ശമ്പള വര്‍ധനവ് 30 ദിവസത്തിനകം നടപ്പിലാക്കും തപാല്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കഴിഞ്ഞ 10 ദിവസമായി നടന്നുവന്ന തപാല്‍ ആര്‍എംഎസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് കേരളത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ചീഫ് പിഎംജിയുടെ നിര്‍ദ്ദേശപ്രകാരം ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വീസസ് സയിദ് റഷീദുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ എന്‍എഫ്പിഇ എഫ്‌എന്‍പിഒ സംഘടനകള്‍ തീരുമാനിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ജിഡിഎസ് വേതനപരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് തപാല്‍ വകുപ്പ് സെക്രട്ടറി എഎന്‍ നന്ദ അറിയിച്ചതായി സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി. പോസ്റ്റല്‍ വകുപ്പ് സെക്രട്ടറിയുടെ ഇതു സംബന്ധിച്ച പ്രത്യേക അഭ്യര്‍ഥന സംഘടനകള്‍ക്ക് നല്‍കി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകളും ഒപ്പുവച്ചു. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് തപാല്‍ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥ മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഗണിച്ചും വ്യക്തമായ ഉറപ്പ് ലഭിച്ചതിനാലും പണിമുടക്കം താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിക്കുകയായിരുന്നു. എത്രയുംവേഗം ജോലിയില്‍ തിരികെ പ്രവേശിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ തീര്‍ത്ത് സര്‍വീസ് പുനരാരംഭിക്കുവാന്‍ പരമാവധി പരിശ്രമിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പണിമുടക്കിന് പിന്തുണ നല്‍കിയ മുഴുവന്‍ ജനങ്ങളേയും ജനപ്രതിനിധികളേയും സംഘടനകളേയും സംയുക്ത സമരസമിതി നന്ദി അറിയിച്ചു. പണിമുടക്ക് രംഗത്ത് ഐക്യത്തോടെ അടിയുറച്ചുനിന്ന മുഴുവന്‍ ജീവനക്കാരെയും സംയുക്ത സമരസമിതി അഭിവാദ്യം ചെയ്തു. നിശ്ചിതസമയത്തിനകം ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് എന്‍എഫ്പിഇഎഫ്‌എന്‍പിഒ സംഘടനകള്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്