×

വിവാദ ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.
അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയാണു കോടതി തള്ളിയത്.
ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്നും കോടതി വിമര്‍ശിച്ചു.
പത്മാവതി വിഷയത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കുള്‍പ്പെടെ കനത്ത തിരിച്ചടിയാകുന്നതാണു കോടതിയുടെ വിമര്‍ശനം.
സെന്‍സര്‍ ബോര്‍ഡില്‍(സിബിഎഫ്സി)നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പത്മാവതി പോലുള്ള സിനിമകളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തുന്നതിനെയും കോടതി കുറ്റപ്പെടുത്തി.
‘പത്മാവതി വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്. ചിത്രം പരിശോധിച്ച്‌ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നു പറയാന്‍ ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് എങ്ങനെ സാധിക്കും? അങ്ങനെ പറയുന്നതു നിയമത്തിന് എതിരാണ്. മാത്രവുമല്ല, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതു വിഷയത്തെ മുന്‍വിധിയോടെ സമീപിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയും പ്രേരിപ്പിക്കും’- കോടതി നിരീക്ഷിച്ചു.
ചിത്രത്തില്‍ നിന്നു ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചരിത്രത്തെ വികൃതമാക്കിയെന്നാരോപിച്ചു സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരെ കേസെടുക്കണമെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
നേരത്തെ, പത്മാവതി കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കര്‍ണി സേന തലവന്‍ സുഗ്ദേവ് സിങ് രംഗത്ത് എത്തിയിരുന്നു.
പ്രദര്‍ശനം നടത്തുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് ഭീഷണി ഉയരുന്നത്.
പത്മാവതി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമം നടത്തിയാല്‍ തിയേറ്റര്‍ കത്തിക്കുമെന്നും പ്രമുഖ മാധ്യമത്തോട് സുഗ്ദേവ് പ്രതികരിച്ചു.
കൂടാതെ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ പത്മാവതിയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യ മന്ത്രി ശിവരാജ് ചൗഹാനും വ്യക്തമാക്കിയിരുന്നു.
ചരിത്രം അട്ടിമറിക്കുന്ന സിനിമ പുറത്തിറങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ക്ഷത്രിയ രജ്പുത് വംശങ്ങള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.
അലാവുദ്ദീന്‍ ഖില്ജിയും, റാണി പത്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ബന്‍സാരിയെയും, പത്മാവതിയുടെ വേഷം അഭിനയിച്ച ദീപികയെയും വധിക്കുന്നവര്‍ക്ക് ക്ഷത്രിയ സമാജം അഞ്ചുകോടി ഇനാം പ്രഖ്യാപിച്ചതും വന്‍ വിവാദമായി മാറിയിരുന്നു.
അതേസമയം, വിവാദ സിനിമ പത്മാവതിക്കെതിരെ സംഘപരിവാറും രജപുത്ര സംഘടനകളും പ്രതിഷേധം ശക്തമായിരിക്കെ സിനിമയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു.
സിനിമയെ സിനിമയായി കാണാന്‍ തയ്യാറാവാതെ അതില്‍ വൈകാരികത ഉയര്‍ത്തി വധഭീഷണി ഉയര്‍ത്തുന്നവര്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top