ലിസ്സി അഭിനയരംഗത്ത് തിരിച്ചെത്തുന്നു.
മ ലയാളത്തിന്റെ പ്രിയ നടി ലിസ്സി അഭിനയരംഗത്ത് തിരിച്ചെത്തുന്നു. ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷമാണ് വെള്ളത്തിരയിലേയ്ക്കുള്ള ലിസ്സിയുടെ തിരിച്ചുവരവ്.
മലയാളത്തിലല്ല, തെലുങ്കിലേയ്ക്കാണ് സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ച് ലിസ്സി ലക്ഷ്മിയായി മാറിയ ലിസ്സിയുടെ തിരിച്ചുവരവ്. കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനാവസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ താനൊരു പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നതെന്ന് ലിസ്സി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
1994ല്‍ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രമാണ് ലിസ്സി അവസാനമായി അഭിനയിച്ച ചിത്രം. 1990ലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്ബത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു.
ഇരുപത്തിരണ്ടാം വയസ്സില്‍ നിറയെ അവസരങ്ങളുള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്ന് ലിസ്സി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്നും കുറ്റബോധം തോന്നുന്ന ഒരു തീരുമാനമാണ് അത്. തീര്‍ച്ചയായും നഷ്ടപ്പെട്ട ആ കാലവും ആ വേഷങ്ങളും ഇനി തിരിച്ചുകിട്ടില്ല. രണ്ടാം ഇന്നിങ്സില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ- ലിസ്സി കുറിച്ചു.
എനിക്ക് തെലുങ്കില്‍ ചെറുതെങ്കിലും നല്ലൊരു കരിയര്‍ ഉണ്ടായിരുന്നു. എട്ട് ചിത്രങ്ങള്‍ ചെയ്തതില്‍ ആറെണ്ണവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇതില്‍ മലയാള ചിത്രങ്ങളായ മൂന്നാംമുറയുടെയും ഇരുപതാം നൂറ്റാണ്ടിന്റെയും റീമേക്കുകളും ഉള്‍പ്പെടും. തെലുങ്ക് സിനിമ വിടേണ്ടിവന്നതില്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ, അന്ന് വേറെ വഴിയുണ്ടായിരുന്നില്ല. അഭിനയത്തിന്റെ കാര്യത്തില്‍ അപൂര്‍ണമായൊരു ജോലിയായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മലയാളത്തില്‍ നിന്നും തമിഴിലും നിന്നും തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഗൗതം മേനോന്‍ ഒരു വിഷയം പറഞ്ഞിരുന്നു. വൈകാതെ ഒരു മലയാള ചിത്രത്തിലും അഭിനയിക്കും.
എന്റെ സ്റ്റുഡിയോയും പ്രിവ്യൂ തിയേറ്ററും നോക്കിനടത്തുന്നതിന് തന്നെയാവും എന്റെ മുന്‍ഗണന. വേഷങ്ങള്‍ നല്ലയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം-ലിസ്സി പോസ്റ്റില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്