മൂന്നര മിനിറ്റ് നീളുന്ന ഈ ഡബ്സ്മാഷ് ചെയ്ത സുന്ദരിയുടെ പേര് ചാന്ദ്നി നായർ. ഒറ്റനോട്ടത്തിൽ അവൾക്ക് എന്തെങ്കിലും കുറവുണ്ടെന്ന് ആരും പറയില്ല. പക്ഷേ, യാഥാർത്ഥ്യം അങ്ങനെയല്ല. വീൽചെയറിന്റെ സഹായമില്ലാത ചലിക്കാൻ പോലും കഴിയില്ല ഈ മിടുക്കിക്ക്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്. പഠനത്തിലും കലയിലും കഴിവു തെളിയിച്ച് ജീവിതം ആഘോഷമാക്കുകയാണ് ഈ പെൺകുട്ടി.
ജനിച്ചത് കേരളത്തിൽ ആണെങ്കിലും മൂന്നു മാസം ആയപ്പോഴേക്കും കുടുംബം കോയമ്പത്തൂരിലേക്ക് താമസം മാറി. പഠിച്ചതും വളർന്നതും എല്ലാം അവിടെ തന്നെ. മകളുടെ വൈകല്യം തിരിച്ചറിഞ്ഞപ്പോൾ പതറിയില്ല മാതാപിതാക്കൾ. സാധാരണ കുട്ടികൾക്ക് നൽകുന്നതിനേക്കാൾ പരിഗണന നൽകി അവർ അവളെ വളർത്തി. പഠനത്തിനു പുറമേ സംഗീതത്തിലും ചാന്ദ്നി കഴിവു തെളിയിച്ചു. പാട്ടിൽ നാല് വർഷം സ്‌റ്റേറ്റ് വിന്നർ ആയിരുന്ന ചാന്ദ്നി വിജയ് ടീവി റിയാലിറ്റി ഷോയിലും പങ്കെടുത്തു.
എംബിബിഎസ് ലക്ഷ്യമിട്ടെങ്കിലും ചില പ്രശ്നങ്ങളിൽ തട്ടി അതു മുടങ്ങി. അപ്പോഴേക്കും മെഡിസിൻ ഫീൽഡ് അല്ലാതെ വേറെ ഒരു ബ്രാഞ്ചിലേക്കും പോവില്ല എന്ന് ചാന്ദിനി അപ്പോഴേക്കും ഉറപ്പിച്ചിരുന്നു. പലരും നിരുത്സാഹപ്പെടുത്തി. പക്ഷെ മാതാപിതാക്കൾ ചാന്ദിനിക്ക് ഒപ്പം ആയിരുന്നു. അവൾക്ക് വേണ്ടി കോയമ്പത്തൂർ വിട്ട് ബെംഗളുരുവിലേക്ക് മാറി. കോയമ്പത്തൂരിൽ വികലാംഗർക്ക് സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ വന്നപ്പോൾ ആ പ്രശ്നം ഇല്ല. അവിടെ ബി ഫാമിനു ചേർന്നു. ഇനി ഗവേഷണം നടത്തുകയാണ് ലക്ഷ്യം.
സഹതാപം ഒന്നും ഇഷ്ടപെടുന്ന ആളല്ല ചാന്ദിനി. കോയമ്പത്തൂരിൽ സഹതാപത്തോടെ നോക്കിയ കണ്ണുകൾ ബെംഗളുരുവിൽ ഉണ്ടായിരുന്നില്ല. ആർക്കും അതൊന്നും ഒരു പ്രശ്നമേ അല്ല. കോളേജിൽ മൂന്നാം വർഷം ആയപ്പോൾ ബാംഗ്ലൂർ ഡേയ്സിലെ സാറ ഉപയോഗിച്ച പോലത്തെ വീൽ ചെയർ വാങ്ങി. അതോടെ സഞ്ചാര സ്വാതന്ത്യവുമായി. ചെറുപ്പം മുതലേ അഭിനയം ഒരുപാട് ഇഷ്ടമാണ്. അങ്ങനെയാണ് ഡബ്സ്മാഷിലേക്ക് തിരിഞ്ഞത്. ഡബ്‌സ്മാഷ് ആപ്പിൽ 10 സെക്കന്റ് വീഡിയോ എടുത്തു സ്വയം കണ്ടു നിർവൃതി അടയൽ ആയിരുന്നു പ്രധാന ഹോബി.
ഗജിനിയിലെ അസിൻ , ഉർവശി, കാർത്തുമ്പി, ഓകെ കണ്മണി, ബാംഗ്ലൂർ ഡേയ്സ് സാറാ, ഷേപ്പ് ഓഫ് യു മാഷപ്പ് അങ്ങനെ പലതും ചെയ്തു. അവസാനം ദിലീപിന്റെ ഒരു പഴയ സ്‌റ്റേജ് ഷോ സെലക്ട് ചെയ്തു, ചതുർഭുജൻ എന്ന കഥാപാത്രമായി. സംഭവം വൈറൽ ആയി . രണ്ട് ദിവസം കൊണ്ട് 15 ലക്ഷം പേർ വിഡിയോ കണ്ടു. അതോടെ ഡബ്സ്മാഷിൽ താരമായി ചാന്ദ്്നി. കൂട്ടുകാർക്ക് ആവേശമാണ് ഈ മിടുക്കി. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ചാന്ദ്നിക്ക് കഴിയുമെന്ന് അവർക്ക് ഉറപ്പാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്