മൂന്നേക്കറുള്ള പത്മതീര്ത്ഥകുളം വറ്റിച്ചു; പുണ്യതീര്ത്ഥമാക്കാന് 500 ലക്ഷം
തിരുവനന്തപുരം∙ തീർഥാടക സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പത്മതീർഥത്തിന്റെ നവീകരണം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി 5.96 കോടി രൂപ ചെലവഴിച്ചാണു പത്മതീർഥം നവീകരിക്കുന്നത്. ചുറ്റു മണ്ഡപങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ആറു മാസം കൊണ്ടു നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി പത്മതീർഥക്കുളം പൂർണമായും വറ്റിച്ചു.
മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്നതാണു പത്മതീർഥക്കുളം. കുളത്തിനു ചുറ്റും ഒൻപത് ഓടിട്ട കൽമണ്ഡപങ്ങളും ഒരു കരിങ്കൽ മണ്ഡപവും നിലവിലുണ്ട്. മറ്റൊരു കൽമണ്ഡപം പൊളിഞ്ഞു പത്മതീർഥത്തിൽ കിടക്കുന്നതും പുതുക്കിപ്പണിയാനാണു പദ്ധതി. പൈതൃക ചാരുത ഒട്ടും ചോരാതെയാണു മണ്ഡപങ്ങളുടെ നിർമാണം. കുളത്തിലേക്കുള്ള എല്ലാ കൽപടവുകളും പുനർനിർമിക്കും. കൂടാതെ കിഴക്കു വശത്തുള്ള ഓടിട്ട വലിയ മണ്ഡപം പുതുക്കിപ്പണിയും.
അതൊരു ഫോട്ടോ പോയിന്റ് മണ്ഡപമാക്കും. ഈ മണ്ഡപത്തിൽനിന്നു ക്ഷേത്രം, പത്മതീർഥം എന്നിവയുടെ ഉൾപ്പെടെ ഉള്ള ഫോട്ടോ എടുക്കാൻ സാധിക്കുംവിധമാണു നിർമാണം. പടിഞ്ഞാറു വശത്തുള്ള തന്ത്രിമഠവും പുതുക്കിപ്പണിയും. സുപ്രീം കോടതി നിർദേശ പ്രകാരം രണ്ടു വർഷം മുൻപും പത്മതീർഥം നവീകരിച്ചിരുന്നു. കൽമണ്ഡപങ്ങൾ പൊളിച്ചത് ഏറെ വിവാദത്തിനു വഴിവച്ചു. അന്നും കുളം വറ്റിച്ചു നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജലം ശുദ്ധമല്ലെന്നു കണ്ടാണു വീണ്ടും നവീകരണം നടത്തുന്നത്.
നാലു നടകളുടെയും പൈതൃകം സംരക്ഷിച്ചുകൊണ്ടു നവീകരണ പ്രവർത്തനം നടത്തും. ഇതിന്റെ ഭാഗമായി ഇപ്പോൾ ഉള്ള ഇലക്ട്രിക്, ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലേക്കു മാറ്റുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. നാലു നടകളിലും കരിങ്കല്ലു പാകിയ വഴികളാക്കും. ഡ്രെയിനേജ്, കുടിവെള്ളം തുടങ്ങിയവയുടെ പണികൾ വേഗത്തിൽ നടക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കും വടക്കുമുള്ള പണികൾ നിർമിതി കേന്ദ്രവും തെക്കും പടിഞ്ഞാറും ഉള്ള പണികൾ ഹൗസിങ് ബോർഡുമാണു ചെയ്യുന്നത്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്