×

ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല ;നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാം. കുഞ്ചാക്കോ ബോബന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന് നല്‍കിയ മൊഴി പുറത്ത്

കൊച്ചി: മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുത് എന്ന ധ്വനി വരുന്ന രൂപത്തില്‍ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബന്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മഞ്ജു വാര്യര്‍ ഒരിടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍യു. ആ സിനിമയില്‍ താന്‍ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് സംസാരിച്ചിരുന്നതായാണ് മൊഴി നല്‍കിയിരിക്കുന്നത്.

കസിന്‍സ് എന്ന സിനിമയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്റെ മൊഴിയുടെ പൂര്‍ണരൂപം :

ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമാ നടനാണ്. സിനിമ നിര്‍മാണവും ചെയ്യുന്നുണ്ട്. നടന്‍ ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടന്‍ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. അത് എന്തോ കാരണത്താല്‍ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാന്‍ അതില്‍ അഭിപ്രായം ഒന്നും പറയാറില്ല. ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട് ഞാന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാം. പക്ഷെ നിങ്ങള്‍ ആവശ്യപ്പെടണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തില്‍ നിന്നും ഞാന്‍ സ്വയം പിന്‍മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top