×

അമര്‍നാഥ് ഗുഹാക്ഷേത്രം ഇനി ‘നിശ്ശബ്ദമേഖല’: ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ _===== ഇത് ‘തുഗ്ലക്കി ഫത്വ’ – പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: ഹിമാലയത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തെ ‘നിശ്ശബ്ദമേഖല’യായി ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) പ്രഖ്യാപിച്ചു. ക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. മന്ത്രോച്ചാരണം, മണിയടിശബ്ദം, പ്രവേശനകവാടത്തില്‍ കാണിക്കയിടല്‍ തുടങ്ങിയവ വിലക്കിയിട്ടുണ്ട്. ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പരിസ്ഥിതിപ്രവര്‍ത്തകയായ ഗൗരി മൗലേഖിയുടെ ഹര്‍ജിയിലാണ് നടപടി. തീര്‍ഥാടകര്‍ക്ക് നല്‍കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി വ്യക്തമായ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. വരുന്ന ജനുവരി 18-ന് വിഷയം വീണ്ടും കേള്‍ക്കും. ട്രിബ്യൂണല്‍ ഉത്തരവിനെതിരേ വിശ്വഹിന്ദു പരിഷത് (വി.എച്ച്‌.പി.) രംഗത്തെത്തിയിട്ടുണ്ട്.

2012-ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാനസൗകര്യങ്ങളും മറ്റും നടപ്പാക്കിയിട്ടുണ്ടോ എന്നതിനെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രിബ്യൂണല്‍ നേരത്തേ ക്ഷേത്രം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. അപകടസാധ്യതയെപ്പറ്റി പഠിക്കാന്‍ ഉന്നതാധികാരസമിതിയെയും നിയോഗിച്ചിരുന്നു.

അമര്‍നാഥിലുള്ള ഒരു ഗുഹയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ശ്രീനഗറില്‍നിന്ന് 136 കിലോമീറ്റര്‍ വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പില്‍നിന്നും 3888 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം. മഞ്ഞിലുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത.

പ്രധാന നിര്‍ദേശങ്ങള്‍

  • ക്ഷേത്രത്തിനുള്ളില്‍ മന്ത്രോച്ചാരണമോ, ‘ജയകര’ വിളികളോ, മണിയടിശബ്ദമോ പാടില്ല.
  • ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ മുതല്‍ കൈയില്‍ ഒരു വസ്തുവും കരുതരുത്.
  • തീര്‍ഥാടകരുടെ വസ്തുക്കള്‍ സൂക്ഷിക്കാനായി അവസാന ചെക്ക്പോസ്റ്റിനു സമീപം പ്രത്യേകമുറി നിര്‍മിക്കണം.
  • ദര്‍ശനസൗകര്യത്തിനായി ശിവലിംഗത്തിനു മുന്നിലുള്ള ഇരുമ്ബ് ഗ്രില്ലുകള്‍ നീക്കം ചെയ്യണം.
  • ശബ്ദമലിനീകരണം പാടില്ല.
  • അവസാന ചെക്ക്പോസ്റ്റില്‍നിന്നും ഗുഹയിലേക്ക് ഒരു വരി മാത്രമേ പാടുള്ളൂ.

അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തണം

‘തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും അവിടെ ലഭിക്കുന്നുണ്ടോയെന്നതും, പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതും അമര്‍നാഥ് ക്ഷേത്രം ബോര്‍ഡ് ഉറപ്പുവരുത്തണം. ഹിമപാതം തടയുന്നതിനും ക്ഷേത്രത്തിന്റെ പ്രാചീനസ്വഭാവം സംരക്ഷിക്കുന്നതിനും ‘നിശ്ശബ്ദമേഖല’യായി പ്രഖ്യാപിച്ചത് സഹായിക്കും.’

-ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ (എന്‍.ജി.ടി. ചെയര്‍പേഴ്സണ്‍)

നിര്‍ദേശങ്ങള്‍ പുരോഗമനപരം

‘അമര്‍നാഥ് ഗുഹാക്ഷേത്രം പരിസ്ഥിതിലോല പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഈ നിര്‍ദേശങ്ങള്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യവും സുരക്ഷയും നല്‍കും. വരുംതലമുറയ്ക്കുവേണ്ടി ഇത് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പുരോഗമനപരമായ നിര്‍ദേശങ്ങളാണിത്.’

-ഗൗരി മൗലേഖി (പരിസ്ഥിതിപ്രവര്‍ത്തക)

ഇത് ‘തുഗ്ലക്കി ഫത്വ’

പ്രവേശനകവാടത്തില്‍ കാണിക്കയിടരുതെന്ന് പറയുന്നത് ‘തുഗ്ലക്കി ഫത്വ’ ആണ്. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഉത്തരവാദികളല്ല. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. ഈ ഉത്തരവു പിന്‍വലിക്കേണ്ടതാണ്.

– പ്രവീണ്‍ തൊഗാഡിയ (വി.എച്ച്‌.പി. അന്താരാഷ്ട്ര പ്രസിഡന്റ്)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top