×

യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് കെ.സുരേന്ദ്രനെ ഒഴിവാക്കി; ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല- എ.എന്‍. രാധാകൃഷ്ണനാണ്., മഹിളാമോര്‍ച്ച- ശോഭാ സുരേന്ദ്രന് നല്‍കി.

തിരുവനന്തപുരം: ബിജെപിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചു. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനമാണ് പുതിയ പട്ടിക അവതരിപ്പിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അനുകൂലിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒഴിവാക്കി. എം.ടി. രമേശിനെയാണ് പകരം നിയോഗിച്ചത്.

യുവമോര്‍ച്ചയ്‌ക്കൊപ്പം മധ്യമേഖല, ഒ.ബി.സി. മോര്‍ച്ച എന്നിവയുടെ ചുമതല എം.ടി. രമേശിനുനല്‍കി.കുമ്മനത്തിന് ഏറ്റവും വിശ്വസ്തനായ വ്യക്തിയാണ് എം.ടി രമേശ്. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും രമേശിനാണ്. മെഡിക്കല്‍ കോഴ ആരോപണവും അതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തലും രമേശിനെ ലക്ഷ്യമിട്ടാണെന്നാണ് പാര്‍ട്ടിനേതൃത്വം കാണുന്നതെന്നതിന്റെ സൂചനകൂടിയാണിത്.

പാര്‍ട്ടി ആസ്ഥാനമുള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ചുമതലയുമുണ്ടായിരുന്ന കെ.സുരേന്ദ്രനെ വടക്കന്‍ മേഖലയിലേക്ക് മാറ്റി. കര്‍ഷക മോര്‍ച്ചയുടെ ചുമതലയാണ് സുരേന്ദ്രന് പുതുതായി നല്‍കിയത്. ജനരക്ഷായാത്രയ്ക്ക് മൂന്നുദിവസം മുമ്പാണ് പാര്‍ട്ടി ട്രഷറര്‍ പ്രതാപ ചന്ദ്രവര്‍മയെ മാറ്റി ശ്യാംകുമാറിനെ നിയമിച്ചത്. അടിയന്തരമായി ട്രഷററെ മാറ്റിയതെന്തിനെന്ന ചോദ്യമുയര്‍ന്നിട്ടുണ്ടെങ്കിലും നേതൃത്വം മറുപടി നല്‍കിയിട്ടില്ല.

സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി ഹരി എസ്. കര്‍ത്ത, ആര്‍. സന്ദീപ്, മോഹനചന്ദ്രന്‍ നായര്‍, ആനന്ദ് എസ്. നായര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേരും കുമ്മനത്തെ പിന്തുണയ്ക്കുന്നവരാണ്. ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ്. മഹിളാമോര്‍ച്ചയുടെ ചുമതല ശോഭാ സുരേന്ദ്രന് നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top