വന മേഖലയിൽ കനത്ത മഴ; നെയ്യാർ അണക്കെട്ട് നിറഞ്ഞു
കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ മലയോര ഗ്രാമങ്ങളിൽ കനത്ത മഴ. കഴിഞ്ഞ നാല് ദിവസമായി ഇടിയോട് കൂടിയാണ് മഴ പെയ്യുന്നത്. വനത്തിൽ നല്ല മഴയുള്ളതിനാൽ നെയ്യാർ അണക്കെട്ട് നിറഞ്ഞുകവിയാറായി.
നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. ഇടയ്ക്ക് ഷട്ടറുകളുടെ ഉയരം കൂട്ടിയും കുറച്ചുമാണ് മലവെള്ളപ്പാച്ചിലിനെ നേരിടുന്നത്. എട്ട് ഇഞ്ച് വീതമാണ് അണക്കെട്ടിലെ നാല് ഷട്ടറുകളും തുറന്നിരിക്കുന്നത്. അണക്കെട്ട് തുറന്നിരിക്കുന്നതിനാൽ വെള്ളത്തിന്റെ തോത് ഒറ്റനോട്ടത്തിൽ അറിയാനും കഴിയില്ല. വനത്തിൽ കനത്തമഴയാണ് പെയ്യുന്നത്. അതിനാൽ പുറം ലോകവുമായി ഉൾ വനത്തിലെ ആദിവാസികൾക്ക് ബന്ധപ്പെടാനാകുന്നില്ല. കനത്ത മഴയിൽ മലയോര മേഖലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. കനത്ത മഴ തുടർന്നാൽ മലയിടിച്ചിൽ ഉണ്ടാകാമെന്ന ദുരന്ത നിവാരണ സമിതിയുടെ മുന്നറിയിപ്പ് മലയോര വാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മലയിടിച്ചിലും തുടർന്നുള്ള ഉരുൾപൊട്ടലും ഏതു നിമിഷവും സംഭവിക്കാവുന്ന ഭീതിയിലാണ് നിവാസികൾ.
കള്ളിക്കാട്,കുറ്റിച്ചൽ, വാഴിച്ചൽ, പന്ത,നിരപ്പുകാല,പേരേക്കോണം, കണ്ടംതിട്ട,കുടപ്പനമൂട്,വാളികോട്, വാവോട് തുടങ്ങി 20 ഓളം ഗ്രാമങ്ങളാണ് മലയിടിച്ചിൽ അടക്കമുള്ള ഭീഷണിയിലുള്ളത്.
ഉയർന്ന പാറക്കെട്ടുകളും താഴേയ്ക്ക് പതിക്കാൻ പാകത്തിൽ നിൽക്കുന്ന പാറകളുമുള്ള പ്രദേശങ്ങളാണ് ഇത്. ഇവിടെയാകട്ടെ ജനങ്ങൾ കൂട്ടത്തോടെയാണ് താമസിക്കുന്നതും. മഴ നീണ്ടാൽ മലയിടിച്ചിൽ പതിവാണ്. എന്നാൽ അതിന് പിറകേയുള്ള ഉരുൾപൊട്ടലാണ് പലപ്പോഴും അപകടമാകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഈ മേഖലയിൽ ഏതാണ്ട് 21 തവണ മലയിടിച്ചിൽ സംഭവിച്ചിട്ടുള്ളതായി കണക്കുകൾ പറയുന്നു. സമുദ്രനിരപ്പിൽ നിന്നും 40 മുതൽ 400 മീറ്റർ ഉയരമുള്ള ഭാഗങ്ങളാണ് ഇവിടം. രണ്ടു മീറ്റർ മുതൽ 35 മീറ്റർ വരെ താഴ്ചയിൽ ഉള്ള തട്ടുപാറകൾ കൊണ്ട് നിറഞ്ഞ മലയോരങ്ങൾ ഈ പ്രത്യേകതകൾ കൊണ്ട് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനങ്ങൾ പറയുന്നു.
വിതുര, മരുതാമല സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പു തുറന്നു
വിതുര: കനത്ത മഴയിൽ വിതുര ,ബോണക്കാട് ,പൊന്മുടി മേഖലകളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു. വാമനപുരം,മക്കി നദികൾ കരകവിഞ്ഞു ഒഴുകിത്തുടങ്ങി. കരമനയാറിലും ജല നിരപ്പ് ഉയർന്നു.
നദികളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജല നിരപ്പ് ഉയർന്നതിനെത്തുടർന്നു പേപ്പാറ ഡാമിലെ നാല് ഷട്ടറുകൾ തുറന്നു.താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട് .
വിതുര, മരുതാമല സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നിരവധിപേർ എത്തിത്തുടങ്ങി. കനത്ത മഴയിൽ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. മലയോര മേഖലയിലെ ഒട്ടുമിക്ക റോഡുകളും വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞനിലയിലാണ്.പല സ്ഥലങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായതുകൊണ്ടു വാഹനഗതാഗതവും സ്തംഭിച്ചിട്ടുണ്ട്. ഉൾ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചിട്ടുണ്ട്. പൊന്മുടി, ഹൈ റേഞ്ച് പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യത ഏറെയാണ്.കനത്ത മഴ തുടർന്നാൽ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാവാൻ സാധ്യതയുണ്ട് .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്