ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു.
രുദ്രാപുര്‍: ആയുര്‍വേദം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്കൃതം പഠിപ്പിക്കാനൊരുങ്ങുന്നത്.
മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലെ 207 മദ്രസകളിലാണ് സംസ്കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനമായത്. ഈ മദ്രസകളില്‍ മൊത്തം 25, 000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. സംസ്കൃതം അധ്യാപകരെ നിയമിക്കുന്നതിന് സൊസൈറ്റി അധികൃതര്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കത്തെഴുതിയിട്ടുണ്ട്.
മതസംബന്ധിയായ വിഷയങ്ങളോടൊപ്പം ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, ഗണിതം തുടങ്ങിയ വിഷയങ്ങളും നിലവില്‍ മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് സൊസൈറ്റി ചെയര്‍മാന്‍ സിബ്തെ നബി പറയുന്നു. ഇംഗ്ലീഷ് പോലുള്ള ഒരു വിദേശ ഭാഷ പഠിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പുരാതന ഇന്ത്യന്‍ ഭാഷയായ സംസ്കൃതം പഠിപ്പിച്ചുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു.
ആയുര്‍വേദം, യോഗ എന്നിവയുടെ അധ്യാപകര്‍ക്ക് വലിയ ജോലിസാധ്യതയാണ് ഇപ്പോള്‍ ഉള്ളത്. ആയുര്‍വേദത്തിന്റെ അടിസ്ഥാനം സംസ്കൃതഭാഷയിലാണ് കുടികൊള്ളുന്നത്. മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഈ മേഖലയില്‍ കടന്നുവരുന്നതിന് സംസ്കൃത പഠനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് ആണ് സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം ഔദ്യോഗിക വിദ്യാഭ്യാസത്തിന് തത്തുല്യമായാണ് പരിഗണിക്കപ്പെടുന്നത്. ഉത്തരാഖണ്ഡിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് സംസ്കൃതം. 82.97 ശതമാനമാണ് ഉത്തരാഖണ്ഡിലെ ഹിന്ദു ജനസംഖ്യ. മുസ്ലിങ്ങള്‍ 13.95 ശതമാനവും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്