ദുരിതക്കയമായി | Back to Local News | ദുരിതക്കയമായി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ്
പത്തനംതിട്ട: നഗരസഭാ ബസ് സ്റ്റാൻഡ് യാർഡിന്റെ പുനർനിർമാണ ജോലികൾ വൈകുന്നു. യാർഡിന്റെ തുടങ്ങിവച്ച നിർമാണം മഴ കാരണം നിർത്തിവച്ചിരിക്കുകയാണ്.
സ്റ്റാൻഡിന്റെ മധ്യഭാഗത്തുള്ള യാർഡാണ് ആദ്യഘട്ടത്തിൽ ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ട നിർമാണവും തുടങ്ങിയിരുന്നു. ഇതിനായി ഒന്നര മീറ്റർ താഴ്ചയിൽ സ്റ്റാൻഡിന്റെ മധ്യഭാഗം ഇളക്കിയിരുന്നു. യാർഡ് ഉറിപ്പിക്കാനുള്ള കുഴി നിറയെ വെള്ളക്കെട്ടാണ്.
സ്റ്റാൻഡിന്റെ പ്രവേശന കവാടം ഉൾപ്പെടെയുള്ള ഭാഗം ചെളി നിറഞ്ഞു കിടക്കുന്നത് യാത്രക്കാരെ ഏറെയാണ് ബുദ്ധിമുട്ടിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പടെ നിരവവധി പേരാണ് സ്റ്റാൻഡിലൂടെ ദിനവും കടന്നുപോകുന്നത്.
ശബരിമല തീർഥാടനം മുൻനിർത്തി സ്റ്റാൻഡിൽ കെഎസ്ആർടിസി അനുവദിച്ചിരിക്കുന്ന ഭാഗത്തെ കുഴി നികത്തൽ അടക്കമുള്ള ജോലികൾക്ക് ഫണ്ട് അനുവദിക്കാമെന്ന് വീണ ജോർജ് എംഎൽഎ നഗരസഭയെ അറിയിച്ചിട്ടുണ്ട്.
എംഎൽഎയുടെ നിർദേശപ്രകാരം പണികൾക്ക് എസ്റ്റിമേറ്റെടുത്തിട്ടുണ്ട്. 2.25 ലക്ഷം രൂപ വിനിയോഗിച്ച് കുഴികൾ അടയ്ക്കാൻ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് അപര്യാപ്തമെന്നു കണ്ടാണ് എംഎൽഎയുടെ നേതൃത്വത്തിൽ കുഴി അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്നു ഫണ്ട് തേടിയത്.
ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും മഴക്കാലത്ത് ബുദ്ധിമുട്ടുകളേറെയാണ്. ചോർച്ചയും സ്റ്റാൻഡിനുള്ളിലെ വെളിച്ചക്കുറവുമെല്ലാം യാത്രക്കാരെ വലയ്ക്കുന്നു. പ്രവേശന കവാടത്തോടും സ്റ്റാൻഡിനുള്ളിലുമുള്ള ഓടകളുടെ മേൽമൂടികളിൽ ചിലത് പൊട്ടിയും തുറന്നുമിരിക്കുന്നതിനാൽ മൂക്ക് പൊത്തി നടക്കാനെ നിവൃത്തിയുള്ളു.
ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ കൊതുകുകൾ രോഗവാഹകരായി പരിസരങ്ങളിലുണ്ട്. ഹോട്ടലുകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്ന ഭാഗങ്ങളിൽ ശുചിത്വമില്ലായ്മ പ്രധാന പ്രശ്നമാണ്. തീർഥാടനകാലത്തെ തിരക്ക് ആരംഭിക്കുന്പോഴേക്കും ഇത്തരം പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നാണ് ആവശ്യം. കഴിഞ്ഞ ഏതാനും ദിവസം സ്റ്റാൻഡിനുള്ളിൽ വെദ്യുതിയും നിലച്ചിരുന്നു.
നഗരസഭയുടെ ചുമതലയിലുള്ള ബസ് സ്റ്റാൻഡാണെങ്കിലും അധികൃതരുടെ അവഗണന തുടരുകയാണ്.സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിനുള്ളിലേക്ക് പല ബസുകളും പ്രവേശിക്കാറില്ല. പ്രവേശിച്ചാൽ തന്നെ അധിക സമയം കിടക്കാറുമില്ല. ഇക്കാരണത്താൽ ദീർഘദൂര യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. സുരക്ഷാ സംവിധാനങ്ങളും സ്റ്റാൻഡിൽ കുറവാണ്.
സ്റ്റാൻഡിനുള്ളിൽ സുരക്ഷ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ശബരിമല തീർഥാടനത്തിന് മുന്പായി അടിസ്ഥാന സൗകര്യങ്ങൾ വിപുലപെടുത്തണമെന്നാണ് യാത്രക്കാരുടെയു വ്യാപാരികളുടെയും ആവശ്യം.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്