കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഇന്ത്യന്‍ നിയമവ്യവസ്ഥ മെത്രാന്‍മാര്‍ക്കും രൂപതകള്‍ക്കും ബാധകമെന്ന് കോടതി
തനിക്കെതിരെ നടപടി എടുക്കാനുള്ള അധികാരം പോപ്പിന് മാത്രമാണെന്നും ഇതുവരെ മാര്‍പാപ്പയുടെ ഭാഗദ്ദ് നിന്ന് നടപടി ഉണ്ടായിട്ടില്ല എന്നും കര്‍ദിനാള്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു
കൊച്ചി: എറണാകുളം അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രൂപതകളും അതിരൂപതയും മെത്രാന്മാരുമെല്ലാം ഇന്ത്യന്‍ നിയമത്തിന് അധീനരാണെന്ന് കോടതി വ്യക്തമാക്കി. എറണാകുളം അതിരൂപതയുടെ വിവാദമായ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന കേസിന്റെ വാദത്തിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭൂമി കച്ചവടവിഷയത്തില്‍ കര്‍ദിനാളിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമോയെന്ന് കോടതി ഉച്ചക്കുശേഷം വിധിപറയും. ഇതിന് മുന്‍പ് വാദം പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.
ഭൂമി കച്ചവടത്തില്‍ നിയമലംഘനം നടന്നുവെന്നും രൂപതയെ രൂപതാധ്യക്ഷനായ കര്‍ദിനാള്‍ ആലഞ്ചേരി വഞ്ചിച്ചുവെന്നും കാട്ടി രൂപത വിശ്വാസികളായ രണ്ടുപേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കര്‍ദിനാളിനെതിരേ ഹര്‍ജിക്കാരന്‍ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസ് എടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടത്. കേസ് പരിഗണിക്കവെ ഇന്നലെ ഹൈക്കോടതി പൊലീസിനെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു.
കര്‍ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്ന് കോടതി ഇന്ന് പറഞ്ഞു. രാജാവല്ല കര്‍ദിനാള്‍. തനിക്ക് കാനോന്‍ നിയമം മാത്രമേ ബാധകമാകൂവെന്ന് നേരത്തെ കര്‍ദിനാള്‍ ആലഞ്ചേരി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശം. ആരും നിയമത്തിന് മുകളില്ല. എല്ലാവര്‍ക്കും മുകളിലാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിരൂപതയും രൂപതയുമൊക്കെ രാജ്യത്തെ നിയമങ്ങള്‍ക്ക് കീഴെയാണ് -കോടതി വ്യക്തമാക്കി.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്ന ദിവസം മുതല്‍ കര്‍ദിനാളിന്റെ നിലപാടുകളെ സംശയത്തോടെ വീക്ഷിക്കുന്ന നടപടികളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെയും പരാമര്‍ശങ്ങളുണ്ടായത്.
അതിരൂപതയുടെ സ്വത്തുക്കള്‍ തന്റെ സ്വത്തുക്കളാണെന്നും ഇത് ക്രയവിക്രയം നടത്താന്‍ തനിക്ക്് ആരുടെയും അനുവാദം വേണ്ടെന്നുമായിരുന്നു നേരത്തെ കര്‍ദിനാള്‍ ആലഞ്ചേരി കോടതിയില്‍ വ്യക്തമാക്കിയത്. ഇതിനെ ഇന്ന് കോടതി നിശിതമായാണ് വിമര്‍ശിച്ചത്.
സഭയുടെ കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകം. മറ്റ് കാര്യങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമാണ്. തിരൂപതയുടെ സ്വത്ത് അതിരൂപതയുടെ സ്വത്താണ്. അത് ആ രൂപതയുടെ തലവന്റെയോ വൈദികരുടെയോ സ്വത്തല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വത്തുക്കള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ രൂപത തലവനോ വൈദികര്‍ക്കോ അവകാശമില്ല. മാത്രമല്ല, വൈദികരും മെത്രാനും രൂപതയുമെല്ലാം ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അധീനരാണെന്നും കോടതി പറഞ്ഞു.
ഭൂമിയിടപാടിനെക്കുറിച്ച് രൂപതയുടെ വിവിധ സമിതികളില്‍ ചര്‍ച്ച നടന്നുവെന്നതിന്റെ രേഖകള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. കോടതി അത് പരിശോധിച്ച് വരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും ഹര്‍ജിക്കാര്‍ ഉന്നയിച്ച കര്‍ദിനാളിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്ന ആവശ്യത്തിന് കോടതി അനുമതി നല്‍കുക.
നിലവില്‍ ഈ വിഷയം മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും ഈ സാഹചര്യത്തില്‍ സമാന്തരമായ ഒരു അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടേണ്ടതില്ലെന്നും കര്‍ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇന്നലെ കേസ് പരിഗണിക്കുമ്ബോള്‍ ഭൂമിയിടപാടിന്റെ പണം ബാങ്ക് അക്കൗണ്ട് വഴി സഭയ്ക്ക് നല്‍കിയെന്ന് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ പണം ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം രിശോധിക്കേണ്ടതല്ലെയെന്ന് കോടതി ചോദിച്ചിരുന്നു.
കാനോന്‍ നിയമപ്രകാരം തനിക്കെതിരെ നടപടി എടുക്കാനുള്ള അധികാരം പോപ്പിന് മാത്രമാണെന്നും ഇതുവരെ മാര്‍പാപ്പയുടെ ഭാഗദ്ദ് നിന്ന് നടപടി ഉണ്ടായിട്ടില്ല എന്നും കര്‍ദിനാള്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ രാജ്യത്തെ നിയമം കര്‍ദിനാളിന് ബാധകമല്ലേയെന്നായിരുന്നു കോടതി അന്ന് തിരിച്ചു ചോദിച്ചത്. സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്നും സഭ ട്രസ്റ്റല്ലെന്നും രൂപതയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ അവകാശമുണ്ടെന്നും കര്‍ദിനാള്‍ കോടതിയെ അറിയിച്ചു. രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി കര്‍ദിനാളിന് എങ്ങനെ വില്‍ക്കാന്‍ സാധിക്കുമെന്ന് ചോദിച്ച കോടതി ഭൂമിയുടെ ഉടമസ്ഥവകാശം സംബന്ധിച്ച് വിശദമായ പരിശോധന അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
പൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച കോടതി പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് കേസ് എടുത്തില്ലെന്നു ചോദിച്ച കോടതി കേസ് എടുത്ത് അന്വേഷിക്കണമെന്നും പറഞ്ഞു. കേസ് എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സുപിം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാകുമെന്നും ഓര്‍മപ്പെടുത്തി.
എറണാകുളം അതിരൂപതയിലെ സാമ്ബത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്ബത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായമെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്.
രണ്ട് സഹായമെത്രാന്‍മാര്‍ ഉണ്ടെങ്കിലും സീറോ മലബാര്‍ സഭയുടെ മാതൃരൂപത എന്ന നിലയില്‍ സഭാധ്യക്ഷന്‍ കൂടിയായ മാര്‍ ജോര്‍ജ് അലഞ്ചേരിക്കാണ് അതിരൂപതയുടെ ഭരണച്ചുമതല. ഇതിനാല്‍ തന്നെ സഹായമെത്രാന്‍മാര്‍ക്ക് രൂപതയുടെ ഭരണത്തില്‍ കാര്യമായ പങ്ക് ഇല്ലെന്ന് നേരത്തെമുതല്‍ പരാതിയുയര്‍ന്നതാണ്. ഇപ്പോഴത്തെ ഭൂമി വില്‍പ്പന വിവാദത്തോടെ ഇത് സംബന്ധിച്ച പരാതി ശക്തമായിരുന്നു.
സീറോ മലബാര്‍ സഭാ ഭരണസംവിധാനമനുസരിച്ച് സഭയുടെ അധ്യക്ഷനാകുന്നയാളാകും എറണാകുളം -അങ്കമാലി അതിരൂപതയുടെയും അധ്യക്ഷന്‍. ഈ സാഹചര്യത്തില്‍ എറണാകുളം രൂപതയ്ക്ക് പുറത്തുനിന്നുള്ളവരാണ് രൂപതയുടെ അധ്യക്ഷന്‍മാരാകുന്നത്. സീറോ മലബാര്‍ സഭാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗില്‍ എറണാകുളം, തൃശൂര്‍ അതിരൂപതകളുടെ നേതൃത്വത്തിലുള്ള വിഭാഗത്തേക്കാള്‍ മെത്രാന്മാരുടെ പിന്തുണ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തുള്ള വിഭാഗത്തിനുണ്ട്. ഈ സാഹചര്യമാണ് ഇവര്‍ക്ക് താല്‍പര്യമുള്ള ബിഷപ്പ് സഭാധ്യക്ഷനായി വരാന്‍ കാരണം. ഇങ്ങനെ എറണാകുളം അതിരൂപതയ്ക്ക് പുറത്തുനിന്നുള്ള ബിഷപ്പ് സീറോ മലബാര്‍ സഭാധ്യക്ഷനെന്ന നിലയില്‍ രൂപതാധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതാണ് പ്രശ്നങ്ങള്‍ക്കുള്ള മൂലകാരണം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്