×

‘കാല’ വന്തിട്ടേൻ ടാ… ആദ്യ റിവ്യൂ റേറ്റിംഗ് 4

കൊച്ചി : രജനി ആരാധകരെ ആവേശത്തിരയില്‍ ഉയര്‍ത്തി കാല റിലീസിനെത്തി. രജനിയെന്ന സൂപ്പര്‍നായകന്റെ മാനറിസങ്ങളെ സാധാരണക്കാരനായ അസാധരണക്കാരന്‍ എന്ന ഇമേജിലേക്ക് ചേര്‍ത്ത് വയ്ക്കാന്‍ സംവിധായകന്‍ രഞ്ജിത് കാണിച്ചിരിക്കുന്ന കയ്യടക്കമാണ് കാലയുടെ ഹൈലൈറ്റ്. രജനീകാന്തെന്ന സൂപ്പര്‍താരത്തിന്റെ ഇമേജിനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം രജനീകാന്തെന്ന രാഷ്ട്രീയ നേതാവിന്റെ ബിംബവത്കരണം കൂടിയാണ് കാല ലക്ഷ്യമിടുന്നതെന്ന് തീര്‍ത്തുപറയാം. രജനീകാന്ത് – രഞ്ജിത് ടീമിന്റെ കഴിഞ്ഞ ചിത്രമായ കബാലിയെക്കാള്‍ രജീകാന്തെന്ന അഭിനേതാവിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംവിധായകന് കാലയില്‍ സാധിച്ചിട്ടുണ്ട്. കബാലിയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ തമിഴന്റെ സ്വത്വബോധത്തോടും സാധാരണക്കാരന്റെ ജീവിതപരിസരത്തോടും ചേര്‍ത്തുപിടിച്ച് ലളിതമായി പറയാനാണ് കാലയില്‍ രഞ്ജിത് ശ്രമിച്ചിരിക്കുന്നത്.രജനീകാന്തെന്ന അഭിനേതാവിന്റെ അതിമാനുഷിക മാനറിസങ്ങള്‍ക്കൊപ്പം, പ്രണയത്തിന്റെയും ഹ്യൂമറിന്റെയും അതിവൈകാരികതയുടെയുമെല്ലാം നൂലിഴകള്‍ ഊടുംപാവുമായി നെയ്തെടുത്തിരിക്കുന്ന തിരക്കഥ തന്നെയാണ് കാലയുടെ കരുത്ത്.

സാധാരണ ചേരിക്കാരുടെ അനീതിക്കെതിരായ പേരാട്ടങ്ങളുടെ അമാനുഷിക പ്രതീകമാണ് രജനി അവതരിപ്പിക്കുന്ന കരികാലന്‍ എന്ന കാല. മുംബൈയിലെ ധാരാവിയാണ് സിനിമയുടെ പശ്ചാത്തലം. തദ്ദേശിയനായ, പ്രാദേശികവാദിയായ രാഷ്ട്രീയ നേതാവിന്റെ ചേരിയിലുള്ള കച്ചവട താല്‍പ്പര്യങ്ങളോട് സാധാരണക്കാര്‍ സമരം ചെയ്യുന്നുണ്ട്. ചേരിക്കാര്‍ക്കിടയില്‍ കാലക്ക് ഏകപക്ഷീയമായ സ്വാധീനമുണ്ട്. അതിനാല്‍ തന്നെ ചേരിക്കാരുടെ ചെറിയ വിഷയങ്ങള്‍ പോലും കാലക്ക് വലിയ വിഷയങ്ങളാണ്. പ്രാദേശികവാദിയായ രാഷ്ട്രീയ നേതാവിന്റെ ഗുണ്ടായിസത്തോട് അതിനെക്കാള്‍ ഒരുപടി മുകളില്‍ നിന്ന് മറുപടി നല്‍കുന്ന കാലയുടെ മാസ് ഡയലോഗുകളും മാസ് ആക്ഷനുമെല്ലാം അടിയുറപ്പുള്ള രാഷ്ട്രീയപശ്ചാത്തലത്തില്‍ പറയുമ്പോള്‍ കാല ഒരു മാസ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ഡ്രാമാ കൂടിയായി മാറുന്നു. ശിവസേനയുടെ പ്രാദേശിക വാദവും വര്‍ഗ്ഗീയ ധ്രുവീകരണവും ബാല്‍താക്കറെയുമെല്ലാം കാലയില്‍ ഓര്‍മ്മിപ്പിക്കപ്പെടുന്നുണ്ട്. വികസന സങ്കല്‍പ്പവും വികലമായ വികസന കാഴ്ചപ്പാടും പറയുന്നതിനൊപ്പം രാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളും ജാതിമതവൈര്യങ്ങളെ ഉപയോഗപ്പെടുത്തി നേട്ടം കൊയ്യുന്ന രാഷ്ട്രീയ തന്ത്രങ്ങളുമെല്ലാം കാല പരാമര്‍ശിച്ചു പോകുന്നുണ്ട്. ദേശസ്നേഹവും പ്രാദേശികവാദവും മതവൈരവും തരാതരം പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയവും കാല മുന്നോട്ടു വയ്ക്കുന്നു. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ പരോക്ഷമായ രാഷ്ട്രീയ വിമര്‍ശനങ്ങളും കാല ചര്‍ച്ച ചെയ്യുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം പറയുന്നതിനൊപ്പം രാമ – രാവണ യുദ്ധത്തിന്റെ സവര്‍ണ്ണ വ്യാഖ്യാനത്തെ മറ്റൊരു കാഴ്ചയില്‍ അവതരിപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.

കാലയിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന അഭിനയ മികവാണ് കാഴ്ചവച്ചിരിക്കുന്നത്. ഹരിദേവ് അഭയങ്കര്‍ എന്ന വില്ലനായ രാഷ്ട്രീയ നേതാവിനെ അവതരിപ്പിച്ചിരിക്കുന്ന നാനാ പടേക്കറിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടതാണ്. കാലയുടെ ഭാര്യ ശെല്‍വിയുടെ വേഷത്തിലെത്തുന്ന ഈശ്വരിറാവുവും സറീനയെന്ന കാലയുടെ പഴയപ്രണയിനിയുടെ വേഷത്തിലെത്തുന്ന ഹുമ ഖുറേഷിയും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. സമുദ്രക്കനിയുടെ അഭിനയവും ശ്രദ്ധേയമാണ്. തിരക്കഥയും സംവിധാനവും മികച്ചു നില്‍ക്കുന്ന കാലയില്‍ പാ രഞ്്ജിത്തിന് തന്നെയാണ് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടത്. വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ ചങ്കുറപ്പോടെ സിനിമയില്‍ പറഞ്ഞിരിക്കുന്ന രഞ്ജിത് ക്ലൈമാക്സ് എന്‍ഡില്‍ ലാല്‍സലാം – നീല്‍ സലാം എന്ന് കൂടി പറഞ്ഞിരിക്കുന്നതായി സൂക്ഷമവായനയില്‍ വ്യക്തമാണ്.

Movie Details

Official Trailer

Release Date : June 07, 2018 | Length : 156 Minute
Critic’s Rating : 3.5
Viewers Rating : 4
Tamil Telugu Hindi | Drama Crime Action

Kaala Credit & Casting

Credit
GENRES: Action
DIRECTOR: Pa Ranjith
PRODUCER: Dhanush

Cast (In Credits Order)
Rajanikanth: Kaala
Huma Qureshi: Zareena
Nana Patekar: Nana Devakumar
Samuthirakani: Arulesan

Official Trailer Is Taken From : Wunderbar Studios
Image Is Taken From Google Search

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top