പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി 23ന് മുഖ്യമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും
വെച്ചൂച്ചിറ: പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതി 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രത്തിന് സമർപ്പിക്കും. ഇതോടൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
റാന്നി താലൂക്കിൽ നാറാണംമൂഴി – വെച്ചൂച്ചിറ പഞ്ചായത്തുകളിലായി പന്പാ നദിയിൽ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപമാണ് ചെറുകിട ജലവൈദ്യുത പദ്ധതി നിർമിച്ചിരിക്കുന്നത്. മൂന്ന് മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളാണ് ഉത്പാദനത്തിനായി സ്ഥാപിച്ചിട്ടുള്ളത്.
ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയും 25.77 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനവുമുള്ള പെരുന്തേനരുവി പവർസ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി റാന്നി 110 കെവി സബ് സ്റ്റേഷൻ, റാന്നി-പെരുനാട് 33 കെവി സബ് സ്റ്റേഷൻ മുഖേനയും പ്രസരണം ചെയ്യും.
കഴിഞ്ഞ മൂന്നുമാസം കൊണ്ട് പത്തു ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ 3.17 രൂപയാണ് ചെലവ്. തുടർച്ചയായി മഴ ലഭിച്ചതിനാൽ ദിവസേന ശരാശരി 1,40,000 യൂണിറ്റ് വൈദ്യുതി നിലവിൽ ഉത്പാദിപ്പിക്കാനാകുന്നുണ്ട്. 1,44,000 യൂണിറ്റാണ് ലക്ഷ്യം.
2011ലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 36 കോടി രൂപ സിവിൽ ജോലികൾക്കും 13 കോടി രൂപ ഇലക്ട്രിക്കൽ ജോലികൾക്കുമായി ചെലവഴിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിൽ ട്രയൽറണ്‍ നടത്തി. ഓഗസ്റ്റോടെ ഉത്പാദനം ആരംഭിച്ചു.
തടയണയിൽ സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഫോർബെ ടാങ്കിലെത്തിക്കും. 475 മീറ്റർ നീളമുള്ള കനാലും 22 മീറ്റർ വ്യാസമുള്ള ഫോർബെ ടാങ്കുമാണുള്ളത്. ടാങ്കിൽ നിന്ന് 12 മീറ്റർ നീളമുള്ള രണ്ട് പെൻ സ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളം പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി നാറാണംമൂഴി, വെച്ചൂച്ചിറ മേഖലകളിലേക്കായി പ്രാദേശികമായി വിതരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നിരവധി തൊഴിലവസരങ്ങളും മേഖലയുടെ സുസ്ഥിര വികസനവും പെരുന്തേനരുവി പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്.
ഇരുകരകളേയും ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന ഡാം ടോപ്പ് ബ്രിഡ്ജും 700 മീറ്ററോളം നീളമുള്ള അപ്രോച്ച് റോഡും കടത്തുവഞ്ചിയെ മാത്രം ആശ്രയിച്ചിരുന്ന നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ പ്രയോജനകരമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്