×

കന്യകാത്വം, പുരുഷ സ്പര്‍ശനമേറ്റ സ്ത്രീ വിശുദ്ധയല്ലെന്നാണ് ധാരണ… കസബ വിഷയത്തില്‍ വീണ്ടും പാര്‍വ്വതി

സിനിമകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞതിന്റെ വീഡിയോ കാണാതെയാണ് പലരും വിമര്‍ശനവുമായി രംഗത്തുവന്നത്’ ദി സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ പാര്‍വതി പറഞ്ഞു.

പാര്‍വതിയുടെ ലേഖനത്തിലെ വാക്കുകള്‍…

‘ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല.

മികച്ചൊരു നടന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെത്തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ് പലരും തലക്കെട്ടാക്കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. എന്നെ ആക്രമിച്ചവര്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടില്ല. തലക്കെട്ട് മാത്രം വായിച്ച് എനിക്കെതിരെ പടയ്ക്കിറങ്ങുകയായിരുന്നു അവര്‍. എനിക്കെതിരെ സംസാരിച്ച സിനിമയ്ക്കകത്തുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവര്‍ തിരിച്ചറിയുമായിരുന്നു.

ഒരു കഥാപാത്രത്തിന് ആരുമാവാം. അവര്‍ ലൈംഗിക പീഡനം നടത്തുന്നവരും സ്ത്രീവിരുദ്ധരുമൊക്കെയാവാം. എന്നാല്‍, അയാളുടെ സ്ത്രീവിരുദ്ധത ഒരു മോശം കാര്യമായാണോ അതോ നല്ല കാര്യമായാണോ ചിത്രീകരിക്കുന്നത് എന്നാണ് പ്രശ്‌നം. എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. സ്ത്രീവിരുദ്ധനായ ഒരു പുരുഷനെ കാണിച്ച് നിങ്ങള്‍ക്ക് യാഥാര്‍ഥ്യത്തെ കാണിക്കാം. എന്നാല്‍, അതിനെ ഒരു നല്ല പ്രകൃതമല്ലെന്നും നിങ്ങള്‍ക്ക് കാണിക്കാം.

ഞാന്‍ സര്‍ഗാത്മക സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് എനിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. അതല്ല വാസ്തവം. സ്ത്രീവിരുദ്ധരെയും പരമ്പര കൊലയാളികളെയും ചിത്രീകരിക്കൂ. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കൂ.

സിനിമ സിനിമ മാത്രമാണെന്ന് ജനങ്ങള്‍ പറയും. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയില്‍ ഒന്നിച്ചിരുന്നു ചിരിക്കുകയും കരയുകയും കൈയടിക്കുകയും ഒരു കഥയുമായി താദാത്മ്യം പ്രാപിക്കുകയുമെല്ലാം ചെയ്യുമ്‌ബോള്‍ സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നു. അതിന്റെ ഉത്തരവാദിത്വം ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമാണ്. ഇതിനെല്ലാം പുറമെ സ്‌ക്രീനില്‍ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരവുമുണ്ട്.

ഈ അവബോധത്തെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എന്റെ എല്ലാ സിനിമകളിലും ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട് ഞാന്‍. ഇതിന് എന്റെ ഒരു എഴുത്തുകാരനും സംവിധായകനും ഒരു പ്രശ്‌നമുണ്ടായിട്ടില്ല.

ലൈംഗികതയും സ്ത്രീവിരുദ്ധതയുമെല്ലാം ചിത്രീകരിക്കുകയും അവയെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് വാണിജ്യപരമായാണെങ്കില്‍ അവര്‍ക്ക് എന്താണ് പറയാനുള്ളത്. ഇവിടെ വിറ്റഴിക്കപ്പെടുന്നത് എന്താണ്. നിഷേധാത്മകമായ ഒന്നിനെയാണ് ഇവിടെ നല്ലതെന്ന വ്യാജേന വിറ്റഴിക്കപ്പെടുന്നത്. സ്ത്രീവിരുദ്ധനായ ഒരു വില്ലനെയാണ് കാണിക്കുന്നതെങ്കില്‍ നമ്മള്‍ അയാളെ പിന്തുടരില്ല. കാരണം അയാള്‍ വില്ലനാണെന്ന് നമുക്കറിയാം. എന്നാല്‍, ഒരു നായകന് ആഘോഷത്തോടെയുള്ള ഒരു പശ്ചാത്തല സംഗീതത്തിന്റെ അകമ്ബടിയോടെ സ്ലോമോഷന്‍ നടത്തത്തോടെ ഇതേ സീനുകള്‍ ലഭിക്കുമ്‌ബോള്‍ നിങ്ങള്‍ക്ക് അയാളെപ്പോലെയാവാന്‍ തോന്നും. കാരണം അയാള്‍ നായകനാണ്.

Related image

ഈ പഠനത്തിന് സമയമെടുക്കും. എന്നാല്‍, ഒന്നിരുന്ന് തെറ്റായ ആദര്‍ശങ്ങള്‍ എങ്ങനെ നമ്മുടെ സാമൂഹികഘടനയുടെ ഭാഗമാക്കായെന്ന് പരിശോധിക്കുമ്‌ബോള്‍ നമുക്ക് അറിയാനാവും മനുഷ്യ മനസാക്ഷിയെ കലകള്‍ എത്രമാത്രം ആഴത്തില്‍ സ്വാധീനിക്കുന്നുവെന്ന്.

സാമൂഹിക മാധ്യമങ്ങളുടെ വരവോടെ അസഹിഷ്ണുത എത്രമാത്രം വളര്‍ന്നുവെന്ന് ഒന്ന് നോക്കൂ. നമ്മളോട് യോജിക്കാത്ത ഒരാളും ഇന്ന് സ്വീകാര്യമല്ല. പൗരുഷം കുറഞ്ഞവരോട് അസഹിഷ്ണുത പുലര്‍ത്തുന്ന കഥാപാത്രങ്ങളെ എന്തിന് സൃഷ്ടിക്കുന്നു. സ്വവര്‍ഗാനുരാഗികളെയും ഭിന്നലൈംഗികക്കാരെയും മോശപ്പെട്ട രീതിയില്‍ എന്തിന് കൈകാര്യം ചെയ്യുന്നു. ഇവരെ എന്തിന് ഇങ്ങനെ പരിഹാസ കഥാപാത്രങ്ങളാക്കുന്നു. തടിച്ചവരെയും നിറം കുറഞ്ഞവരെയുംവച്ച് ഹാസ്യമുണ്ടാക്കുന്നത് എന്തിനാണ്.

ഇത്തരം അസഹിഷ്ണുതകളോട് എന്തിനാണ് ഇത്ര സഹിഷ്ണുത.

എനിക്ക് അസഹിഷ്ണുതയാണെന്ന് പറഞ്ഞാല്‍ അതെ. സ്ത്രീകളെയും ഇതര വിഭാഗങ്ങളില്‍ പെട്ടവരെയും മോശമായി ചിത്രീകരിക്കുന്നതിനോട് എനിക്ക് അസഹിഷ്ണുത തന്നെയാണ്. ഇത്തരം സീനുകള്‍ കണ്ടിരിക്കാന്‍ എനിക്കാവില്ല. ഇതെന്റെ സിനിമാ വ്യവസായമാണ്. ഞാന്‍ ഇവിടെ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം എനിക്കുണ്ട്. ഇതിനെക്കുറിച്ച് യുക്തിസഹമായ തര്‍ക്കത്തില്‍ ഏര്‍പ്പടാനുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളും വേണം എന്നു മാത്രമാണ് എനിക്ക് നിര്‍ബന്ധമുള്ളത്.

സ്ത്രീവിരുദ്ധത കേരളത്തില്‍ മാത്രമാണുള്ളതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണെന്ന് വന്നെങ്കില്‍ മാത്രമേ ഇതിനൊരു അറുതി ഉണ്ടാവൂ. ഇവിടെ ഇത്രയെങ്കിലും ബഹളമുണ്ടാകുന്നുണ്ടല്ലോ. ഇതുവഴി മാറ്റത്തിനുള്ള വഴിയൊരുക്കാന്‍ നമുക്കാവും.

ഇതിന് മുന്‍പും പലരും എന്നെ പോലെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അവര്‍ എന്തു പറഞ്ഞു എന്നതില്‍ ഉപരി ഒരു സ്ത്രീ സംസാരിച്ചുതുടങ്ങുന്നാണ് അസഹിഷ്ണുതയ്ക്ക് കാരണമാകുന്നത്.

Image result for parvathy lip lock

സ്ത്രീവിരുദ്ധ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതിനാല്‍ അതൊരു തെറ്റാണെന്നു പോലും തിരിച്ചറിയപ്പെടുന്നില്ല. സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ മോശം പരാമര്‍ശം നടത്തുമ്‌ബോള്‍ സ്ത്രീകള്‍ തന്നെ നാണിച്ച് ചിരിക്കുന്നു. സമൂഹത്തിലെ ചെറിയ കൂട്ടങ്ങളിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളാണ് സിനിമാ തിയ്യേറ്ററിലും കാണുന്നത്. അവിടെ എല്ലാവരും ഇതിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിതരാവുകയാണ്.

മിണ്ടാതിരിക്കാനും അധിക്ഷേപിക്കപ്പെടാനും വിധിക്കപ്പെട്ടവരാണെന്ന് സ്ത്രീകള്‍ സ്വയം ചിന്തിക്കുകയാണ്. വിമോചനത്തില്‍ നിന്ന് ഏറെ അകലെയാണ് അവര്‍.

സന്തോഷത്തെക്കുറിച്ചുള്ള അവരുടെ ധാരണയുമായി ചേര്‍ന്നു പോകാത്തതിനാല്‍ ഞാനൊരു സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് പല സ്ത്രീകള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഞാന്‍ അപൂര്‍ണയായ ഒരു വ്യക്തിയാണെന്ന് പലരും ധരിച്ചിരിക്കുകയാണ്.

എന്റെ സിനിമയിലെ വേഷത്തിന്റെയും സിനിമയില്‍ ഞാന്‍ ചെയ്ത ലിപ്‌ലോക്ക് സീനിനെയുമെല്ലാം വിമര്‍ശിക്കുന്നവരുണ്ട്. സിനിമയില്‍ ഒരു കാമുകനുമായ ഉഭയസമ്മത പ്രകാരം ചെയ്യുന്ന ഒരു കാര്യം ഒരു സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും തുല്ല്യമാകുന്നത് എങ്ങനെ.

അത്തരം ഒരു സീന്‍ ചെയ്തതിനാല്‍ എനിക്ക് മറ്റ് വിമര്‍ശനങ്ങളൊന്നു നടത്താന്‍ യോഗ്യതയില്ലെന്നാണ് പലരുടെയും ധാരണ. ഇത് സ്ത്രീകളുടെ വിശുദ്ധിയെന്ന നൂറ്റാണ്ടുകളായി വച്ചു പുലര്‍ത്തുന്ന പുരുഷ കേന്ദ്രീകൃതമായ കാഴ്ചപ്പാടിന്റെ സൃഷ്ടിയാണ്. കന്യകാത്വം നഷ്ടപ്പെട്ട, പുരുഷ സ്പര്‍ശനമേറ്റ സ്ത്രീ വിശുദ്ധയല്ലെന്നാണ് ധാരണ. അവളുടെ വാക്കിന് പിന്നെ വിലയില്ല. ഞാന്‍ ചെയ്ത കഥാപാത്രങ്ങളെവച്ചാണ് എന്റെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാം. ഞാന്‍ ചെയ്ത ഒരു കഥാപാത്രവും സ്ത്രീവിരുദ്ധതയെ നല്ല കാര്യമായി കാണിച്ചിട്ടില്ല. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ അത് മാനഭംഗത്തിന്റെയും വധഭീഷണിയുടെയുമെല്ലാം ക്രിമിനല്‍ തലത്തില്‍ എത്തുകയാണ്.

എന്റെ പ്രായവും ഒരു ഘടകമാണ്. കുറച്ചുകൂടി മുതിര്‍ന്ന ഒരു സ്ത്രീയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെങ്കില്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ചെറുപ്പക്കാരിയായ എനിക്ക് എങ്ങനെയാണ് ഇതുപോലെ സംസാരിക്കാന്‍ കഴിയുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ നിങ്ങളുടെ ശാരീരിക സവിശേഷതകള്‍ വച്ചാണ് പിന്നെ വിര്‍മശനം.

എന്നോട് മൗനം അവലംബിക്കാന്‍ പറയുന്നവരുണ്ട്. പ്രശ്‌നങ്ങള്‍ താനെ കെട്ടടങ്ങുമെന്നാണ് പലരും പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നാല്‍ അടുത്ത തവണയും എനിക്ക് മിണ്ടാതിരിക്കേണ്ടി വരും. അപ്പോള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ഭയന്ന് മിണ്ടാതിരിക്കേണ്ടിവരും. ഞാന്‍ നിയമം അനുസരിക്കുന്ന, നികുതിയടയ്ക്കുന്ന ഒരു പൗരയാണ്. അതുകൊണ്ടുതന്നെ മറ്റാരെയും പോലെ എനിക്കുമുണ്ട് സംസാരിക്കാനുള്ള അവകാശം.

ഇന്ന് സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചും സ്ത്രീകളെ ചിത്രീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉണ്ട്. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്യപ്പെട്ടശേഷം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാനും ചര്‍ച്ച ചെയ്യാനും ഒരു വേദിയില്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതിന് മുന്‍പ് ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. അങ്ങനെയാണ് അതൊക്കെ കൈകാര്യം ചെയ്തിരുന്നതും. ഇനി അതുണ്ടാവില്ല. സ്ത്രീകള്‍ എന്ന നിലയില്‍ തൊഴിലിടത്തെ ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ക്ക് അറിയണം. അതിനെക്കുറിച്ച് ചര്‍ച്ചകളും നടക്കണം. അങ്ങനെയാണ് ഡബ്ല്യുസിസി ഉണ്ടായത്.

അസോസിയേഷന്‍ വഴി ഞങ്ങള്‍ പുരുഷന്മാരെ ആക്രമിക്കുകയാണെന്നൊരു ധാരണയുണ്ട്. അതുകാരണമാണ് ചിലര്‍ ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുന്നത്. അതൊരു മോശം പദമാണെന്നാണ് അവരുടെ ധാരണ. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇവര്‍ കാലാന്തരേണ മനസ്സലാക്കിക്കൊള്ളും.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. തലമുറകളായി നമ്മള്‍ മറച്ചുവച്ച കാര്യങ്ങള്‍ പരിഹരിക്കാന്‍ ഒരു സൈന്യം തന്നെ ഉയര്‍ന്നുവരുന്നുണ്ട്. നിയമവും സ്‌നേഹവും ബഹദമാവും വഴി ഇത്തവണ ഇതൊക്കെ പരിഹരിക്കപ്പെടും.

ഇത് പാശ്ചാത്ത്യ നാടുകളില്‍ ആരും മോശപ്പെട്ട പദപ്രയോഗങ്ങള്‍ നടത്താറില്ല. ഒരുപക്ഷേ പത്ത് വര്‍ഷം കഴിഞ്ഞാല്‍ തീന്‍മേശയില്‍ ആരെങ്കിലും ഇത്തരമൊരു തമാശ പറഞ്ഞാല്‍ ആളുകള്‍ ചിരിക്കാതിരിക്കും. അതൊന്നും തമാശകളെന്ന് തിരിച്ചറിയുന്ന ദിവസം വരും.’

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top