്റര്‍സെക്സുകളെയും പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും, അവരുടെ കൂടെയാണ് ഞാനെന്നും ഉറക്കെ പ്രഖ്യാപിക്കാന്‍ കൂടി ഞാനിന്നത്തെ സെക്കന്‍ഡ് ഒപ്പീനിയന്‍ ഉപയോഗിക്കുകയാണ്. ഒത്തിരി സ്നേഹം, ഐക്യദാര്‍ഢ്യം…
വാല്‍ക്കഷ്ണം : ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുന്നിടത്തും ചടങ്ങുകളിലും എന്ന് വേണ്ട സകലയിടത്തും ഇവര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. അവര്‍ പെണ്ണാകുന്നതോ ആണാകുന്നതോ അനാശ്യാസത്തിനു വേണ്ടിയുള്ള മറയാണെന്ന് ആരോപിക്കുന്നു, അതിക്രമിക്കുന്നു! അരുത്. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കുക. അവരെ ഒറ്റപ്പെടുത്തുന്നതിന് ഒരേയൊരു പേരേയുള്ളൂ- മനുഷ്യാവകാശലംഘനം. നമുക്കു ചുറ്റുമുള്ള ഭൂരിഭാഗവും ആണോ പെണ്ണോ ആയത് പോലെത്തന്നെയാണ് ഇവര്‍ ട്രാന്‍സ്ജെന്‍ഡറുകളും ഇന്റര്‍സെക്സും ഒക്കെ ആയത്. ഇത് മനസ്സിലാക്കുക ഇവരുടെ കൂടെ നില്‍ക്കുക.
– Dr. Shimna Azeez
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്