പദ്മാവതിനെതിരായ പ്രതിഷേധങ്ങളില്‍ മലക്കം മറിഞ്ഞ് രജപുത്ര സംഘടനയായ കര്‍ണിസേന; രജപുത്രരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തില്‍ സിനിമയില്‍ ഒന്നുമില്ലെന്നും കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഗോഗാദിദി
സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെതിരായ പ്രതിഷേധങ്ങളില്‍ മലക്കം മറിഞ്ഞ് രജപുത്ര സംഘടനയായ കര്‍ണിസേന. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്ന സമയം മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ സംഘടനയാണ് സിനിമ തിയേറ്ററുകളില്‍നിന്ന് പോകാറായപ്പോള്‍ മാത്രം തങ്ങള്‍ക്ക് തിരിച്ചറിവ് ലഭിച്ചെന്ന് പ്രസ്താവിക്കുന്നത്. പദ്മാവത് രജപുത്രരെ ശ്ലാഘിക്കുന്ന സിനിമയാണെന്നും രജപുത്രരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തില്‍ സിനിമയില്‍ ഒന്നുമില്ലെന്നും കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഗോഗാദിദി പറഞ്ഞു. തങ്ങള്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പദ്മാവതിയും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയില്‍ സിനിമയില്‍ ചിത്രീകരിക്കുന്നില്ല. പ്രതിഷേധം നടത്തിയത് തെറ്റിദ്ധാരണയുടെ പേരിലാണ്. പദ്മാവതിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ – അദ്ദേഹം പറഞ്ഞു.
കര്‍ണിസേന ഉയര്‍ത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളില്‍ സിനിമയുടെ റിലീസ് തടസ്സപ്പെട്ടിരുന്നു. സംസ്ഥാന വിലക്കിനെ സുപ്രീംകോടതി വിധിയിലൂടെ മറികടന്നെങ്കിലും ഇവിടെ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സിനിമയ്ക്ക് ഉണ്ടാക്കാവുന്ന എല്ലാ ഡാമേജും ഉണ്ടാക്കിയ ശേഷമാണ് ഇപ്പോള്‍ തങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്താണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന ന്യായം പറഞ്ഞ്് സമരത്തില്‍നിന്ന് തലയൂരുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഷൂട്ടിംഗ് സെറ്റ് തകര്‍ക്കുകയും, ബന്‍സാലിയുടെ കോലം കത്തിക്കുകയും, തിയേറ്റര്‍ തകര്‍ക്കുകയും ചെയ്ത സംഘടനയുടെ കേരള ഘടകം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം അനുവാദം കൊടുത്തില്ല. കേരളത്തില്‍ സിനിമ നിരോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്