×

ആത്മഹത്യയോ അപകടമോ കൊലപാതകമോ ? ശ്രീദേവിയുടെ മരണത്തില്‍ അടിമുടി ദുരൂഹത

അസ്വാഭാവിക മരണത്തിനു മൂന്നു സാധ്യതകളാണുള്ളത്. അപകടം, ആത്മഹത്യ, കൊലപാതകം ഈ മൂന്ന് സാധ്യതകളും അന്വേഷണ സംഘം ആരായുന്നുണ്ട്. നടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനാല്‍ മദ്യപിച്ച്‌ ലക്കുകെട്ട് അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് അനുമാനിക്കേണ്ടത്. ശനിയാഴ്ച രാത്രി 11ന് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലായിരുന്നു ആയിരക്കണക്കിന് ആരാധകരെ ഞെട്ടിപ്പിച്ച മരണം നടന്നത്. ഒരാഴ്ച മുന്‍പ് റാസല്‍ഖൈമയില്‍ നടന്ന ചലച്ചിത്ര നടനായ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണികപൂര്‍, ഇളയമകള്‍ ഖുഷി എന്നിവരും ദുബായിലെത്തിയത്. വിവാഹ ശേഷം മറ്റുള്ളവരെല്ലാം മുംബൈയിലേയ്ക്ക് തിരിച്ചുപോയെങ്കിലും ശ്രീദേവിയും കുടുംബവും കുറച്ചുദിവസത്തേയ്ക്ക് കൂടി ദുബായില്‍ തങ്ങുകയായിരുന്നു.

സംഭവ ദിവസം വൈകിട്ട് അഞ്ചിന് പുറത്ത് പാര്‍ട്ടിക്കുപോകാമെന്ന് ഭര്‍ത്താവ് ബോണി കപൂര്‍ പറഞ്ഞതിനെ തുടര്‍ന്ന് ശ്രീദേവി കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയും 15 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതിലില്‍ മുട്ടുകയും ചെയ്തു. എന്നാല്‍ വാതില്‍ അകത്ത് നിന്ന് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച്‌ തുറന്നപ്പോള്‍ ബാത് ടബ്ബില്‍ ബോധമറ്റ് കിടക്കുന്നതാണ് കണ്ടത്. പിന്നീട് മെഡിക്കല്‍ സംഘമെത്തി മരണം സ്ഥിരീകരിച്ചു. ഇതില്‍ ബോണി കപ്പൂര്‍ പറയുന്ന വിശദാംശങ്ങള്‍ പൊലീസിന് ഉള്‍ക്കൊള്ളനായിട്ടില്ല.

സ്വാഭാവിക മരണമായി കണക്കാക്കി പോസ്റ്റ്മോര്‍ട്ടം പോലും വേണ്ടാതെ ഇന്ത്യയിലേക്ക് അയയ്ക്കാനിരുന്ന മൃതദേഹമാണ് മരണം സംഭവിച്ച്‌ രണ്ടു ദിവസമായിട്ടും വിട്ടുകിട്ടാന്‍ വൈകുന്നത്. ഇതോടൊപ്പം ശ്രീദേവിയുടേത് ബോധക്ഷയം സംഭവിച്ച്‌ ബാത്ത്ടബില്‍ വീണു മുങ്ങിമരിച്ചതാണെന്ന റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. എങ്ങനെയാണ് ബോധക്ഷയം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

ആദ്യം ഹൃദയാഘാതം…. പിന്നെ ബാത്ത് ടബ്

ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നായിരുന്നു ആദ്യം പൊലീസിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍, ഫൊറന്‍സിക് റിപോര്‍ട് വൈകിയതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുള്ളതായി സംശയമുയര്‍ന്നു. ഏതായാലും റിപ്പോര്‍ട്ട് വന്നതോടെ എല്ലാം കീഴ് മേല്‍ മറിഞ്ഞു. ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ട്, ബാത്ത്ടബില്‍ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ്. മരണത്തിനു കാരണമായി ‘മുങ്ങിമരണം’ എന്നു റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. അപ്പോള്‍ ഒരു സംശയം പൊന്തിവരും, ബാത്ത്ടബില്‍ വീണാല്‍ ഒരാള്‍ മരിക്കുമോ? ഒരു വ്യക്തി ‘മുങ്ങി’മരിക്കുന്നതിനു ബാത്ത്ടബിലെ വെള്ളം തന്നെ ധാരാളമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ശ്വാസകോശത്തില്‍ ഒരു ഗ്ലാസ് വെള്ളം കയറിയാല്‍ പോലും മരണം സംഭവിക്കും. ശ്വാസം തടസ്സപ്പെടുന്നതാണു കാരണം. ബോധരഹിതമായ അവസ്ഥയാണെങ്കില്‍ മരണസാധ്യത പിന്നെയുമേറും.

ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മരണ സര്‍ടിഫിക്കറ്റ് ബന്ധുക്കള്‍ കൈപ്പറ്റിയത്. തുടര്‍ന്ന് പാസ്പോര്‍ട്ട് റദ്ദാക്കുകയും മറ്റു നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, പബ്ലിക് പ്രോസിക്യൂട്ടറുടെ അടുത്ത് സര്‍ടിഫിക്കറ്റ് എത്താന്‍ വൈകി. ഇതോടെ എല്ലാം അവതാളത്തിലായി. ഇന്ന് ഉച്ചയോടെ മാത്രമേ മൃതദേഹം മുംബൈക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഇപ്പോഴത്തെ നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് അനുമതി പത്രം ലഭിക്കുക എങ്കില്‍ സമയം പിന്നെയും നീളാന്‍ സാധ്യതയുണ്ട്. ഏതായാലും ചൊവ്വാഴ്ച വൈകിട്ടോടെ മൃതദേഹം മുംബൈയിലെത്തുമെന്ന് തന്നെയാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

ബാത്ത് ടബിലെ മരണം

ഒരല്‍പം വെള്ളം പോലും ശ്വാസനാളത്തില്‍ എത്തിയാല്‍ ശ്വാസതടസ്സത്തിനും തുടര്‍ന്നുള്ള മരണത്തിനും കാരണമാകും. പക്ഷേ അങ്ങനെ വെള്ളം ഉള്ളില്‍ പോകണമെങ്കില്‍ പ്രസ്തുത വ്യക്തിക്കു ഭാഗികമായോ പൂര്‍ണമായോ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകണം. ബോധരഹിതയായി ബാത്ത്ടബില്‍ വീണു മുങ്ങി മരിച്ചതാണു ശ്രീദേവിയെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദയാഘാതം തന്നെയാകാം, ഇതിനെത്തുടര്‍ന്ന് ബോധക്ഷയം സംഭവിക്കാം. അതുവഴി ആസ്പിരേഷനും. എന്നാല്‍ ശ്രീദേവിയുടെ കാര്യത്തില്‍ ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നാണു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഹൃദയധമനികളില്‍ തടസ്സം ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാകും. ഇതാണ് ദുരൂഹത കൂട്ടുന്നത്.

അപസ്മാരം കാരണം ബോധം ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കു വെള്ളം കയറാന്‍ സാധ്യതയുണ്ട്. പക്ഷെ ശ്രീദേവിക്ക് നേരത്തേ അപസ്മാരമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളില്ല. നല്ലപോലെ മദ്യലഹരിയിലോ ഉറക്കഗുളികളോ മറ്റു പദാര്‍ഥങ്ങളുടെ ലഹരിയിലോ ബാത്ത്ടബില്‍ വീണും മരണം സംഭവിക്കാം. ഒന്നുകില്‍ ബോധം മുഴുവനായോ ഭാഗികമായോ പോകാം. ഇല്ലെങ്കില്‍ ലഹരിയുടെ സമയത്തു മേല്‍പറഞ്ഞ ശ്വാസ/അന്നനാളങ്ങള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന പ്രക്രിയ അത്ര പ്രവര്‍ത്തനക്ഷമം ആയിരിക്കില്ല. ഇതിനാല്‍ തന്നെ അമിതമായി മദ്യപിച്ചാല്‍, ആ അവസ്ഥയില്‍ വെള്ളം മൂക്കിലോ വായിലോ നിറയാനും അതു ശ്വാസകോശത്തിലേക്കു കയറാനും സാധ്യതയേറെയാണ്.

തലയ്ക്ക് അടിയേറ്റിട്ടുണ്ടെങ്കില്‍ അക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. തലയ്ക്കു പിന്നില്‍ ചതഞ്ഞ അടയാളമോ രക്തം കട്ടപിടിച്ച നിലയിലോ തലച്ചോറിലോ തന്നെ ലക്ഷണങ്ങള്‍ കാണപ്പെടും. അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളുമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top