ജിഎസ്ടി മാന്ദ്യത്തിൽ കുരുങ്ങാതെ നിലമ്പൂര്‍ തേക്ക്
നിലമ്പൂര്‍: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ സാന്പത്തിക രംഗത്തുണ്ടായ മാന്ദ്യം നിലമ്പൂര്‍ തേക്കുകളുടെ വ്യാപാരത്തെ ബാധിച്ചില്ല. വില ഉയരുന്പോഴും നിലമ്പൂർ തേക്കിനു ആവശ്യക്കാരേറുകയാ ണെ ന്ന് കണക്കുകൾ പറയുന്നു.
വനംവകുപ്പിനു കീഴിൽ മലപ്പുറത്തുള്ള അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിലും നെടുങ്കയം സെയില്‍സ് ഡിപ്പോയിലും മാത്രമാണ് സംസ്ഥാനത്ത് തേക്ക് തടികളുടെ ലേലം നടക്കുന്നത്. ഓൺലൈനിലാണ് ലേലം. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും നിലമ്പൂര്‍ തേക്കിന്റെ ലേലത്തില്‍ സജീവമാണ്.
കഴിഞ്ഞ ലേലത്തില്‍ ബി ഒന്ന് ഇനത്തില്‍പ്പെട്ട തേക്ക് തടിക്ക് ഘനമീറ്ററിന് രണ്ടര ലക്ഷം രൂപയാണ് ലഭിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 26 ശതമാനം നികുതിയും ഇതിന് പുറമെ വരും. സി വണ്‍, സി രണ്ട് ഇനത്തില്‍പ്പെട്ടവയ്ക്ക് ഘനമീറ്ററിന് ഒന്നര ലക്ഷത്തിന് മുകളിലാണ് വില ലഭിക്കുന്നത്. മാസത്തില്‍ ഒരു തവണ നടന്നിരുന്ന തേക്ക് ലേലം ഇ-ടെന്‍ഡര്‍ സംവിധാനമായതോടെ എട്ട് തവണയായി.
21 ന് അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിൽ കാനകുത്ത് പ്ലാന്റേഷനിലെ തേക്ക് തടികളാണ് ലേലം ചെയ്യുക. 1944ൽ ബ്രിട്ടീഷ് ഭരണകാലത്ത് പ്ലാന്റ് ചെയ്ത തോട്ടമാണിത്. അതുകൊണ്ട് തന്നെ ലേലത്തില്‍ കൂടുതല്‍ പേര് പങ്കെടുക്കുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. നെടുങ്കയം ഡിപ്പോയില്‍ കരുളായി റേഞ്ചിലെ 1960, 1961,1962 പ്ലാന്റേഷനിലെ തേക്ക് തടികളാണ് ലേലത്തിനുണ്ടാകുക.
പത്ത് വര്‍ഷത്തിനിടെ ഏഴ് ഇരട്ടിവരെയാണ് നിലമ്പൂര്‍ തേക്ക് തടികളുടെ വില വര്‍ധിച്ചത്. പാലക്കാട് ടിമ്പര്‍ സെയില്‍സ് ഡിവിഷനു കീഴിലാണ് നിലമ്പൂരിലെ തടി ഡിപ്പോകള്‍ പ്രവര്‍ത്തിക്കുന്നത്. ജിഎസ്ടി തേക്ക് തടികളുടെ വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്നും തടികളുടെ ഗുണമേന്മ കുറയുമ്പോള്‍ മാത്രമാണ് വിലയില്‍ കുറവ് വരുന്നതെന്നും പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ടിമ്പര്‍ സെയില്‍സ്) സി.പി.ഷാജി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്