വീടുകളുടെ പുനര്നിര്മാണം മാര്ച്ചില് പൂര്ത്തിയാക്കും: കളക്ടര് അമിത് മീണ
നിലമ്പൂര്:ചാലിയാര് പഞ്ചായത്തിലെ പന്തീരായിരം ഉള്വനത്തിലുള്ള അമ്പുമല ആദിവാസി കോളനിയിലെ വീടുകളുടെ പുനര് നിര്മാണം മാര്ച്ച് 31നകം പൂര്ത്തിയാക്കുമെന്ന് കളക്ടര് അമിത് മീണ. കോളനി കമ്മ്യൂണിറ്റി സെന്ററില് നടന്ന വീടുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനംനിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലക്കയത്തു നിന്നു കോളനിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉടന് ആരംഭിക്കും. ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിനോടും വനം വകുപ്പിനോടും തുടര് നടപടികള് വേഗത്തിലാക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളനി നിവാസികളില് ആധാര് കാര്ഡ്, ആരോഗ്യ ഇന്ഷ്വറന്സ് കാര്ഡ് എന്നിവ ഇല്ലാത്തവര്ക്കായി കോളനിയില് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ജനന സര്ട്ടിഫിക്കറ്റ് നല്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ആദിവാസികള്ക്കു ബോധവത്കരണം നല്കുന്നതിനായി ക്ലാസും സംഘടിപ്പിക്കും. കോളനിയില് വിധവാ പെന്ഷന്, വികലാംഗ പെന്ഷന് എന്നിവ ലഭിക്കാത്തവര്ക്ക് അവ ലഭ്യമാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കാനും കളക്ടര് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി.
കൃഷി വകുപ്പിന്റെ സഹായത്തോടെ കോളനിക്കനുയോജ്യമായ കൃഷി നടത്തുന്നതിനു ആവശ്യമായ നടപടികള് സ്വീകരിക്കാനും കോളനിയിലേക്കു കുറുവന് പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പ് പാലം നന്നാക്കാനും നിര്ദേശം നല്കി. അമ്പുമലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബദല് സ്കൂള് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവുവര്ധിപ്പിക്കാനും കോളനിയില് എത്തിച്ചു നല്കാനും കളക്ടര് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. ചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന് അധ്യക്ഷത വഹിച്ചു.
സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് തോണിക്കടവന് ഷൗക്കത്ത്, വാര്ഡംഗം കൃഷ്ണന്കുട്ടി പാലക്കയം, പഞ്ചായത്ത് അംഗം പൂക്കോടന് നൗഷാദ്, നിലമ്പൂര് തഹസില്ദാര് പി.ടി ജയചന്ദ്രന്, നിലമ്പൂര് എസ്ഐ ബിനു തോമസ്, എടവണ്ണ റേഞ്ച് ഓഫീസര് അബ്ദുള് അസീസ്, ഐടിഡിപി പ്രോജക്ട് ഓഫീസര്എം. സബീര്,ഡെപ്യൂട്ടി റേഞ്ച് ഓഫീസര് പി.സുനില്, കോളനി മൂപ്പന് ചെമ്പന്, പി.കല്ല്യാണി തുടങ്ങിയവര് പ്രസംഗിച്ചു.
അതേസമയം വീട് നിര്മാണം തുടങ്ങി ഏഴു വര്ഷം പിന്നിട്ടിട്ടും പണിതീരാത്ത അവസ്ഥയിലാണ് അമ്പുമല ആദിവാസി കോളനിയിലെ 21 വീടുകള്. ഗ്രാമപഞ്ചായത്ത് ഭരണസമിതി താത്പര്യമെടുത്ത് ലൈഫ് പദ്ധതിയില് ഉള്പ്പെടുത്തി മുപ്പത്തി നാലര ലക്ഷം രൂപ അനുവദിച്ചതോടെയാണ് പുനര്നിര്മാണ ആരംഭിച്ചിരിക്കുന്നത്. കേരള പിറവിദിനത്തില് പാലക്കയത്തു നിന്നു വനപാതയിലൂടെ
ജീപ്പിലാണ് ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കളക്ടര് കോളനിയിലെത്തിയത്. ഇക്കുറി വീട് നിര്മാണം പൂര്ത്തിയാകുമെന്നു കളക്ടര് ഉറപ്പുനല്കിയതോടെ ഏപ്രില് മാസത്തോടെ പുതിയ വീട്ടിലേക്കുകയറാമെന്ന പ്രതീക്ഷയിലാണ് ഏഴു വര്ഷത്തോളമായി ഷെഡുകളിലും മറ്റും അന്തിയുറങ്ങുന്ന ആദിവാസി കുടുംബങ്ങള്.
പ്രാഥമികാവശ്യങ്ങള്ക്കും മറ്റും വീടുകള്ക്കു സമീപത്തെ വനമേഖലയാണ് നിലവില് ആശ്രയിക്കുന്നത്. പുനര്നിര്മ്മാണ പദ്ധതിയില് ടോയ്ലറ്റുകള് കൂടി ഉള്പ്പെടുത്തിയതു ഇവര്ക്ക് ആശ്വസമാകും.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്