×

രണ്ടുവട്ടം ആലോചിക്കൂ’; കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ഹൈകമ്മീഷണര്‍

ന്യൂഡല്‍ഹി: കാനഡയില്‍ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ രണ്ടുവട്ടം ആലോചിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കാനഡയില്‍നിന്ന് ഇന്ത്യ തിരിച്ചുവിളിച്ച പ്രതിനിധി സഞ്ജയ് വർമ.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പല വിദ്യാർഥികളും ജോലി സാധ്യത തീരെയില്ലാത്ത മോശം കോളജുകളിലാണ് എത്തിപ്പെട്ടിട്ടുള്ളത്. ഇത് പലരിലും വിഷാദത്തിലും ആത്മഹത്യയിലും കലാശിച്ചതായും സഞ്ജയ് വർമ പറയുന്നു. 2022 മുതല്‍ കാനഡയില്‍ ഇന്ത്യൻ ഹൈകമ്മീഷണറായിരുന്നു ഇദ്ദേഹം. ഖലിസ്ഥാൻ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായതിനെ തുടർന്നാണ് സഞ്ജയ് വർമയടക്കമുള്ള ഉദ്യോഗസ്ഥരെ കഴിഞ്ഞയാഴ്ച ഇന്ത്യ തിരിച്ചുവിളിച്ചത്.

തന്റെ കാലയളവില്‍ ഒരുസമയത്ത് രണ്ട് മൃതദേഹമെങ്കിലും ഓരോ ആഴ്ചയെങ്കിലും ഇന്ത്യയിലേക്ക് അയച്ചിരുന്നുവെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് വർമ പറയുന്നു. പരാജയത്തിന് ശേഷം മാതാപിതാക്കളെ അഭിമുഖീകരിക്കാനുള്ള ഭയം കാരണം അവർ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം നല്ലരീതിയിലാണെങ്കില്‍ പോലും ഒരു പിതാവെന്ന നിലയില്‍ ഈ ഉപദേശം മാത്രമേ താൻ നല്‍കൂവെന്നും സഞ്ജയ് വർമ പറയുന്നു.

ഭാവിയെക്കുറിച്ച്‌ സ്വപ്നം കണ്ടാണ് അവർ കാനഡയിലേക്ക് പറന്നത്. എന്നാല്‍, മൃതദേഹമായിട്ടാണ് മടങ്ങിയത്. ഒരു തീരുമാനം എടുക്കും മുമ്ബ് കോളജിനെക്കുറിച്ച്‌ രക്ഷിതാക്കള്‍ നന്നായി ഗവേഷണം നടത്തണം. സത്യസന്ധരല്ലാത്ത ഏജൻസികളാണ് വിദ്യാർഥികള്‍ മോശം കോളജുകളില്‍ എത്തിപ്പെടാൻ കാരണം. പലയിടത്തും ആഴ്ചയില്‍ ഒരു ക്ലാസ് മാത്രമാണ് നടക്കുന്നത്. ഇടുങ്ങിയ ഡോർമിറ്ററികളിലാണ് അവർ താമസിക്കുന്നത്. പലപ്പോഴും ഒരു റൂമില്‍ എട്ടുപേർ വരെയുണ്ടാകും. ഉയർന്ന കുടുംബങ്ങളില്‍നിന്നടക്കമുള്ള കുട്ടികള്‍ ഇങ്ങനെ കഴിയുന്നത് വേദനാജനകമാണ്. മാതാപിതാക്കളും കുടുംബവുമെല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനായി നല്ല തുകയാണ് ചെലവഴിക്കുന്നത്.

ആഴ്ചയില്‍ ഒരു ദിവസം മാത്രം ക്ലാസുള്ളതിനാല്‍ അത്രമാത്രമേ അവർക്ക് പഠിക്കാൻ സാധിക്കുന്നുള്ളൂ, അതനുസരിച്ചാകും അവരുടെ നൈപുണ്യ വികസനവും. പലരും എൻജിനീയറിങ് വിദ്യാഭ്യാസമായിരിക്കും പഠിക്കുക. അതിനനുസരിച്ചുള്ള ജോലിയാകും പിന്നീട് അവർ ചെയ്യുകയെന്ന് നമ്മള്‍ അനുമാനിക്കും. പക്ഷെ, അവരെ ടാക്സി ഓടിക്കുന്നവരായിട്ടും കടയില്‍ ചായയും സമൂസയും വില്‍ക്കുന്നവരുമായിട്ടാകും നമ്മള്‍ കാണുക. അതിനാല്‍ തന്നെ യഥാർഥ്യം ഒട്ടും പ്രോത്സാഹനജനകമല്ലെന്നും സഞ്ജയ് വർമ പറയുന്നു.

കനേഡിയൻ പൗരൻമാരേക്കാള്‍ നാലിരട്ടി തുകയാണ് ഇന്ത്യൻ വിദ്യാർഥികള്‍ക്ക് പഠനചെലവ് വരുന്നത്. ഇത്രയും തുക ചെലവഴിക്കുമ്ബോള്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ ഇന്ത്യൻ വിദ്യാർഥികളെ ഭാവി നശിപ്പിക്കരുതെന്ന് താൻ കനേഡിയൻ അധികാരികളോട് തുടക്കം മുതല്‍ പറയുന്നുണ്ടെന്നും സഞ്ജയ് വർമ കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രധാന ഡെസ്റ്റിനേഷനാണ് കാനഡയും അമേരിക്കയും. യൂനിവേഴ്സിറ്റി ഓഫ് ടൊറൊന്റോ, മക്ഗില്‍ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, യൂനിവേഴ്സിറ്റി ഓഫ് ആല്‍ബർട്ട് തുങ്ങിയവയാണ് കാനഡയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇവിടങ്ങളില്‍ ഒരു വർഷം നൂറോളം വിദ്യാർഥികളാണ് ചേരുന്നത്. എന്നാല്‍, ബാക്കിവരുന്ന വിദ്യാർഥികള്‍ അത്രത്തോളം അറിയപ്പെടാത്ത സ്ഥാപനങ്ങളിലാണ് എത്തിപ്പെടുന്നത്.

നിവലില്‍ 13,35,878 ഇന്ത്യൻ വിദ്യാർഥികള്‍ വിദേശത്ത് പഠിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ ആഗസ്റ്റില്‍ പാർലമെന്റില്‍ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നത്. ഇതില്‍ 4,27,000 പേർ കാനഡയിലും 3,37,630 പേർ അമേരിക്കയിലുമാണ്.

അതേസമയം, കാനഡ കൊണ്ടുവന്ന പുതിയ കുടിയേറ്റ നയങ്ങളും ഇന്ത്യൻ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്റ്റഡി പെർമിറ്റുകള്‍ പരിമിതപ്പെടുത്തിയതും സ്ഥിരതാമസിത്തുനള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികള്‍ക്ക് തിരിച്ചടിയാകുന്നത്. പുതിയ നയങ്ങള്‍ കാരണം 70,000ത്തിലധികം ബിരുദ വിദ്യാർഥികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. പുതുജീവിതം കെട്ടിപ്പടുക്കുകയെന്ന സ്വപ്നവുമായി കാനഡയിലേക്ക് വിമാനം കയറിയ ഇന്ത്യക്കാരടക്കമുള്ളവർ ജസ്റ്റിൻ ട്രൂഡോ സർക്കാറിന്റെ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധത്തിലാണ്.

പുതിയ നയങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. അന്തർദേശീയ വിദ്യാർഥികള്‍ വിവിധ പ്രവിശ്യകളില്‍ പ്രതിഷേധ ക്യാമ്ബുകള്‍ സ്ഥാപിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഈ വർഷാവസാനം വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ നിരവധി ബിരുദധാരികള്‍ക്ക് നാടുകടത്തല്‍ നേരിടേണ്ടി വരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘമായ നൗജവാൻ സപ്പോർട്ട് നെറ്റ്‍വർക്ക് മുന്നറിയിപ്പ് നല്‍കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top