വാനിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: നാട്ടുകാർക്കെതിരേ ഭീഷണിയുമായി പ്രതി
കടുത്തുരുത്തി: ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന കാപ്പുന്തല നീരാളത്തിൽ തോമാച്ചനെ (50) മാരുതി വാനിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവെടുപ്പിനു കാപ്പുന്തല തോട്ടക്കുറ്റിയിലെത്തിച്ച പ്രതി വിളയംകോട് പാലക്കുന്നേൽ സജി (52) അയൽവാസികളിൽ ചിലർക്കെതിരേ വീണ്ടും വധഭീഷണി മുഴക്കി. കടുത്തുരുത്തി സിഐ കെ.പി. തോസണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ഇവരുടെ കേൾക്കെയാണ് യാതൊരു കൂസലുമില്ലാതെ സജി വീണ്ടും ഭീഷണി മുഴക്കിയത്.
താൻ തിരിച്ചു വരുമെന്നും നീയൊന്നും രക്ഷപ്പെട്ടെന്നു കരുതേണ്ടെന്നും പ്രതി പറഞ്ഞു. ചിലരുടെ പേര് എടുത്തുപറഞ്ഞും സജി ഭീഷണി മുഴക്കി. പോലീസ് ജീപ്പിനകത്തുവച്ചും ഇയാൾ ഭീഷണി തുടർന്നു. ഇതിനിടെ കാമറയുമായെത്തിയ ചാനൽ പ്രവർത്തകരോടും തന്റെ ഭാര്യയും മക്കളും മരിക്കാൻ കാരണം ചിലരാണെന്നും ഇവരെ താൻ വെറുതെ വിടില്ലെന്നുമുള്ള ഭീഷണി ഇയാൾ ആവർത്തിച്ചു. 12 വർഷം മുന്പു പ്രതിയുടെ ഭാര്യയും മൂന്ന് മക്കളും കുളത്തിൽ ചാടി ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിന് കാരണക്കാർ അയൽവാസികളിൽ ചിലരാണെന്നാണ് സജിയുടെ സംശയമെന്നു പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അക്കാലത്ത് തന്നെ അന്വേഷണം നടത്തിയിരുന്നതായും ഇതിൽ യാതൊരു സത്യവുമില്ലെന്നു തെളിഞ്ഞിരുന്നതായും പോലീസ് പറയുന്നു. എന്നാൽ പ്രതി വീണ്ടും ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിനാൽ ഇതേക്കുറിച്ചു വീണ്ടും അന്വേഷിക്കുമെന്നു സിഐ കെ.പി. തോംസണ് പറഞ്ഞു.
അതേസമയം അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് പേരേ കൊലപ്പെടുത്താൻ ശ്രമിക്കുകയും മറ്റു ചിലർക്കെതിരേ വധഭീഷണി മുഴക്കുകയും ചെയ്ത പ്രതിയെ പിടികൂടാൻ കഴിയാതെ വന്നതോടെ പോലീസും നാട്ടുകാരും ആശങ്കയിലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതോടെ ഏല്ലാവർക്കും ആശ്വാസമായിരിക്കുകയാണ്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്