സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്സായാലും അത് തെറ്റാണ്; മനുഷ്യത്വമില്ലായ്മയാണ്: എം സ്വരാജ്
കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ഓക്സിജന്‍ മാസ്കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്ത് വിമര്‍ശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നതായി എം സ്വരാജ് എംഎല്‍എ. കഴിഞ്ഞ ദിവസം ഇതേ സംഭവത്തില്‍ താന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടിക്കുള്ള പ്രതികരമാണ് സ്വാരജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്.
മാധ്യമ പ്രവര്‍ത്തനം മറ്റു പല തൊഴിലിനെക്കാളും ഉത്തരവാദിത്വമുള്ളതും ഭാരിച്ചതുമാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഉത്തരവാദിത്വം ധീരമായി നിര്‍വഹിക്കുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരോടും ബഹുമാനമേയുള്ളൂ. റേറ്റിംഗിനും ,കൂലിക്കും വേണ്ടി മാത്രം മാധ്യമ പ്രവര്‍ത്തനത്തെ കണക്കാക്കുകയും മനുഷ്യത്വം മാറ്റിവെയ്ക്കുകയും ചെയ്യുന്നവര്‍ സത്യസന്ധവും മനുഷ്യത്വപരവുമായ മാധ്യമ പ്രവര്‍ത്തനത്തെത്തന്നെയാണ് പരിക്കേല്‍പിക്കുന്നത്.
അത്യന്തം സവിശേഷമായ തൊഴില്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലും , ജീവന്‍ പണയം വെച്ചുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നവരാണവര്‍. ദുരന്തങ്ങളും അപകടങ്ങളുമൊക്കെ റിപ്പോര്‍ട്ടു ചെയ്യേണ്ടി വരുന്നവര്‍ …. ഇതെല്ലാം ചെയ്യുമ്ബോഴും മനുഷ്യരായിരിക്കുന്നത്, മനുഷ്യത്വമുള്ളവരായിരിക്കുന്നത് എക്കാലവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കും.കഴുത്തറുപ്പന്‍ മത്സരത്തിന്റെ റേറ്റിംഗ് മേളകളില്‍ മാറ്റുരയ്ക്കാനായി അങ്കത്തട്ടിലിറങ്ങുമ്ബോള്‍ മനസാക്ഷിയും മനുഷ്യത്വവുമൊക്കെ കടലിലെറിയുന്നുവെങ്കില്‍ കഷ്ടമെന്നല്ലാതെന്തു പറയാനെന്നും എം സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു
സ്വരാജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ശരിയല്ലാത്തത് ആ ചിത്രമല്ല ,
അത്തരം മാധ്യമ പ്രവര്‍ത്തനമാണ്. ..
എം.സ്വരാജ്
കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിശദീകരണം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടു.
‘ ആ ചിത്രം ശരിയല്ല , സ്വരാജ് …’
എന്ന തലക്കെട്ടോടെയാണ് ഫേസ് ബുക്കില്‍ വിശദീകരണം കണ്ടത്. തലക്കെട്ട് വായിക്കുന്നവര്‍ക്ക് തോന്നുക ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രം യഥാര്‍ത്ഥമല്ല, ഒരു വ്യാജ ചിത്രമാണ് എന്നൊക്കെയാണ്. സത്യത്തില്‍ പ്രസ്തുത ചിത്രം ആദ്യം കണ്ടപ്പോള്‍ എനിക്കും ആ ചിത്രം വ്യാജമാണോ എന്ന സംശയം തോന്നിയിരുന്നു . ഓക്സിജന്‍ മാസ്കുമായി ആശുപത്രിയില്‍ കിടക്കുന്നയാളുടെ മുഖത്തേക്ക് ആരെങ്കിലും മൈക്ക് നീട്ടുമോ എന്ന സംശയം . സാധ്യമാവുന്ന പരിശോധന നടത്തിയാണ് ചിത്രം വ്യാജമല്ല എന്നുറപ്പിച്ചത്. എന്നിട്ടും പൂര്‍ണ വിശ്വാസം വരാത്തതിനാല്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ‘ഈ ചിത്രം ശരിയെങ്കില്‍……’ എന്ന് രേഖപ്പെടുത്തിയിരുന്നു.
ചിത്രം വ്യാജമാണെങ്കില്‍ ഞാന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റായേനെ .
‘ ആ ചിത്രം ശരിയല്ല ” എന്ന തലക്കെട്ട് കണ്ട് നിരുപാധികം മാപ്പു പറയാനൊരുങ്ങുമ്ബോഴാണ് തലക്കെട്ടിന് താഴെയുള്ള വിശദീകരണത്തില്‍ പ്രസ്തുത ചിത്രം യഥാര്‍ത്ഥമാണെന്ന വ്യകതമാക്കല്‍ കാണുന്നത്……… !!!!!!!
‘ …. തുടര്‍ന്ന് വാര്‍ത്തയ്ക്കായി അവരുടെ ഒരു സൗണ്ട് ബൈറ്റ് ഷൂട്ട് ചെയ്തു എന്നത് സത്യമാണ്….’ എന്നാണ് വിശദീകരണത്തിലുള്ളത്.
അപ്പോള്‍ സംഗതി സത്യമാണെന്ന് സമ്മതിക്കുന്നു. പിന്നെന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്ന ആ നെടുങ്കന്‍ തലക്കെട്ട് ?
എന്താണ് അതിന്റെ അര്‍ത്ഥം ? തലക്കെട്ട് മാധ്യമപ്രവര്‍ത്തകന്റെ വകയാണോ എന്നുറപ്പില്ല മാധ്യമത്തിന്റേതുമാവാം.
ഇത്തരം മാധ്യമ പ്രവര്‍ത്തനത്തോടാണ് വിമര്‍ശനം . വിയോജിപ്പ് .
യാത്രയ്ക്കിടയില്‍ വീഴാത്തവരുണ്ടാവില്ല .വീണാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത് ? കുറച്ചു സമയം കൂടി കിടന്നുരുണ്ട ശേഷം ഇത് ചെറിയൊരഭ്യാസമായിരുന്നു എന്ന് പറയേണ്ട കാര്യമുണ്ടോ ?
അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായ ആളുടെ ഓക്സിജന്‍ മാസ്കിനിടയിലേക്ക് വാര്‍ത്താ വടി കുത്തിക്കയറ്റുന്ന മാധ്യമ പ്രവര്‍ത്തനത്തെ തന്നെയാണ് വിമര്‍ശിച്ചത് . ആ മനോഭാവത്തെ , ഹൃദയശൂന്യതയെ ,
ദുരന്തങ്ങള്‍ കാഴ്ചകള്‍ മാത്രമായി കാണുന്ന മാനസികാവസ്ഥയെ..
അതിനെ വിമര്‍ശിച്ചില്ലെങ്കില്‍ നാം മനുഷ്യരല്ല തന്നെ.
മാധ്യമ സുഹൃത്തിന്റെ വിശദീകരണത്തില്‍ പ്രസ്തുത ദൃശ്യം ലൈവില്‍ പോയെങ്കിലും പിന്നീട് പിന്‍ വലിച്ചതായി പറയുന്നുണ്ട്. ചെയ്തത് ശരിയായിരുന്നില്ല എന്ന് തോന്നിയിട്ടാണോ പിന്‍വലിച്ചത് ? ആണെങ്കില്‍ നല്ല കാര്യം. പിന്നെ അധികം ന്യായങ്ങള്‍ പറഞ്ഞും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടു നല്‍കിയും അപഹാസ്യമാകാതിരിക്കുന്നതാണ് മാന്യത.
മാധ്യമ പ്രവര്‍ത്തനം മറ്റു പല തൊഴിലിനെക്കാളും ഉത്തരവാദിത്വമുള്ളതും ഭാരിച്ചതുമാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഉത്തരവാദിത്വം ധീരമായി നിര്‍വഹിക്കുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരോടും ബഹുമാനമേയുള്ളൂ. റേറ്റിംഗിനും ,കൂലിക്കും വേണ്ടി മാത്രം മാധ്യമ പ്രവര്‍ത്തനത്തെ കണക്കാക്കുകയും മനുഷ്യത്വം മാറ്റിവെയ്ക്കുകയും ചെയ്യുന്നവര്‍ സത്യസന്ധവും മനുഷ്യത്വപരവുമായ മാധ്യമ പ്രവര്‍ത്തനത്തെത്തന്നെയാണ് പരിക്കേല്‍പിക്കുന്നത്.
കഴിഞ്ഞ പോസ്റ്റില്‍ ‘ ദുരന്തങ്ങള്‍ ഉത്സവങ്ങളല്ല’ എന്നു പറഞ്ഞത് നമ്മുടെ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്ത പൊതു ശൈലി വിമര്‍ശിക്കപ്പെടണം എന്നതുകൊണ്ടാണ്.
തൃശ്ശൂര്‍ പൂരം റിപ്പോര്‍ട്ട് ചെയ്യുന്ന ആവേശത്തോടെ ‘ഓഖി’ ദുരന്തം റിപ്പോര്‍ട്ടു ചെയ്യാന്‍ മനുഷ്യത്വമുള്ളവര്‍ക്കാവുമോ ? വേദനയിലും ആശങ്കയിലും പാതി മരിച്ചു കഴിഞ്ഞ മനുഷ്യരുടെ മുന്നില്‍ നിന്നും ലൈവ് ചെയ്യുമ്ബോള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍
റേറ്റിംഗിനെ ബാധിക്കുമെന്ന് തെറ്റിദ്ധരിച്ച് മാറ്റിവെക്കണോ. ?
ഒരു ദുരന്തം വരുമ്ബോള്‍ ഒരാഴ്ചക്കുള്ള വിഭവം കിട്ടിയെന്ന പോലെ സന്തോഷവും ആവേശവും പ്രതിഫലിക്കുന്ന റിപ്പോര്‍ട്ടിംഗ് ശൈലി ആശാസ്യമാണോ ? ആശങ്കയില്‍ കഴിയുന്ന ഒരു സമൂഹത്തെ തീ പിടിപ്പിക്കുന്ന രീതിയിലാണോ റിപ്പോര്‍ട്ടിംഗ് നടത്തേണ്ടത് ?
മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശന പരമായി പരിശോധിക്കണമെന്നാണെന്റെ പക്ഷം.
വേളാങ്കണ്ണിയില്‍ സുനാമി ദുരന്തം വിതച്ചപ്പോള്‍, ചുറ്റുമുയരുന്ന ഭ്രാന്തന്‍ തിരമാലകള്‍ക്ക് നടുവില്‍ പള്ളിയില്‍ കുടുങ്ങിപ്പോയ ഒരാളുടെ ചാര്‍ജ് തീരാറായ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് ഒരു ചാനല്‍ ലൈവ് നടത്തിയത് ഓര്‍ക്കുന്നു. അന്ന് ചാനല്‍അവതാരകന്റെ മനുഷ്യപ്പറ്റില്ലാത്ത വാര്‍ത്താവതരണം കേട്ട് ദുരന്തമുഖത്ത് കുടുങ്ങിപ്പോയ ആ പാവം പൊട്ടിത്തെറിക്കുകയുണ്ടായി. അവതാരകന് ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യന്‍ ഒരു വാര്‍ത്ത മാത്രമാണ്. പക്ഷെ ആ മനുഷ്യന്‍ ആരുടെയൊക്കെയോ കണ്ണീര്‍ തുടയ്ക്കേണ്ട ഒരാളാണ്. മരണത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഒരാളോട് സംസാരിക്കേണ്ടി വരുമ്ബോള്‍ ഒരിത്തിരി മനുഷ്യപ്പറ്റോടുകൂടി വേണമെന്ന് ചിന്തിക്കാന്‍ കഴിയാത്തത് അദ്ഭുതകരമാണ്. അവിശ്വസനീയമാണ്. ദുരന്തമാണ്…
ബോംബെയിലെ താജ് ഹോട്ടല്‍ ആക്രമണ സമയത്ത് ഏറെ നേരത്തെ വാര്‍ത്താ വിശകലനങ്ങള്‍ക്ക് ശേഷം അവസാനം ഒരു ചാനല്‍ അവതാരക സംഭവസ്ഥലത്തുള്ള ചാനല്‍ ലേഖകനോട് ലൈവില്‍ ചോദിച്ചത്
‘ … പറയൂ , ആക്രമണത്തിന്റെ ക്ലൈമാക്സ്
എങ്ങനെയുണ്ടായിരുന്നു.? ‘ എന്നാണ്. അനന്തരം മനുഷ്യരുടെ ചോരയുണങ്ങാത്ത മണ്ണില്‍ നിന്നും ലേഖകന്‍ ‘ക്ലൈമാക്സ്’ വിശദീകരിച്ചു തുടങ്ങി. അതീവ സന്തോഷവതിയായ അവതാരക,
മനുഷ്യനെ പച്ചക്ക് വെടിവെച്ചു കൊന്നതിന്റെ ക്ലൈമാക്സ് അന്വേഷിക്കുമ്ബോള്‍ നാമേത് യുഗത്തിലാണ് ജീവിക്കുന്നത് ?
കുറച്ച് മുമ്ബ് സംസ്ഥാന സ്കൂള്‍ കലോത്സവ സമാപനം നടക്കുമ്ബോള്‍ സ്വര്‍ണക്കപ്പ് തവിടു പൊടിയായ ഒരു സംഭവമുണ്ടായി.
കപ്പ്നേടിയ ടീമില്‍ നിന്നും അത് ചാനല്‍ സ്റ്റുഡിയോയിലെത്തിച്ച് ചര്‍ച്ച നടത്താനുള്ള മാധ്യമ പ്രവര്‍ത്തകരുടെ പിടിവലിക്കിടയില്‍ കപ്പ് രണ്ട് കഷണമായി പൊട്ടിവീണതായിരുന്നു പിറ്റെ ദിവസത്തെ പ്രധാന പത്ര വാര്‍ത്ത . ഇങ്ങനെയൊക്കെ പെരുമാറുന്നത് അഭിമാനകരമായാണോ മാധ്യമ പ്രവര്‍ത്തകര്‍ കരുതുന്നത് ?വെട്ടുക്കിളിക്കൂട്ടമെന്ന പോലെ പാഞ്ഞടുക്കാതെയും കയ്യാങ്കളി കൂട്ടാതെയും ഈ തൊഴില്‍ ചെയ്യാനാവില്ലേ ?
ദൃശ്യമാധ്യമങ്ങള്‍ സജീവമായതോടെ ഒരു തരം കഴുത്തറപ്പന്‍ മത്സരം വളര്‍ന്നു വന്നിട്ടുണ്ട്. റേറ്റിംഗ് മാത്രം അടിസ്ഥാനമാകുമ്ബോള്‍ മത്സരം അതിരുവിടുകയും ചിലപ്പോള്‍ ഹീനമാവുകയും ചെയ്യും . കേട്ടപാതി തെറ്റായ വാര്‍ത്ത കൊടുക്കുന്നതില്‍ തെറ്റില്ലെന്നും പിന്നീട് വ്യക്തത വരുമ്ബോള്‍ ആദ്യം പറഞ്ഞത് മറക്കാമെന്നുമുള്ള നില വരും. ഓക്സിജന്‍ മാസ്കിനിടയിലേക്ക് മൈക്ക് തിരുകിയായാലും നമ്മള്‍ മുന്നിലെത്തണമെന്ന് തോന്നും . ഇതൊരു പ്രതിസന്ധിയാണ്, സമകാലിക മാധ്യമ പ്രവര്‍ത്തനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി.
ഏത് പ്രതിസന്ധിയിലും മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കാനായില്ലെങ്കില്‍ അതാണ് വലിയ ദുരന്തം.
1972 ല്‍ വിയറ്റ്നാമിലെ നാപ്പാം ബോംബാക്രമണത്തില്‍ ഭയന്ന് വിറച്ച് അലമുറയിട്ട് ഓടുന്ന കുട്ടികളുടെ വിശ്വ പ്രസിദ്ധമായ ചിത്രം ആരും മറക്കാനിടയില്ല. ആ ചിത്രത്തില്‍ 9 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുണ്ട് .ഫാന്‍ തി കിം ഫുക് . നഗ്നയായി നിലവിളിച്ച് കുരിശു പോലെ ഇരു കൈയും നീട്ടി ഓടുന്ന കുഞ്ഞ്… ചിത്രമെടുത്ത അസോഷ്യേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്കട്ട് പടമെടുത്ത ശേഷം ആ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനാല്‍ അവിടെ ചികിത്സിക്കാനാവില്ലെന്നും മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അടുത്തെങ്ങും ആശുപത്രിയില്ല. കുഞ്ഞ് മരണാസന്നയാണ്. ഉടന്‍ ചികിത്സ കിട്ടിയേ തീരൂ. ഫോട്ടോഗ്രാഫര്‍ നിക്കട്ട് ആ ആശുപത്രിയില്‍ കുത്തിയിരുന്നു. കുഞ്ഞിനെ ചികിത്സിക്കണമെന്ന് വാശി പിടിച്ചു. ചികിത്സിക്കാതെ താന്‍ എഴുന്നേറ്റ് പോവില്ലെന്ന് ശഠിച്ചു. ആ കുത്തിയിരുപ്പ് സമരത്തിനൊടുവില്‍ ആശുപത്രി അധികൃതര്‍ക്ക് വഴങ്ങേണ്ടി വന്നു. കുഞ്ഞിനെ ചികിത്സിച്ചു. അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. 21 വയസ് മാത്രം പ്രായമുള്ള ഫോട്ടോഗ്രാഫര്‍ നിക്കട്ടിന് പടമെടുത്ത ശേഷം ചിത്രം പുറം ലോകത്തെത്തിക്കാന്‍ ഓടിപ്പോകാമായിരുന്നു. ക്യാമറയടച്ച് കുഞ്ഞിനെ കയ്യിലെടുത്ത് ആശുപത്രിയിലേക്ക് ഓടാന്‍ തോന്നിപ്പിച്ച വികാരത്തിന്റെ ,
ചികിത്സ നിഷേധിച്ചപ്പോള്‍ ഒറ്റയ്ക്ക് പ്രതിഷേധിക്കാനുള്ള ധൈര്യത്തിന്റെ ..
ഒക്കെ പേരാണു സര്‍ , മനുഷ്യത്വം .
ഭീകരാക്രമണത്തിന്റെ ക്ലൈമാക്സ് ചോദിക്കുമ്ബോഴും മാസ്കിനിടയിലേക്ക് മൈക്ക് തിരുകുമ്ബോഴും മനുഷ്യര്‍ കടലില്‍ മുങ്ങിത്താഴുന്ന നേരത്ത് വാഴ വെട്ടുമ്ബോഴും നമുക്ക് ഇല്ലാതെ പോകുന്നതും മനുഷ്യത്വം തന്നെയാണ്.
1993ല്‍ സുഡാനില്‍ കലാപവും ക്ഷാമവും രാജ്യത്തെ പട്ടടയാക്കിയ കാലത്താണ്….. അവിടെയൊരിടത്ത് എല്ലും തോലും മാത്രമായ ഒരു കുഞ്ഞ്. ജീവനുള്ള ഒരു കുഞ്ഞസ്ഥികൂടം മരിച്ചു കൊണ്ടിരിക്കുന്ന ആ കുഞ്ഞിന് സമീപം ആര്‍ത്തിയോടെ ഒരു കഴുകന്‍ …. ലോകമെങ്ങും മനുഷ്യരെ കരയിച്ച ആ ചിത്രമെടുത്തത് കെവിന്‍ കാര്‍ടറായിരുന്നു. ചിത്രമെടുത്ത ഉടനേ ആ കുഞ്ഞ് മരിച്ചു പോയി . കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാവാത്തതിന്റെ ദുഖം കാര്‍ടറെ നിരന്തരം വേട്ടയാടി. പിന്നീട് കെവിന്‍ കാര്‍ടര്‍ ആത്മഹത്യ ചെയ്തു. ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ചിലപ്പോള്‍ മനസിലെ മായാത്ത മുറിവായി മാറുന്നത് എല്ലാത്തിനും മുകളില്‍ മനുഷ്യത്വമുള്ളതുകൊണ്ടാവണം. കാര്‍ടറുടെ ആത്മഹത്യാ കുറിപ്പില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു
………… I am haunted by the vivid memories of killingS and corpses and anger and pain …. of Starving or wounded Children….
അത്യന്തം സവിശേഷമായ തൊഴില്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലും , ജീവന്‍ പണയം വെച്ചുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നവരാണവര്‍. ദുരന്തങ്ങളും അപകടങ്ങളുമൊക്കെ റിപ്പോര്‍ട്ടു ചെയ്യേണ്ടി വരുന്നവര്‍ …. ഇതെല്ലാം ചെയ്യുമ്ബോഴും മനുഷ്യരായിരിക്കുന്നത് ,
മനുഷ്യത്വമുള്ളവരായിരിക്കുന്നത്
എക്കാലവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കും.
കഴുത്തറുപ്പന്‍ മത്സരത്തിന്റെ റേറ്റിംഗ് മേളകളില്‍ മാറ്റുരയ്ക്കാനായി അങ്കത്തട്ടിലിറങ്ങുമ്ബോള്‍ മനസാക്ഷിയും മനുഷ്യത്വവുമൊക്കെ കടലിലെറിയുന്നുവെങ്കില്‍ കഷ്ടമെന്നല്ലാതെന്തു പറയാന്‍ ….
NB. മാധ്യമ സുഹൃത്തിന്റെ വിശദീകരണക്കുറിപ്പിന്റെ അവസാന ഭാഗത്ത് മേല്‍പറഞ്ഞ ദൃശ്യമെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ ഇടതുപക്ഷക്കാരനാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്സായാലും അത് തെറ്റാണ് , മനുഷ്യത്വമില്ലായ്മയാണ് , വലിയ തെറ്റാണ് എന്ന് ആയിരം വട്ടം ആവര്‍ത്തിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്