×

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ പൂനെയില്‍

ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ കണക്കിലെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ പൂനെയില്‍ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് തീരുമാനം അറിയിച്ചത്. മത്സരം കേരളത്തിലേയ്‌ക്കെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ തീരുമാനം നിര്‍ണായകമാവുകയായിരുന്നു. കാവേരി പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇത്തവണ ചെന്നൈയില്‍ നടത്തുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നത്.

കാവേരി നദീജല വിഷയത്തില്‍ വിവിധ തമിഴ്‌സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും സിനിമാ താരങ്ങളും ഉള്‍പ്പെടെ വന്‍പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് വേദിയാകേണ്ടത്. ഏപ്രില്‍ പത്തിന് കനത്ത സുരക്ഷയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം നടന്നത്. എന്നാല്‍ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വേദിമാറ്റമെന്ന തീരുമാനത്തിലേക്ക് വീണ്ടും എത്തിയത്.

കഴിഞ്ഞ ദിവസം മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ നിന്ന് ചിലര്‍ ഗ്രൗണ്ടിലേക്ക് ചെരുപ്പെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎ ചിദംബരം സ്റ്റേഡിയത്തിന് സമീപം റോഡ് ഉപരോധിച്ച സംവിധായകരായ ഭാരതി രാജ, വെട്രിമാരന്‍, സീമാന്‍, കവി വൈരമുത്തു എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റുമെന്നും ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഐപിഎല്‍ ചെന്നൈയില്‍ നിന്ന് മാറ്റില്ലെന്ന് വ്യക്തമാക്കി രാജീവ് ശുക്ല തന്നെ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ നടക്കുമെന്നും ഐപിഎല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ചെന്നൈയുടെ ആദ്യഹോം മത്സരം ഏപ്രില്‍ പത്തിന് നടന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top