×

മൂന്നാറില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം.

ദേവികുളം: റവന്യൂവകുപ്പിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച്‌ സി.പി.എം പിന്തുണയോടെ മൂന്നാര്‍ സംരക്ഷണ സമിതി ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. ഇടുക്കിയിലെ 10 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്നും സി.പി.ഐ വിട്ട് നില്‍ക്കുന്നത് കൊണ്ട് തന്നെ എന്ത് വിലകൊടുത്തു വിജയിപ്പിക്കുക എന്നതാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ലക്ഷ്യം.

രാവിലെ വിദേശ വിനോദ സഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിച്ചു .കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം യാത്ര തുടര്‍ന്നില്ല. ദൃശ്യം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇന്ന് രാവിലെ ആറ് മണിക്കാണ് ഹര്‍ത്താല്‍ തുടങ്ങിയതെങ്കിലും സോഡാക്കുപ്പിയും മറ്റും റോഡില്‍ പൊട്ടിച്ചിട്ട് ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഏതാനും കടകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ബലമായി അടപ്പിക്കുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മൂന്നാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് വാഹനങ്ങള്‍ തടയാനും മറ്റും പ്രധാനമായും റോഡില്‍ നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു സി.പി.ഐയെ ഒഴിവാക്കി പഴയ മൂന്നാര്‍ സംരക്ഷണ സമിതിയെ പുനരുജ്ജീവിപ്പിച്ച്‌ കൊണ്ട് എസ്.രാജേന്ദ്രന്‍ എം.എല്‍.എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ റവന്യൂവകുപ്പിനെതിരെ സമരം പ്രഖ്യാപിച്ചത്. സമരം റവന്യൂവകിപ്പിന് എതിരായിരിക്കും എന്നത് കൊണ്ട് തന്നെ സി.പി.ഐ വിട്ട് നില്‍ക്കുകയായിരുന്നു.

മൂന്നാര്‍ സംരക്ഷണ സമിതി പുനരുജ്ജീവിപ്പിക്കുന്ന കാര്യം തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് സി.പി.ഐ നേതൃത്വവും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ആഹ്വാനം ചെയ്തിട്ടുളള ഹര്‍ത്താല്‍ ഏത് വിധേനയും പരാജയപ്പെടുത്താന്‍ സി.പി.ഐ പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശവും നല്‍കിയിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഹര്‍ത്താല്‍ ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ ഭീഷണിപ്പെടുത്തിയും ഭീതിവിതച്ചും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top