രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്രത്തിന് അരികെ.
റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്രത്തിന് അരികെ. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഹരിയാണക്കെതിരെ കേരളം ഇന്നിങ്സ് വിജയത്തിന് വേണ്ടി പൊരുതുകയാണ്. ഹരിയാണയെ തോല്‍പിക്കാനായാല്‍ കേരളത്തിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാം.
രണ്ടാം ഇന്നിങ്സില്‍ 61 റണ്‍സെടുക്കുന്നതിനിടയില്‍ ഹരിയാണക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ് ഹരിയാണ. കേരളത്തിന്റെ ലീഡ് മറികടക്കാന്‍ ഹരിയാണക്ക് ഇനിയും 98 റണ്‍സ് കൂടി വേണം. ഒരു ദിവസം ബാക്കി നില്‍ക്കെ ലീഡ് മറികടക്കുന്നതിന് മുമ്ബ് ഹരിയാണയെ പുറത്താക്കിയാല്‍ ഇന്നിങ്സ് വിജയത്തോടെ ക്വാര്‍ട്ടര്‍ എന്ന സ്വപ്നം കേരളം സ്വന്തമാക്കും.
രണ്ടാമിന്നിങ്സില്‍ ജലജ് സക്സേനയും ബേസില്‍ തമ്ബിയുമാണ് ഹരിയാണയുടെ ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. ഇരുവരും ഇതുവരെ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയി. 25 റണ്‍സുമായി രജത് പലിവാലും 15 റണ്‍സുമായി അമിത് മിശ്രയുമാണ് ക്രീസില്‍.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളം 389 റണ്‍സ് അടിച്ചെടുത്തു. ഇതോടെ 181 റണ്‍സിന്റെ ലീഡും കേരളത്തിന്റെ അക്കൗണ്ടിലെത്തി. 91 റണ്‍സടിച്ച ജലജ് സക്സനേയ്ക്ക് പുറമെ 93 റണ്‍സ് നേടിയ രോഹന്‍ പ്രേമും 60 റണ്‍സടിച്ച ബേസില്‍ തമ്ബിയുമാണ് കേരളത്തിന് ലീഡ് നല്‍കുന്ന ഇന്നിങ്സ് പുറത്തെടുത്തത്. 75 പന്തില്‍ 60 റണ്‍സടിച്ച് ഏകദിന ശൈലിയിലായിരുന്നു ബേസില്‍ തമ്ബിയുടെ ബാറ്റിങ്.
ഹരിയാണയെ 208 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ മൂന്നു റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക് പുറത്തായി. എന്നാല്‍ പിന്നീട് ജലജ് സക്സേനയും രോഹന്‍ പ്രേമും രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 172 റണ്‍സാണ് സ്കോറിനൊപ്പം ചേര്‍ത്തത്. 205 പന്ത് നേരിട്ട ജലജ് 91 റണ്‍സടിച്ച് പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 16 റണ്‍സെടുത്തും പുറത്തായി.
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ മികവില്‍ കേരളം ഹരിയാണയെ 208 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് റണ്‍സെടുക്കുന്നതിനിടയിലാണ് ഹരിയാണക്ക് അവസാന നാല് വിക്കറ്റും നഷ്ടമായത്. 40 റണ്‍സെടുത്ത ജി.എ സിങ്ങും 46 റണ്‍സടിച്ച രജത് പലിവാലും ഹരിയാണയുടെ ഇന്നിങ്സില്‍ ചെറുത്ത്നില്‍പ്പ് നടത്തി.
അഞ്ചു മത്സരങ്ങളില്‍ നാലു ജയവും ഒരു തോല്‍വിയുമായി 24 പോയന്റോടെ കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. നാലു വിജയമടക്കം 27 പോയന്റുമായി ഗുജറാത്ത് ഒന്നാമതും മൂന്നുകളിയില്‍ 23 പോയന്റുമായി സൗരാഷ്ട്ര മൂന്നാമതും നില്‍ക്കുന്നു. അഞ്ചു കളിയില്‍ ഒമ്ബതുപോയന്റുമായി അഞ്ചാം സ്ഥാനത്തുനില്‍ക്കുന്ന ഹരിയാണയുടെ നോക്കൗട്ട് സാധ്യത അവസാനിച്ചുകഴിഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്