നമുക്ക് വേണ്ടത് നായകന് പ്രേമിക്കാനുള്ളവര്‍ എന്നതിന് അപ്പുറം സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന നല്ല സിനിമകളാണ്: തുറന്നു പറച്ചിലുമായി പാര്‍വ്വതി
തിരുവനന്തപുരം: ബോളിവുഡിലേക്ക് ധൈര്യപൂര്‍വ്വം ചുവടുവെച്ചിരിക്കയാണ് മലയാളി നടി സിനിമക്ക് അപ്പുറം സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായവും അത് തുറന്ന് പ്രകടിപ്പിക്കാനുള്ള ധൈര്യവും കാട്ടുന്ന നടിയാണ് പാര്‍വതി തിരുവോത്ത്. സിനിമയില്‍ നടി എത്ര ഹിറ്റുണ്ടാക്കിയാലും കാര്യമില്ലെന്നും, വിപണി മൂല്യമുണ്ടാവില്ലെന്നും പാര്‍വതി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പല സംവിധായകരും മെയില്‍ ഷോവനിസ്റ്റുകളാണെന്നും അവര്‍ തുറന്നടിച്ചു.
തുല്യപ്രാധാന്യമുള്ള നായികാകഥാപാത്രമില്ലാതെ ബോളിവുഡില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു എന്ന് നടി പാര്‍വതി. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഖരീബ് ഖരീബ് സിംഗിള്‍ തീയറ്ററുകളിലെത്തിയതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറയുന്നത്. ബോളിവുഡിനായി മാറ്റി വയ്ക്കാനുള്ള സമയവും സ്ഥാനവും തനിക്കില്ലെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും പാര്‍വതി പറഞ്ഞു.
കുറച്ച് വര്‍ഷം മുമ്ബ് വരെ ബോളിവുഡ് എന്നെ പേടിപ്പിച്ചിരുന്ന ഒരു സ്ഥലമായിരുന്നു. പക്ഷെ തനൂജ ചന്ദ്ര വന്ന് ഈ പടത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ഞാനൊരു മലയാള സിനിമ ചെയ്യുകയാണ് എന്ന് തന്നെയാണ് തോന്നിയത്. സിനിമ പൂര്‍ത്തിയായി കഴിഞ്ഞപ്പോളാണ് മലയാള സിനിമയില്‍ നിന്ന് വ്യത്യസ്തമായ മാര്‍ക്കറ്റിങ് രീതികളൊക്ക പരിചയിച്ചത്.
ഖരീബ് സിംഗിളിന് മുമ്ബ് മൂന്ന് ഓഫറുകള്‍ എനിക്ക് ബോളിവുഡില്‍ നിന്ന് വന്നിരുന്നു. അതിലൊന്ന് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. വലിയ വാണിജ്യവിജയം പ്രതീക്ഷിച്ചിരുന്ന ഒന്ന്. പക്ഷെ ഒരു സ്ത്രീയെന്ന നിലയില്‍ ആ ചിത്രത്തിലെ കഥാപാത്രം എന്നെ സംബന്ധിച്ച് വളരെ അപമാനകരമായാണ് തോന്നിയത്. രണ്ടാമത്തെ ചിത്രം ഡേറ്റ് പ്രശ്നത്തില്‍ മുടങ്ങി. മൂന്നാമത്തേത് നടക്കാത്തതിന് കാരണം ഒരു നടിക്ക് സ്ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കേണ്ട കാര്യമില്ലെന്ന അവരുടെ നിലപാടിനെ തുടര്‍ന്നാണ്.
സത്രീകഥാപാത്രത്തിന് തുല്യ പ്രാധാന്യമുള്ളതും നടിമാര്‍ക്ക് സ്ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നതുമായ ചിത്രങ്ങളില്‍ അഭിനയിക്കാനേ എനിക്ക് താല്‍പര്യമുള്ളൂ. ഒന്നര വര്‍ഷത്തേയ്ക്ക് എന്നെ ആരും വിളിച്ചില്ല. അത് എനിക്ക് വിഷമമുണ്ടാക്കിയിരുന്നു. എന്നാല്‍ ഞാന്‍ എന്റെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ടെന്നും അവസരങ്ങള്‍ ഉറപ്പായും വരുമെന്നും തന്നെ കരുതിയിരുന്നു.
കഥാപാത്രങ്ങളും ചിത്രങ്ങളും തിരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. നല്ല സബ്ജക്ടും തിരക്കഥയും മികച്ച ടീമും എല്ലാം തന്നെയാണ് എപ്പോഴും നോക്കുന്നത്. പുറമേക്ക് പുരോഗമനം പറഞ്ഞുനടക്കുന്ന പല സംവിധായകരോടൊപ്പവും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ എന്തുമാത്രം മെയില്‍ ഷോവനിസ്റ്റുകളാണെന്ന് മനസിലായത് പിന്നീടാണ്. വനിതാ അഭിനേതാക്കള്‍ സിനിമ ഇന്‍ഡസ്ട്രിയിലെ ചൂഷണങ്ങളടക്കം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയേണ്ടതുണ്ടെന്ന് പാര്‍വതി അഭിപ്രായപ്പെട്ടു. നടിമാര്‍ ‘അധിക പ്രസംഗം’ നടത്തണം.
ബോളിവുഡില്‍ ഒരു മുന്‍നിര നടി ഇത്തരത്തില്‍ തുറന്നുപറച്ചിലുമായി രംഗത്തുണ്ട്. അവര്‍ ഒരു പോരാളിയാണ്. അവര്‍ ഒറ്റയ്ക്കാവാന്‍ പാടില്ല കങ്കണ റാണട്ടിനെ ഉദ്ദേശിച്ച് പാര്‍വതി പറഞ്ഞു. ഹോളിവുഡില്‍ സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി റോസ് മക് ഗോവനെ പോലുള്ള സ്ത്രീകള്‍ സംസാരിക്കുന്നുണ്ട്. ഇവിടെ എന്തുകൊണ്ട് അത്തരത്തില്‍ ഉണ്ടാകുന്നില്ല. ഈ മാറ്റം സിനിമാ ഇന്‍ഡസ്ട്രികളില്‍ വരുന്നുണ്ട്. എന്നാല്‍ വളരെ പതുക്കെയാണത്.
ഒരു നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല. മാര്‍ക്കറ്റ് വാല്യു എന്ന് പറയുന്ന സാധനം പൂജ്യമായിരിക്കും. എന്റെ ഏറ്റവും ഒടുവിലത്തെ നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ എനിക്ക് പ്രതിഫലം കൂട്ടി ചോദിക്കാനാവില്ല. നിങ്ങള്‍ക്ക് മാര്‍ക്കറ്റ് വാല്യു ഇല്ല, ഓവര്‍സീസ് റൈറ്റ്സ് ഇല്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്. നായകന് പ്രേമിക്കാനുള്ളവരെന്നതിന് അപ്പുറം സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറേ നല്ല സിനിമകള്‍ നമുക്ക് വേണം പാര്‍വതി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്