ഇന്ദിരയാവാന്‍ ഒരുങ്ങി വിദ്യാബാലന്
കമല്‍ ചിത്രമായ ‘ആമി’യില്‍ മാധവിക്കുട്ടിയായി വേഷമിടാന്‍ കരാറായിരുന്ന മലയാളിയും ബോളിവുഡ് താരവുമായ വിദ്യാ ബാലന്‍ പിന്നീട് പിന്മാറിയത് ആരാധകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. ഇപ്പോഴിതാ വിദ്യാ ബാലന്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ ‘ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പി എം’ എന്ന പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ത് റോയ് കപൂറും ചേര്‍ന്ന് വാങ്ങിയതായാണ് വാര്‍ത്തകള്‍. ഇത് വിദ്യാ ബാലനെ ഇന്ദിരയായി സ്‌ക്രീനില്‍ കാണാമെന്ന ചര്‍ച്ചയ്ക്ക് ചൂടു പകര്‍ന്നിരിക്കുകയാണ്.
തനിക്കു ഇന്ദിരാ ഗാന്ധിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ മോഹമുണ്ടെന്ന് വിദ്യാ ബാലന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ‘തുംഹാരി സുലു’വിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ അഭിമുഖങ്ങളിലും തന്റെ ഈ ആഗ്രഹം വിദ്യ പറഞ്ഞിരുന്നു.”ഇന്ദിരാ ഗാന്ധിയാകാന്‍ ധാരാളം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. ഇന്ദിരാ ഗാന്ധി ഒരു ശക്തയായ സ്ത്രീയാണ്. ഇന്ത്യയിലെ ശക്തരായ സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവരെയല്ലേ ആദ്യം ഓര്‍മ്മ വരിക? കൂടാതെ രാജ്യത്തിന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു അവര്‍. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് എന്റെ വലിയ ഒരാഗ്രഹമാണ്.’
സാഗരികാ ഘോഷ് തന്നെയാണ് പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയ വിവരം പുറത്തു വിട്ടത്. ‘അതിയായ സന്തോഷമുണ്ട്, സ്‌ക്രീനിലെ ഇന്ദിരയെക്കാണാന്‍ കാത്തിരിക്കുന്നു’ എന്ന് സാഗരിക തന്റെ ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ പുസ്തകം ആധാരമാക്കിയുള്ള ചിത്രത്തിനെക്കുറിച്ച് വിദ്യാ ബാലന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്