ശ്രീപദ്‌മനാഭസ്വാമി ക്ഷേത്ര ചരിത്രം
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്താണ് അമൂല്യനിധികളും സ്വര്‍ണങ്ങളും വജ്രക്കല്ലുകളും നിറഞ്ഞ കല്ലറകള്‍ വഴി ലോകപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ട് ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ക്ഷേത്രസമുച്ചയം നൂറ്റാണ്ടുകളായി സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. പ്രധാന ക്ഷേത്രവും, ഗോപുരങ്ങളും അതിനെ സംരക്ഷിക്കുന്ന വിശാലമായ കോട്ടകളും കരിങ്കല്ലിലാണ് നിര്‍മിച്ചിട്ടുള്ളത്. കരിങ്കല്ലില്‍ തീര്‍ത്തിട്ടുള്ള കൊത്തുപണികളും ക്ഷേത്രത്തിനുള്ളിലെ വലിയ വിഗ്രഹവും ചുമര്‍ചിത്രങ്ങളും ആയിരക്കണക്കിനാളുകള്‍ക്ക് ഇരിക്കാവുന്ന വിശാലമായ അങ്കണങ്ങളും ആരേയും ആകര്‍ഷിക്കും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നഗരത്തില്‍നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള കിള്ളിയാറില്‍ അണകെട്ടി ഭൂമിക്കടിയിലൂടെ വെള്ളം കൊണ്ടുവന്ന ഇവിടത്തെ വലിയ ക്ഷേത്രക്കുളം ഇന്നും ഉണ്ട്. നഗരത്തെ ചുറ്റിയുള്ള വിശാലമായ കോട്ടവാതിലുകള്‍ക്കുള്ളിലൂടെയാണ് ക്ഷേത്രപരിസരത്ത് എത്തുന്നത്. അതിനകത്ത് പഴയ കൊട്ടാരങ്ങളും, പാരമ്പര്യ ആചാരപ്രകാരം ജീവിക്കുന്ന ജനങ്ങളുടെ വസതികളും കച്ചവടകേന്ദ്രങ്ങളും ഉണ്ട്. ക്ഷേത്രത്തിനുമുമ്പില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്ഥാപിച്ചിട്ടുള്ള സമയം അറിയിക്കുന്ന മണി (മേത്തന്‍മണി) സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണ്. കോട്ടയ്ക്കകത്ത് ആര്‍ക്കും പ്രവേശിക്കാമെങ്കിലും ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ ഫോട്ടോഗ്രാഫിയും നിരോധിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് കൂടി എല്ലാ സഞ്ചാരികള്‍ക്കും ടിക്കറ്റ് എടുത്ത് പ്രവേശിക്കാന്‍ കഴിയുന്ന ഒരു വലിയ പുരാശേഖരമ്യൂസിയം ഉണ്ട്. രാജാക്കന്മാരുടെ സിംഹാസനങ്ങളും കിരീടങ്ങളും വിദേശികള്‍ സമ്മാനിച്ചിട്ടുള്ള സമ്മാനങ്ങളും ചിത്രങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ഈ മ്യൂസിയം ഗതകാലചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ഒരുകാലത്ത് ഇന്നത്തെ കേരളം പലപല നാട്ടുരാജ്യങ്ങളായിരുന്നു. ഇതേപ്പറ്റി എല്ലാം വിശ്വസഞ്ചാരിയായ മാര്‍ക്കോ പോളോ ഉള്‍പ്പെടെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. 1498ല്‍ യൂറോപ്പില്‍ നിന്നും ആദ്യമായി കടലിലൂടെ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്കോഡി ഗാമ കേരളത്തിന്റെ വടക്കുഭാഗത്തുള്ള കോഴിക്കോട്ട് എത്തിയത് ലോകചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു. അന്ന് വടക്കേ അറ്റം കോലത്തുനാടും (കോലത്തിരിയുടെ നാട്), കോഴിക്കോട്ടെ സാമൂതിരിനാട്, കൊച്ചിയിലെ പെരുമ്പടപ്പ്, തെക്കേ അറ്റത്തെ വേണാട് അല്ലെങ്കില്‍ തിരുവിതാംകൂര്‍ എന്നീ വലിയ രാജ്യങ്ങളും അനേകം ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളുമായി കേരളം ചിതറിക്കിടക്കുകയായിരുന്നു. ഇതില്‍ വേണാട് രാജാക്കന്മാരുടെ കുലദൈവത്തിന്റെതായിരുന്നു തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. എന്നാല്‍ സംഘകാല കൃതികളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് വേണാടിന്‍െറ ഉദയത്തിന് എത്രയോ മുമ്പ് തെക്കന്‍ കേരളം ഭരിച്ചിരുന്ന ആയ് രാജാക്കന്മാരുടെ വകയായിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എന്നാണ്. എ.ഡി. പത്താം നൂറ്റാണ്ടോടുകൂടി ആയ്വംശം തകര്‍ന്നതോടെ വേണാട് എന്ന രാജ്യം ഉയര്‍ന്നുവന്നു. ആയ് (AY) രാജ്യത്തിന്റെ രണ്ടുശാഖകള്‍ വേണാട്ടില്‍ ലയിച്ചു. അതോടെയാണ് ക്ഷേത്രം വേണാട് രാജാക്കന്മാരുടേതായത്. ഇന്ത്യയിലെ വൈഷ്ണവക്ഷേത്രങ്ങളില്‍ പ്രധാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി സ്കന്ദപുരാണം, ശ്രീമദ് ഭാഗവതം, പത്മപുരാണം, വരാഹപുരാണം, മത്സ്യപുരാണം, ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയവയില്‍ പരാമര്‍ശം ഉണ്ട്. എ.ഡി. 13ാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ ഉണ്ണിയച്ചീചരിതം 14ാം നൂറ്റാണ്ടിലെ അനന്തപുരവര്‍ണന എന്നീ സാഹിത്യകൃതികളില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ ലഭിക്കുന്നുണ്ട്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെപ്പറ്റി ധാരാളം ഐതിഹ്യകഥകള്‍ ആണ് പറഞ്ഞുകേള്‍ക്കുന്നത്. തുളു സന്ന്യാസിയായ ദിവാകരമുനിയേയും, മറ്റൊരു സന്ന്യാസിയായ വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥകള്‍ക്കാണ് പ്രാധാന്യം. കൃഷ്ണഭക്തനായ ദിവാകര മുനിയെ സഹായിക്കാന്‍ ഒരു കൊച്ചുബാലന്‍ എത്തുക പതിവായിരുന്നു. തേജസ്വിയായ ആ ബാലനെ മുനി വളരെ അധികം ഇഷ്ടപ്പെട്ടു. എന്നാല്‍ ഒരിക്കല്‍ പൂജാസാധനങ്ങള്‍ തട്ടിമറിച്ച് വികൃതി കാട്ടിയ കുട്ടിയെ മുനി ശകാരിച്ചു. ഇനി എന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടില്‍ വരിക എന്നുപറഞ്ഞ് കുട്ടി അപ്രത്യക്ഷമായി. അപ്പോഴാണ് ആ കുട്ടി, ഉണ്ണിക്കണ്ണനാണെന്ന് മുനി അറിഞ്ഞത്. ദിവാകരമുനി അനന്തന്‍ കാട് അന്വേഷിച്ച് ധാരാളം സ്ഥലത്ത് പോയി. ഒരിടത്തും അങ്ങനെ ഒരു പേര് കാണുന്നില്ല. ഒടുവില്‍ ഒരു കാട്ടിനു സമീപത്ത് കുട്ടിയുടെ കരച്ചില്‍ കേട്ടു. ഒരു പുലയസ്ത്രീ കുട്ടി ഉറങ്ങാത്തതിനാല്‍ ശകാരം ചൊരിയുന്നത് കേട്ട അദ്ദേഹം അവിടേക്ക് പോയി. ഇനി നീ ഉറങ്ങിയില്ലെങ്കില്‍ അനന്തന്‍കാട്ടിലേക്ക് എറിയും എന്ന് ആ സ്ത്രീ കുട്ടിയെ നോക്കി പറയുന്നതുകേട്ട സ്വാമി അനന്തന്‍കാട് എവിടെ ആണെന്ന് ചോദിച്ചറിഞ്ഞ് അവിടെ എത്തി. തനിക്ക് ദര്‍ശനം നല്‍കണമെന്ന് അദ്ദേഹം മഹാവിഷ്ണുവിനോട് പ്രാര്‍ഥിച്ചു. അപ്പോള്‍ കാട്ടിലെ വന്‍മരം മറിഞ്ഞുവീഴുകയും അതില്‍ അനന്തശായിയായ മഹാവിഷ്ണുരൂപം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ തലയുടെ ഭാഗം നാലുമൈല്‍ അകലെയുള്ള തിരുവല്ലത്തും, മധ്യഭാഗം ദിവാകരമുനി നിന്ന സ്ഥലത്തും, പാദങ്ങള്‍ 8 മൈല്‍ അകലെയുള്ള തൃപ്പാദപുരത്തുമായിട്ടാണ് കണ്ടത്. ഇത്ര വലിയ രൂപം തനിക്ക് ദര്‍ശിക്കാന്‍ കഴിയുന്നില്ലെന്നും, ചെറുതായി ദര്‍ശനം നല്‍കണമെന്നും മുനി പ്രാര്‍ഥിച്ചു. അങ്ങനെയാണ് ദിവ്യരൂപം ചെറുതായത്. ദിവാകരമുനി കാട്ടില്‍നിന്നും പച്ചമാങ്ങ പറിച്ച് ചിരട്ടയില്‍ വച്ചാണ് ആദ്യനിവ്യേം നല്‍കിയത്. മഹാവിഷ്ണു, അനന്തന്‍ എന്ന സര്‍പ്പത്തിന്റെ പുറത്ത് കിടക്കുന്ന രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അനന്തന്‍ എന്നതില്‍ നിന്നാണ് തിരുവനന്തപുരം എന്ന പേര് ലഭിക്കാന്‍ കാരണമെന്ന് പറയുന്നു. തിരു ബഹുമാനസൂചകമായും പുരം എന്നത് പട്ടണമെന്നും വ്യാഖ്യാനിക്കുന്നു. ഈ കഥയുടെ സ്ഥാനത്ത് ദിവാകരമുനിക്കുപകരം വില്വമംഗലം സ്വാമിയുടെ പേരിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ കാലഘട്ടം നോക്കിയാല്‍ ദിവാകരമുനിക്കാണ് പ്രാധാന്യം. ഇനി മറ്റൊരു കഥ കൂടി ഉണ്ട്. ഒരു പുലയസ്ത്രീ നെല്ല് അരിഞ്ഞുകൊണ്ടുനില്‍ക്കുമ്പോള്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. ഉടന്‍ ഒരു മരച്ചുവട്ടില്‍ ഒരു കുട്ടിയും അതിനുമകളില്‍ കുടപോലെ പത്തിവിടര്‍ത്തി നില്‍ക്കുന്ന വലിയ സര്‍പ്പവും ദൃശ്യമായി. പരിഭ്രാന്തി പൂണ്ട സ്ത്രീ ഉറക്കെ വിളിച്ചു. വിവരം നാടുവാഴിയെ അറിയിച്ചു. അദ്ദേഹവും സംഘവും എത്തി കുട്ടിയെ കണ്ട സ്ഥലത്ത് പൂജ നടത്തി അമ്പലം പണിതു. പുലയസ്ത്രീ കൊണ്ടുവന്ന ചിരട്ടയും നെല്ലും മാങ്ങയും ആണ് നിവേദ്യമായി നല്‍കിയത്. പുലയസ്ത്രീക്കുവേണ്ടി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലുള്ള വയല്‍ പതിച്ചുകൊടുത്തതായും ഇവിടത്തെ നെല്ല് പൂജയ്ക്ക് ഉപയോഗിച്ചുവന്നതായും പറയുന്നു. തിരുപുത്തരിക്കണ്ടം എന്നാണ് ഈ വയല്‍ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷമാണ് ഈ പാടം നികത്തിയത്. ഇന്ന് നഗരസഭയുടെ വലിയ മൈതാനം ആണെങ്കിലും പുത്തരിക്കണ്ടം എന്ന പേര്‍ നിലനില്‍ക്കുന്നു. ആ നാമം നിലനിര്‍ത്താന്‍ ഒരു ചെറിയ ഭാഗത്ത് നഗരസഭ നെല്‍കൃഷി ഇപ്പോള്‍ നടത്തുന്നുമുണ്ട്. മന്ത്രിമാരും, നഗരസഭാ മേയറും, പൗരമുഖ്യന്മാരും അടങ്ങിയ, വലിയ സംഘത്തിന്റെ സാന്നിധ്യത്തില്‍ ആഘോഷത്തോടെയാണ് നെല്‍കൃഷി പുനരാരംഭിച്ചത്. ഇവിടെ വിളഞ്ഞ നെല്‍ ആചാരപ്രകാരം ശ്രീപദ്മനാഭസ്വാമിക്ക് നല്‍കുകയുണ്ടായി. രാജകുടുംബത്തിലെ ഇപ്പോഴത്തെ കാരണവരും ബ്രിട്ടീഷ് ഭരണകാലത്ത് യുവരാജാവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ നെല്ല് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുവേണ്ടി ഏറ്റുവാങ്ങിയത്.
ശയനരൂപത്തിലാണ് ബിംബത്തിന്റെ പ്രതിഷ്‌ഠ. മൂന്നുവാതിലുകളിലൂടെ മാത്രമേ വിഗ്രഹം കാണാന്‍ കഴിയൂ. ശ്രീപദ്‌മനാഭന്റെ വലതുകരം ചിന്മുദ്രയോടുകൂടി അനന്തകല്‌പത്തിനു സമീപം നീട്ടി തൂക്കിയിരിക്കുന്നു. കരത്തിനുതാഴെ ശിവലിംഗം ഉണ്ട്. അനന്തന്റെ പത്തികൊണ്ട് മൂര്‍ദ്ധാവ് മൂടിയിരിക്കുന്നു. ശ്രീപദ്‌മനാഭന്റെ നാഭിയില്‍ നിന്നു പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. മഹര്‍ഷിമാര്‍ ശ്രീപദ്‌മനാഭന്റെ സമീപത്ത് ആരാധിച്ചുനില്‍ക്കുന്നു. ഭഗവാന്റെ മാര്‍വിടത്തിനെതിരായി ഭഗവതിയേയും അല്‌പം അകലെ ഭൂമിദേവിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. ഇതിനുസമീപം കൗണ്ഡില്യദിവാകര മഹര്‍ഷിയെ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. അനന്തശയനമൂര്‍ത്തിയുടെ പുരോഭാഗത്ത് ലക്ഷ്‌മിയുടേയും ഭൂമിയുടേയും നടുവിലായി ചതുര്‍ബാഹുവിഷ്‌ണുവിന്റെ അര്‍ച്ചനാവിഗ്രഹം കാണാം. മുഖമണ്ഡപത്തിനു മുന്‍വശത്തുള്ള ഒരു ചെറിയ മുറിയില്‍ ശ്രീരാമന്‍, സീത, ലക്ഷ്‌മണന്‍ എന്നീ വിഗ്രഹങ്ങള്‍ ഉണ്ട്. അവരുടെ മുമ്പില്‍ ഹനുമാന്‍ നില്‍ക്കുന്നുണ്ട്. കൂടാതെ വെള്ളിയിലെ ഗണപതിവിഗ്രഹവും. തെക്കേവാതില്‍ വഴി ഇറങ്ങുന്നിടത്ത് നരസിംഹമൂര്‍ത്തി പ്രതിഷ്‌ഠ ഉണ്ട്. ഈ ക്ഷേത്രത്തിന്റെ പുറകിലൂടെ പ്രദക്ഷിണമായി പോയാല്‍ വടക്കേ നാലമ്പലത്തിലുള്ള വേദവ്യാസക്ഷേത്രത്തിലെത്താം. ഇവിടെ വ്യാസനേയും അശ്വത്ഥാമാവിനേയും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. കിഴക്കേ നടയില്‍ക്കൂടി വെളിയില്‍ വരുമ്പോള്‍ ധ്വജമണ്ഡപത്തിലെ കരിങ്കല്‍ത്തൂണില്‍ കൊത്തിയിട്ടുള്ള ഹനുമാന്റെ വിഗ്രഹം കാണാം. സ്വര്‍ണക്കൊടിമരം ചുറ്റി കിഴക്കും തെക്കും ഉള്ള ശ്രീബലിപ്പുരയില്‍ കൂടി പോകുമ്പോള്‍ തെക്കേ ശ്രീ ബലിപ്പുരയ്‌ക്കു തെക്കുഭാഗത്തായി കാണുന്നതാണ് ഭദ്രദീപപ്പുര. ഇവിടെയാണ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊല്ലവര്‍ഷം 912ല്‍ ഭദ്രദീപപ്രതിഷ്‌ഠ നടത്തിച്ചത്. തെക്കേ ശ്രീബലിപ്പുരയില്‍ കൂടി പടിഞ്ഞാറു പോകുമ്പോള്‍ വലതുഭാഗത്തായി ശാസ്‌താവിന്റെ അമ്പലം കാണാം. ഈ ക്ഷേത്രം ചുറ്റി വിളക്കുമാടത്തിനു പടിഞ്ഞാറുവശത്തുകൂടി നേരെ വടക്കോട്ടുപോയാല്‍ ശ്രീകൃഷ്‌ണന്റെ തിരുവാമ്പാടി ക്ഷേത്രമായി. അവിടെ പ്രത്യേക കൊടിമരം ഉണ്ട്. തിരുവാമ്പാടിക്കു കിഴക്കായി ക്ഷേത്രപാലകന്റെ ഉപദേവാലയം സ്ഥിതിചെയ്യുന്നു
ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആത്മബന്ധം സ്വാതന്ത്ര്യത്തിനുശേഷവും തുടര്‍ന്നു. രാജ്യം നഷ്ടപ്പെട്ട് സാധാരണ പൗരനായിട്ടുപോലും ശ്രീപദ്‌മനാഭദാസനായി തന്നെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ജീവിച്ചു. അദ്ദേഹത്തിന്റെ എളിയ ജീവിതവും ആരോടുമുള്ള സൗമ്യമനോഭാവവും, വിവാദങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലും ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചു. രാജ്യവും അധികാരവും നഷ്ടപ്പെട്ടുവെങ്കിലും പൊന്നുതമ്പുരാന്‍ ആയി അനന്തപുരിയിലെ ജനങ്ങള്‍ അദ്ദേഹത്തെ കണ്ടു. രാവിലേയും വൈകുന്നേരവുമുള്ള ക്ഷേത്രദര്‍ശനവും, ആണ്ടില്‍ രണ്ടുപ്രാവശ്യം നടക്കുന്ന ആറാട്ടിലുള്ള എഴുന്നള്ളത്തും അദ്ദേഹം ആരോഗ്യം അവഗണിച്ച് അവസാന നിമിഷം വരെ തുടര്‍ന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിന്റെ അടുത്തദിവസമായിരുന്നു ഒരു പ്രാവശ്യത്തെ ആറാട്ട്. ചടങ്ങുകള്‍ മാത്രമാക്കി, കറുത്ത പുളിയിലകര നേരിയത് ധരിച്ചാണ് മഹാരാജാവ് അന്ന് ശ്രീപദ്‌മാഭസ്വാമിക്ക് അകമ്പടി സേവിച്ചത്. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്‌മം തലസ്ഥാനത്ത് കൊണ്ടുവന്നപ്പോള്‍ ആദരാഞ്‌ജലികളര്‍പ്പിക്കാന്‍ മഹാരാജാവും എത്തിയിരുന്നു. 1991 ജൂലായ് 19ന് അര്‍ധരാത്രിക്കുശേഷമാണ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ലോകത്തോട് വിടപറഞ്ഞത്. 78 വയസായിരുന്നു പ്രായം. അടുത്ത ദിവസം ഔദ്യോഗിക ബഹുമതികളോടെയാണ് കവടിയാര്‍ കൊട്ടാരവളപ്പില്‍ അദ്ദേഹത്തെ സംസ്‌കരിച്ചത്. അതിനുശേഷം രാജകുടുംബത്തിലെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ശ്രീപദ്‌മനാഭദാസനായി. ആചാരങ്ങള്‍ പതിവുതെറ്റാതെ ഇന്നും തുടരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്